Join Whatsapp Group. Join now!

ഇനിയില്ല; പുഞ്ചിരിയിൽ പൊതിഞ്ഞ ഹസൈനാർച്ചാന്റെ ഒരു കപ്പ് ചായ!

മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com 12.10.2020) നെല്ലിക്കുന്നിലെ ഹസൈനാർച്ചയെ എന്നും വീടിന്റെ കോലായിലിരുന്ന് പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്നതു കാണാം. കയ്യിലൊരു കപ്പ് ചായയുമുണ്ടാകും. വഴിയിലൂടെ പോകുന്നവരും വരുന്നവരും ഹസൈനാർച്ചയോട് കുശലന്വേഷണങ്ങൾ നടത്തും. പ്രമേഹവും വാർദ്ധക്യവും അദ്ദേഹത്തെ വളരെയധികം തളർത്തിയിരുന്നു. നടക്കുവാൻ ഏറെ പ്രയാസപ്പെടുന്ന ഹസൈനാർച്ച രാവിലെ എണീറ്റ് തെങ്ങുകൾക്കും ചെടികൾക്കും വെള്ളമൊഴിക്കുക പതിവായിരുന്നു. അപ്പോഴും കൈയ്യിലൊരു കപ്പ് ചായയുണ്ടാകും.


കുറേ കാലം പ്രവാസ ജീവിതം നയിച്ച ഹസൈനാർച്ച വാർദ്ധക്യവും, രോഗവും പിടിപ്പെട്ടതിനാൽ എല്ലാം വിട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യയും മക്കളും പേരമക്കളുമൊത്ത് ജീവിച്ചു വരുമ്പോഴാണ് രണ്ടു കാലുകൾക്കും വേദനകൾ തുടങ്ങിയത്. അതിനുള്ള ചികിത്സയിലായിരുന്നു. അവരുടെ വീട് കഴിഞ്ഞു വേണം എന്റെ വീട്ടിലെത്താൻ. 'എന്തൊക്കെണ്ട് ഹസ്നാർച്ച വിശേഷങ്ങൾ' എന്നു ചോദിച്ചാൽ ഒരു ചെറു പുഞ്ചിരിയോടെ പറയുമായിരുന്നു,'എന്ത് വിശേഷം മമ്മദലി. ഈടെ ഇരിക്ക്ന്ന് നട്ക്കാൻ കൈയ്യീന്നില്ല. ഇതന്നെ വിശേഷം. പിന്നെ അല്ലാഹു തന്ന ആയുസ്സ് വരെ ഇങ്ങനേ പോകും'

പ്ലാസ്റ്റിക് സ്റ്റൂളിലിരുന്ന് തെങ്ങുകൾക്ക് വെള്ളമൊഴിക്കുമ്പോഴും, തെങ്ങിന്റെ മുരട് കിളയ്ക്കുമ്പോഴും ഹസ്നാർച്ചാക്ക് പതിനാറ് വയസിന്റെ ചുറുചുറുക്കായിരുന്നു. അതെല്ലാം ഇനി ഓർമ്മ മാത്രമാകും. ഹസ്നാർച്ച ഇരുന്നിരുന്ന ആ കസേര അദ്ദേഹത്തിന്റെ വിയോഗത്താൽ കരഞ്ഞിട്ടുണ്ടാവണം. പരിചയമുള്ളവരേയോ അല്ലാത്തവരേയോ കണ്ടാൽ കുശലന്വേഷണം നടത്തുക ഹസ്നാർച്ചാന്റെ പതിവായിരുന്നു. അതു കുട്ടികളായാലും മുതിർന്നവരായാലും!

കാലങ്ങൾ കടന്നു പോകവെ ഹസ്നാർച്ചാനെ വാർദ്ധക്യം ഏറേ തളർത്തി കൊണ്ടിരുന്നു. പ്രവാസ ജീവിത കഥകളും, നാട്ടിലെ കഥകളും പറഞ്ഞു സമയങ്ങൾ തള്ളി നീക്കുമായിരുന്ന ഹസ്നാർച്ചയുടെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.

മായാത്ത ചെറുപുഞ്ചിരി മനസ്സിലെന്നും ഓർമ്മയായി നിൽക്കും. എന്റെ വീടിന്റെ പരിസരത്തെ വിളക്കായിരുന്നു ഹസ്നാർച്ച. വാർദ്ധക്യം തളർത്തിയിട്ടും അഞ്ചു നേരത്തെ നിസ്കാരങ്ങൾ മുടങ്ങാതെ നിർവ്വഹിക്കുമായിരുന്നു. ഖുർആൻ പാരായണവും മറ്റു പുണ്യകർമ്മങ്ങളും ചെയ്യുമായിരുന്നു. എല്ലാം പരലോകത്തേക്കുള്ള മുതൽ കൂട്ടാകട്ടെ. ഹൃദയ ശുദ്ധിയുള്ള ഹസ്നാർച്ചാക്ക് അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

ALSO READ: നെല്ലിക്കുന്ന് കടപ്പുറത്തെ ഹസൈനാര്‍ നാഗന്‍ നിര്യാതനായി

Keywords: Article, Cup of Tea, Hasainarcha, House, No more; A cup of tea with a smile of Hasainarcha
 


Post a Comment