കാസര്‍കോട്: സി പി എം അക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെങ്കില്‍ ബി ജെ പി അപകടകരമായ പ്രത്യയശാസ്ത്രവുമായി നില്‍ക്കുന്നവരാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ യു ഡി എഫ് കാഞ്ഞങ്ങാട് നഗരസഭ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് യു ഡി എഫ് സുരക്ഷിതമായി നേരിടും. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരും ശരിയായവരും യു ഡി എഫിനു വോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.
രാജ്യത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരോട് ശത്രു രാജ്യത്തോട് പെരുമാറും പോലെയാണവരുടെ സമീപനമെന്നും പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നതും ഭരണക്കാരുടെ പിടിപ്പുകേടു മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയുടെ വിത്തു വിതയ്ക്കല്‍ കേരളത്തില്‍ നടക്കില്ല. പെരിയ ഇരട്ട കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ദുരുപയോഗിക്കുന്നു. കൃഷിക്കാരന്റെ പുഞ്ചിരി തിരിച്ചു കൊണ്ടുവരണം. ചെറുപ്പക്കാര്‍ സ്ത്രീകള്‍ എന്നിവര്‍ പുഞ്ചിരിക്കണം. ഇതിനായി യുഡി എഫ് അധികാരത്തില്‍ വരണം.
യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡി സി സി പ്രസിഡണ്ട് ഹകീം കുന്നില്‍, കെ പി സി സി സെക്രടറി ജി രതികുമാര്‍, കെ നീലകണ്ഠന്‍, അഡ്വ. സി കെ ശ്രീധരന്‍, കെ പി കുഞ്ഞിക്കണ്ണന്‍, ബാലകൃഷ്ണന്‍ പെരിയ, ബി പി പ്രദീപ്കുമാര്‍, ഖാദര്‍ മാങ്ങാട് സംസാരിച്ചു.
Keywords: Kerala, News, Kanhangad, UDF, BJP, Election, CPM, CPM promotes violence, BJP stands with the dangerous ideology: K C Venugopal