● ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് നടപടി
പെർവാഡ്: (MyKasargodVartha) മൊഗ്രാൽ നാങ്കി കടപ്പുറം പ്രദേശത്തെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ നടപടി തുടങ്ങി. പെർവാഡ് കടപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിച്ചാണ് വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ ശ്രമം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ കുറെ വർഷങ്ങളായി വോൾട്ടേജ് ക്ഷാമം മൂലം നാങ്കി കടപ്പുറം പ്രദേശവാസികൾ ഇരുട്ടിലായിരുന്നു. വോൾട്ടേജ് കുറവ് കാരണം വീടുകളിലെ കുടിവെള്ള മോട്ടോറുകൾ പ്രവർത്തിക്കാനാകാതെയും ഫാനുകൾ ചലിപ്പിക്കാനാകാതെയും ജനങ്ങൾ വലഞ്ഞു. മിന്നാമിനുങ്ങു പോലെ പ്രവർത്തിക്കുന്ന വിളക്കുകളുമായി ദുരിതത്തിലായിരുന്നു പ്രദേശവാസികൾ.
ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും മുൻ പഞ്ചായത്ത് അംഗം കൗലത്ത് ബീവിയും, നിലവിലെ അംഗം ആയിഷ അബ്ദുൽ റിയാസും നിരന്തരമായി കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെടുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. നീണ്ട വർഷങ്ങൾക്കുശേഷമാണ് അധികൃതർ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
നാങ്കി കടപ്പുറത്തെ സ്വകാര്യ മേഖലയിലെ റിസോർട്ടുകളും ചെമ്മീൻ വളർത്തൽ കൃഷിയുമൊക്കെ വന്നതോടുകൂടിയാണ് പ്രദേശത്ത് വൈദ്യുതിക്ഷാമത്തിന് കാരണമായതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി നാങ്കി കടപ്പുറത്ത് പുതുതായി ട്രാൻസ്ഫോർമർ സ്ഥാപിക്കുകയോ, പെർവാഡ് കടപ്പുറത്തുള്ള ട്രാൻസ്ഫോർമറിന്റെ ശേഷി വർധിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം.
ഉപഭോക്താക്കളുടെ വർധനവിനനുസരിച്ച് ട്രാൻസ്ഫോർമറകളുടെ ശേഷി വർധിപ്പിക്കുന്നില്ലെന്ന ആക്ഷേപവും ഉപഭോക്താക്കൾക്കുണ്ടായിരുന്നു. വൈകിയാണെങ്കിലും നിലവിലെ ട്രാൻസ്ഫോർമറിന്റെ ശേഷികൂട്ടി സ്ഥാപിച്ചത് പ്രദേശവാസികൾക്ക് താൽക്കാലികാശ്വാസമായിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
Article Summary: KSEB initiates steps to upgrade transformer capacity in Pervad to solve Mogral voltage shortage.
Keywords: Mogral News, Kasaragod News, Pervad News, KSEB News, Electricity Issues, Voltage Shortage, Infrastructure Development, Kerala News
#Mogral #Kasaragod #KSEB #Electricity #Pervad #Development
