കാസർകോട്: (my.kasargodvartha.com 01.06.2021) വിദേശ രാജ്യങ്ങളിൽ മെഡികൽ പഠനം നടത്തുന്ന മലയാളി വിദ്യാർഥികൾ കോവിഡ് സാഹചര്യം മൂലം നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർകാരും എംബസിയും ഇടപെടേണ്ട സാഹചര്യത്തിൽ അതിനു വേണ്ടി സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് എം എസ് എഫ് കാസർകോട് ജില്ലാ കമിറ്റി നിവേദനം നൽകി.
അവധിസമയത്ത് നാട്ടിൽ വന്നവർക്ക് തിരിച്ചു പോവാൻ പറ്റാത്ത സാഹചര്യമായതിനാൽ ഓൺലൈൻ പഠനം മാത്രമാണ് നിലവിൽ നടക്കുന്നുള്ളത്. എന്നാൽ ഓൺലൈൻ വഴി പഠിച്ചു വരുന്നവർക്ക് ഇന്ത്യൻ മെഡികൽ അസോസിയേഷന്റെ അംഗീകാരം നൽകുന്ന കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഭീമമായ ഫീസൊടുക്കി പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഇതൊരു ഇരട്ടപ്രഹരവും, ഭാവിയെ തന്നെ ബാധിക്കുന്ന പ്രശ്നവുമാണെന്ന് നിവേദനത്തിൽ പറഞ്ഞു.
വിഷയത്തിന്റെ ഗൗരവത്തിൽ എം എസ് എഫിന്റെ ആവശ്യാർഥം കേന്ദ്ര ആരോഗ്യമന്ത്രിക്കും, ഐഎംഎ കേന്ദ്രത്തിലേക്കും ആദ്യ ഘട്ടമെന്ന നിലയിൽ എം പി കത്തുകൾ അയച്ചു. എം എസ് എഫ് പ്രതിനിധികളായി സംസ്ഥാന സെക്രടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, ജില്ലാ ഭാരവാഹികളായ റംശീദ് തോയമ്മൽ, ത്വാഹാ തങ്ങൾ, ജംശീദ് ചിത്താരി പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Students, Education, Foreign Countries, MSF, Rajmohan Unnithan MP, MSF submits petition to Rajmohan Unnithan MP seeking solution to problems faced by Malayalee students studying abroad.