Join Whatsapp Group. Join now!

Government Notifications | സ്ഥാപനം നടത്താൻ ടെന്‍ഡര്‍ ക്ഷണിച്ചു, അധ്യാപക ഒഴിവ്, ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുകേഷന്‍ അപേക്ഷ ക്ഷണിച്ചു, സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ആഗസ്ത് ഒന്നിന് കലക്ടറേറ്റില്‍; സര്‍കാര്‍ അറിയിപ്പുകള്‍ അറിയാം

Government Notifications - 31 July 2022 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.

  


          


അധ്യാപക ഒഴിവ്

ഡയറ്റ് ലാബ് യുപി സ്‌കൂള്‍ മായിപ്പാടിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യുപിഎസ്ടി കന്നഡ ടീച്ചറുടെ ഒഴിവ്. അഭിമുഖം ആഗസ്ത് 4 വ്യാഴാഴ്ച്ച രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04994 240323.


കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ബാലാവകാശ കമീഷന്‍; മൂന്ന് മാസത്തെ ഇടവേളകളില്‍ പോക്‌സോ കേസുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരും

പോക്‌സോ കേസുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം മൂന്നുമാസത്തെ ഇടവേളകളില്‍ ചേരുമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം അഡ്വ. പി പി ശ്യാമളാ ദേവി പറഞ്ഞു. 2021ല്‍ ജില്ലയില്‍ റിപോര്‍ട് ചെയ്തത് 128 പോക്‌സോ കേസുകളാണെന്നും എന്നാല്‍ കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും എല്ലാ കേസുകളും റിപോര്‍ട് ചെയ്യപ്പെടണമെന്നും കമീഷന്‍ അംഗം പറഞ്ഞു. വിദ്യാലയങ്ങളിലെ ഓരോ ക്ലാസ് ടീചര്‍മാരും കൗണ്‍സിലര്‍മാരായി വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കണം. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊലീസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ബാലാവകാശ കമീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകള്‍, എംആര്‍എസുകള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ബോധവത്ക്കരണം നല്‍കും. മയക്ക് മരുന്നുകള്‍ നല്‍കി കുട്ടികളെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എക്‌സൈസ് വകുപ്പുമായി ചേര്‍ന്ന് ഇതിനെതിരെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ബാലാവകാശ കമീഷന്‍ അംഗം പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ നിക്ഷേപിക്കാന്‍ സ്വകാര്യത ലഭിക്കുന്ന ഇടങ്ങളിലേക്ക് പരാതിപ്പെട്ടികള്‍ മാറ്റി സ്ഥാപിക്കാന്‍ ശ്രമിക്കണം. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും പൊതു സമൂഹവും അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍.

യോഗത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ചെയര്‍ പേഴ്‌സന്‍ ബി മോഹന്‍ കുമാര്‍, പബ്ലിക് പ്രോസിക്യൂടര്‍ പ്രകാശ് അമ്മന്നയ, ഡിവൈഎസ്പി ഡിസിആര്‍ബി സിഎ അബ്ദുര്‍ റഹ്‌മാന്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജസ്‌ന പി മാത്യു, മഹിള സമഖ്യ സൊസൈറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ പി ആസീറ, ജില്ലാ മെഡികല്‍ ഓഫീസറുടെ പ്രതിനിധി ജൈനമ്മ തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജില്ലാ പട്ടിക ജാതി വികസന വകുപ്പ് ഓഫീസറുടെ പ്രതിനിധി പി ബി ബശീര്‍, ജില്ലാ പട്ടിക വര്‍ഗ വികസന വകുപ്പ് ഓഫീസര്‍ എം മല്ലിക, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു എന്നിവര്‍ റിപോര്‍ട് അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു സ്വാഗതവും ഡിസിപിയു പ്രൊടക്ഷന്‍ ഓഫീസര്‍ ഏ ജി ഫൈസല്‍ നന്ദിയും പറഞ്ഞു.


സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ സാധ്യമാക്കുന്നത് രാഷ്ട്ര പിതാവിന്റെ ഗ്രാമ സ്വരാജ് എന്ന സ്വപ്നം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

രാജ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണം 'ഗ്രാമ സ്വരാജ്' മഹാത്മാ ഗന്ധിയുടെ സ്വപ്നമാണ്. ഗ്രാമ സ്വരാജ് സാധ്യമാകണമെങ്കില്‍ ഓരോ വീടും വൈദ്യുതീകരിക്കണം. അങ്ങനെ സമ്പൂര്‍ണ വൈദ്യുതികരണം സാധ്യമാക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് റൂറല്‍ ഇലക്ട്രിഫികേഷന്‍ കോ-ഓപറേഷന്‍ ലിമിറ്റഡ് കംപനിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാഞ്ഞങ്ങാട് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബിജിലി മഹോത്സവ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

Government Notifications - 31 July 2022, Teacher, vacancy, Independence day, Collectorate, Diploma, Development, Government.


കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റ് ഊര്‍ജമേഖലാ സ്ഥാപനങ്ങളും വൈദ്യുതി ബോഡും അടക്കമുള്ള സ്ഥാപനങ്ങളും ഏകീകൃത മനോഭാവത്തോട് കൂടി സമന്വയത്തോടെയും സമഭാവനയോട് കൂടിയും ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നു. നൂറ് വര്‍ഷം ആകുമ്പോള്‍ നമ്മുടെ രാജ്യം എങ്ങനെയാകുമെന്ന ഭാവന നമ്മുക്ക് ഉണ്ടായിരിക്കണം. കേന്ദ്ര ഗവണ്‍മെന്റ് ജീവിതത്തിന്റെ സമസ്ത മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് ആസാദി കാ അമൃത് മഹോത്സവം നടത്തുകയാണ്. ഐതിഹാസികമായ സാഹചര്യത്തിലൂടെ നേടിയെടുത്തതാണ് സ്വതന്ത്ര്യം. എവിടെ നിന്ന് ആരംഭിച്ച് നമ്മള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ആത്മ പരിശോധന നടത്തേണ്ട സന്ദര്‍ഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. ഇന്‍ഡ്യയുടെ എഴുപത്തിയഞ്ചാം സ്വതന്ത്ര വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @2047 വൈദ്യുതി മഹോത്സം നടന്നത്.

കേന്ദ്രസംസ്ഥാന സര്‍കാര്‍ ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും, പൊതുജന പങ്കാളിത്തം കൂടുതലായി ഉറപ്പുവരുത്തുന്നതിനാണ് പരിപാടി നടത്തുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ കെ ബിപിന്‍ റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍, കാഞ്ഞങ്ങാട്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, കാഞ്ഞങ്ങാട് എക്‌സിക്യൂടിവ് എന്‍ജിനീയര്‍ ടി പി ആശ, കാസര്‍കോട് എക്‌സിക്യൂടിവ് എന്‍ജിനീയര്‍ നാഗരാജ ഭട്ട്, പി വി മായ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ സ്വാഗതവും കെഎസ്ഇബി കാസര്‍കോട് ഇലക്ട്രികല്‍ സര്‍കിള്‍ ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ ടി പി ഹൈദരാലി നന്ദിയും പറഞ്ഞു. ഗുണഭോക്താള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, ഉപഭോക്തൃ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ പ്രദര്‍ശനം നടന്നു. ലഘു നാടകങ്ങള്‍ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.


എച്‌ഐവി പ്രതിരോധ സന്ദേശം കലയിലൂടെ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍; ജില്ലാതല ടാലന്റ് ഷോ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നടന്നു

എച്‌ഐവി പ്രതിരോധ സന്ദേശം കലയിലൂടെ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍. പാട്ട്, നൃത്തം, പ്രസംഗം, ഏകാഭിനയം തുടങ്ങിയ കലകളിലൂടെ എച്‌ഐവി പ്രതിരോധ സന്ദേശം യുവ തലമുറയില്‍ എത്തിച്ചത്.

2025-ല്‍ സംസ്ഥാനത്ത് പുതിയ എച്‌ഐവി ബാധിതരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി 'ഒഎസ്ഒഎം' ജില്ലാതല ടാലന്റ് ഷോ നടത്തിയത്. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപല്‍ ഡോ. കെ വി മുരളി അധ്യക്ഷനായി. ജില്ലാ മെഡികല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി.

പുതിയ എച്‌ഐവി അണുബാധകളില്ലാത്ത 2025 എന്ന ദൗത്യം 2021 ലോക എയ്ഡ്‌സ് ദിനത്തില്‍ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രഖ്യാപിച്ചിരുന്നു. യുവാക്കള്‍ക്കിടയില്‍ എച്‌ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്‌ഐവി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം.

ജില്ലയിലെ ഐടിഐ, പോളിടെക്‌നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളജ് എന്നിവയില്‍ നിന്നായി നിരവധി വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ശോഭ, ജില്ലാ എഡ്യൂകേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്വീഫ് മഠത്തില്‍, എന്‍വൈകെ പ്രൊജക്ട് മനേജര്‍ ശ്രീജിത്ത്, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റ് പ്രോഗാം ഓഫീസര്‍ വിജയകുമാര്‍, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റ് പ്രോഗാം ഓഫീസര്‍ ഡോ. കെ വി വിനേഷ് കുമാര്‍, കണ്ണൂര്‍ സര്‍വ്വകലാശാല ജനറല്‍ സെക്രടറി എ അശ്വതി, കോളജ് യൂനിയന്‍ ചെയര്‍മാന്‍ പി അനന്തു എന്നിവര്‍ സംസാരിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ആന്‍ഡ് ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി പി ആമിന സ്വാഗതവും ഡെപ്യൂടി ഡിസ്ട്രിക്ട് എഡ്യൂകേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന നന്ദിയും പറഞ്ഞു.

ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നായി 24 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. വൈഷ്ണവി വി, (ഗവ. കോളജ് കാസര്‍കോട്) അനുപമ ടി പി, (ഗവ. കോളജ് കാസര്‍കോട്), ബ്ലസി ബിജു (സിമറ്റ് കോളജ് ഉദുമ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അന്താരാഷ്ട്ര യുവജന ദിനത്തില്‍ നടക്കുന്ന മെഗാ ഇവന്റില്‍, ടാലന്റ് ഷോയുടെ അന്തിമ വിജയികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കും.


ക്വടേഷന്‍ ക്ഷണിച്ചു

മംഗല്‍പാടി ഗ്രാമ പഞ്ചായത് ബേക്കൂരില്‍ സ്ഥിതി ചെയ്യുന്ന പഴയ എഫ്ഡബ്ല്യുസി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വടേഷന്‍ ക്ഷണിച്ചു. ക്വടേഷന്‍ ലഭിക്കേണ്ട അവസാന തിയതി ആഗസ്ത് 9ന് ഉച്ചയ്ക്ക് 3നകം. അന്നേ ദിവസം വൈകിട്ട് 4ന് ക്വടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04998 240221.


സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ആഗസ്ത് ഒന്നിന് കലക്ടറേറ്റില്‍

കാസര്‍കോട് ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് കലക്ടറേറ്റില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് ഭരിക്കുന്ന സര്‍കാരുകളുടെ ഉദാത്തമായ കടമയും ഉത്തരവാദിത്തവുമാണെന്നും എംപി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ബിജിലി മഹോത്സവ് കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ക്ക്് ഗവണ്‍മെന്റുകള്‍ നല്‍കുന്ന കാര്യങ്ങള്‍ അവരിലേക്ക് എത്തുന്നുണ്ടോ എന്നറിയാനും അവരിലേക്ക് എത്തിക്കാനും അവര്‍ക്ക് അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത്തരം മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്ത് ഗവണ്‍മെന്റുകള്‍ മാറി വരും. എന്നാല്‍ ഏതു ഗവണ്‍മെന്റ് ഭരിച്ചാലും വികസന പദ്ധതി തുടര്‍ന്നു കൊണ്ടിരിക്കും. വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഭാരതം സാമ്പത്തിക സ്വാതന്ത്യം കൈവരിക്കണമെങ്കില്‍ നാഗരിക ജനങ്ങളുടെ ജീവിതനിലവാരത്തോടൊപ്പം ഗ്രാമീണ ജനതയുടെ ജീവിത നിലവാരവും ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കണം. മഹാത്മാഗാന്ധിയുടെ ഇന്‍ഡ്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്‍ഡ്യയുടെ ഗ്രാമങ്ങള്‍ മുഴുവന്‍ വൈദ്യുതികരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് സാധിച്ചിട്ടുള്ളത്. മാത്രമല്ല ഗ്രാമീണ ജനതയുടെ വീടുകളില്‍ വൈദ്യുതി എത്തിക്കാനും നമ്മുടെ സര്‍കാരുകള്‍ക്ക് സാധിച്ചു. ഇന്ന് നാമോരുത്തരും വൈദ്യുതി ഉപഭോക്താക്കള്‍ മാത്രമല്ല മറിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്കുശേഷം ബാക്കി വൈദ്യുതി സോളാറായും മറ്റും വില്‍ക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് വന്നിരിക്കുന്നു. ഇത് ഒരു തുടര്‍ച്ചയാണ്. ഈ തുടര്‍ച്ച ഇന്‍ഡ്യ എന്ന രാജ്യം നിലനില്‍ക്കുന്നത് വരെ തുടരണം. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്‍ഡ്യയെ മാറ്റിയെടുക്കണം. അത് കാലാകാലങ്ങളില്‍ ഭരിക്കുന്ന സര്‍കാരുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യയുടെ എഴുപത്തിയഞ്ചാം സ്വതന്ത്ര വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @2047 വൈദ്യുതി മഹോത്സം നടന്നത്. കേന്ദ്രസംസ്ഥാന സര്‍കാര്‍ ഉര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും, പൊതുജന പങ്കാളിത്തം കൂടുതലായി ഉറപ്പുവരുത്തുന്നതിനാണ് പരിപാടി നടത്തുന്നത്. എന്‍ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായിരുന്നു. എ കെ എം അശ്റഫ് എംഎല്‍എ, സിഎച് കുഞ്ഞമ്പു എംഎല്‍എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ കെ ബിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും കെഎസ്ഇബി കാസര്‍കോട് ഇലക്ട്രികല്‍ സര്‍കിള്‍ ഡെപ്യൂടി ചീഫ് എന്‍ജിനിയര്‍ ടി പി ഹൈദരാലി നന്ദിയും പറഞ്ഞു.

സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, ഉപഭോക്ത അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ പ്രദര്‍ശനം നടന്നു. ഗുണഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കലും യക്ഷഗാനാവതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.


കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയര്‍ സാന്ത്വന പരിചരണ പരിശീലനം തുടങ്ങി

കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്റെ സാന്ത്വന പരിചരണ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സാന്ത്വനം ആവശ്യമുള്ള രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് ഓരോ വാര്‍ഡുകളിലും ആളുകളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് പരിശീലനം നടത്തുന്നത്.

Government Notifications - 31 July 2022, Teacher, vacancy, Independence day, Collectorate, Diploma, Development, Government.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ കെ സരസ്വതി അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ കെ ലത, കൗണ്‍സിലര്‍മാരായ എം ലക്ഷ്മി, കെ സുശീല, വി വി ശോഭ എന്നിവര്‍ സംസാരിച്ചു. ഷിജി മനോജ് ക്ലാസെടുത്തു. നഗരസഭാ പാലിയേറ്റീവ് നേഴ്‌സ് ദീപ്തി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.


ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുകേഷന്‍ അപേക്ഷ ക്ഷണിച്ചു

2022-24 അധ്യയന വര്‍ഷത്തേക്ക് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുകേഷന്‍ കോഴ്‌സിന് ഗവണ്‍മെന്റ് / എയ്ഡഡ് / സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെകന്‍ഡറി പരീക്ഷ അല്ലെങ്കില്‍ തത്തുല്യമായി സംസ്ഥാന സര്‍കാര്‍ അംഗീകരിച്ചിട്ടുള്ള പരീക്ഷ, സംസ്ഥാനത്തെ ഏതെങ്കിലും യൂനിവേഴ്‌സിറ്റി നടത്തുന്ന പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ച പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ലഭിക്കുന്ന വെബ്‌സൈറ്റ് www(dot)education(dot)kerala(dot)gov(dot)in. അപേക്ഷ ആഗസ്ത് 16നകം വിദ്യാഭ്യാസ ഉപഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ (പിഒ), കാസര്‍കോട് - 671123 എന്ന വിലാസത്തില്‍ നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04994 255033.


ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അധീനതിയിലുള്ള കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയര്‍, ബേക്കല്‍കോട്ട ബസ് വെയിറ്റിംഗ് ഷെല്‍റ്റര്‍ കം ഫെസിലിറ്റേഷന്‍ സെന്ററുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ നടത്താന്‍ അംഗീകൃത സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ ഫോറം ലഭിക്കുന്ന അവസാന തീയ്യതി ആഗസ്ത് 19. ഫോറം ഡിടിപിസി ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 20ന് ഉച്ചയ്ക്ക് 2ന്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04994 256450, 9746462679.

Keywords: Government Notifications - 31 July 2022, Teacher, vacancy, Independence day, Collectorate, Diploma, Development, Government.
< !- START disable copy paste -->

Post a Comment