കുമ്പളയിലെ അടിസ്ഥാന വികസനത്തിലെ പോരായ്മകളാണ് സംവാദത്തിൽ പങ്കെടുത്ത എല്ലാവരും തുറന്നുകാട്ടിയത്. കുമ്പള ടൗണിലെ ആധുനികരീതിയിലുള്ള ബസ് സ്റ്റാൻഡ് ഷോപിംഗ് കോംപ്ലക്സ്, ശൗചാലയാ നിർമാണം പതിറ്റാണ്ടുകളായി മുടങ്ങി കിടക്കുന്നു. കുമ്പള ഗ്രാമ പഞ്ചായത്തിന് വലിയൊരു വരുമാന സാധ്യതയുള്ള പദ്ധതി കൂടിയാണിതെന്ന് ചർചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
മീൻ മാർകെറ്റ് ആധുനിക സംവിധാനത്തോടുകൂടി പുതുക്കിപ്പണിയേണ്ടതിന്റെ ആവശ്യകതയും സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇപ്പോൾ മീൻ വിൽപന നടക്കുന്നത് റോഡിലും, വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലുമാണ്. ഇത് പലപ്പോഴും സംഘർഷത്തിന് വഴിവെക്കുന്നുവെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് കുമ്പള പഞ്ചായത്ത്. അനന്തപുരം ക്ഷേത്രം, ആരിക്കാടി കോട്ട, കുമ്പള -മൊഗ്രാൽ പുഴയോരം, മൊഗ്രാൽ കടലോര പ്രദേശം, കിദൂർ പക്ഷിസങ്കേത കേന്ദ്രം തുടങ്ങിയ പ്രദേശങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കാനായാൽ അത് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങുമെന്ന് ചർചയിൽ ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളിലൊക്കെ നൂറുകണക്കിന് സന്ദർശകരാണ് ദിവസേന എത്തുന്നത്. അനന്തപുരം, കിദൂർ പ്രദേശങ്ങളിലെ ടൂറിസം പദ്ധതികൾ പാതിവഴിയിലുമാണ്.
പരമ്പരാഗത മീൻ പിടുത്ത തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആരിക്കാടി- കുമ്പള- മൊഗ്രാൽ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ഉണ്ടാക്കുന്ന ദുരിതം ഗൗരവമേറിയതാണ്. ഇവിടങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് ശാസ്ത്രീയമായ രീതിയിലുള്ള കടൽ ഭിത്തികൾ നിർമിക്കേണ്ടതിന്റെ ആവശ്യകത ചർചയിൽ ഉയർന്നുവന്നു. തൊഴിലാളികളുടെ ക്ഷേമത്തിന് ഉതകുന്ന പുലിമുട്ട് പോലുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു
കുമ്പളയിലെ ആരോഗ്യ രംഗത്തെ അവഗണനയും സംവാദത്തിൽ അക്കമിട്ടു നിരത്തി. കുമ്പളയിലെ പ്രധാന സർകാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ സി എച് സിയിൽ അടിസ്ഥാനവികസനം ഒരുക്കേണ്ടതുണ്ട്. നിർധനരായ രോഗികളും, തൊഴിലാളികളുമാണ് ഈ ആശുപത്രിയെ ഏറെയും ആശ്രയിക്കുന്നത്. ക്യാൻസർ, വൃക്ക രോഗികൾ ഏറെയുള്ള പ്രദേശമാണ് കുമ്പള ഗ്രാമപഞ്ചായത്ത്. അതുകൊണ്ട് തന്നെ സി എച്സി യിൽ ഡയാലിസിസ് സംവിധാനം ഒരുക്കേണ്ടതുണ്ട്. പുതിയ കെട്ടിടവും അനിവാര്യമാണ്. കിടത്തി ചികിത്സ, പ്രസവ ചികിത്സ എന്നിവയും ലഭ്യമാക്കേണ്ടതുണ്ട്.
ഫുട്ബോളിന് ഏറെ പ്രാധാന്യം നൽകുന്ന പ്രദേശങ്ങളാണ് കുമ്പള പഞ്ചായത്തുകളിലേറേയും. കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിലെ സ്കൂൾ ഗ്രൗൻഡുകൾ മിനിസ്റ്റേഡിയമാക്കി ഉയർത്താൻ നടപടി വേണം.
മാലിന്യമാണ് കുമ്പളയെ അലട്ടുന്ന മറ്റൊരു വലിയ ആരോഗ്യപ്രശ്നം. മാലിന്യങ്ങൾ പൊതുനിരത്തുകളിലും, ദേശീയ പാതയോരങ്ങളിലും, റോഡ് വക്കിലും വലിച്ചെറിയുന്ന സാഹചര്യമാണ് കുമ്പളയിൽ ഉള്ളത്. ഇതിന് പരിഹാരമെന്നോണം ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കേണ്ടതുണ്ട്. ഈ പദ്ധതിയും പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരണസമിതിയുടെ മുമ്പിലുണ്ട്.
മൊഗ്രാലിലെ ഇശൽ പൈതൃകം സംരക്ഷിക്കാൻ സർകാർ കൊണ്ടുവന്ന മൊഗ്രാൽ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം മൊഗ്രാലിൽ നിന്ന് മാറ്റിയതും ചർചയായി. നിരവധി മാപ്പിള കവികളും കൃതികൾക്കും രൂപം നൽകിയ മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ പഠനകേന്ദ്രം പുനസ്ഥാപിക്കാൻ ആവശ്യമായ നടപടി വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഏകെർ കണക്കിന് സ്ഥല സൗകര്യമുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം വേണമെന്നും, സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയും, അടിസ്ഥാന വികസനവും, റിസർവേഷൻ സൗകര്യമില്ലായ്മയും സംവാദത്തിൽ പങ്കെടുത്തവർ ഉയർത്തിക്കാട്ടി. മൊഗ്രാലിൽ പകുതി വഴിയിൽ ഉപേക്ഷിച്ച സർകാർ പദ്ധതിയായ കയർ ഡിഫൈബറിങ് യൂനിറ്റ് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും, പദ്ധതി യാഥാർഥ്യമായാൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് പരിധിയിലുള്ള നിരവധി കുടിവെള്ള പദ്ധതികൾ പതിറ്റാണ്ടുകളായി പാതിവഴിയിൽ ഉപേക്ഷിച്ച് അവസ്ഥയിലാണ്. മൊഗ്രാൽ കാടിയം കുളം പോലുള്ള ജലസ്രോതസുകളുള്ള പദ്ധതികളാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. മൊഗ്രാലിൽ തന്നെ ഇത്തരത്തിൽ നാലോളം കുടിവെള്ള പദ്ധതികൾ പൂർത്തിയാകാതെ കിടക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണം എസ് സി കോളനികളിലെ പദ്ധതിയുമാണ്. ഈ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞാൽ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആരിക്കാടി, കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിൽ റെയിൽവേ അശാസ്ത്രീയമായി നിർമിച്ച അടിപ്പാതകൾ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പഞ്ചായത്ത് കോൻഫറൻസ് ഹാളിൽ നടന്ന സംവാദത്തിൽ പ്രസിഡണ്ട് ത്വാഹിറ യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാരായ പ്രേമലത, പ്രേമാവതി, കൊഗ്ഗു, പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ സംബന്ധിച്ചു. അപർണ അശോക്, സുഹൈൽ വി എ, വൈശാഖ് പി, വൈഷ്ണവി കെ, ശ്രീജി എം എ, അക്ഷയ് എസ് കുമാർ, വിഷ്ണു കെ ഷാജി, അദ്വൈത് കൃഷ്ണ ആർ എന്നീ വിദ്യാർഥികളാണ് സംവാദത്തിനെത്തിയത്.
Keywords: News, Kerala, Kasaragod, Committee, Panchayath, President, Secretary, Development, Kumbala, Debate organized for the development of Kumbala.