Join Whatsapp Group. Join now!

കെ ജി റസാഖ്: നാടിന്റെ കെടാവിളക്ക്

കെ ജി റസാഖ് (ച്ച) യുടെ മരണത്തോടെ എനിക്കൊരു ജ്യേഷ്ഠ സഹോദരനും, ഇടത്താവളവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ Article, KG Razak no more
അനുസ്മരണം/ എ ബെണ്ടിച്ചാല്‍

(my.kasargodvartha.com 12.03.2020) കെ ജി റസാഖ് (ച്ച) യുടെ മരണത്തോടെ എനിക്കൊരു ജ്യേഷ്ഠ സഹോദരനും, ഇടത്താവളവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെ കെടാവിളക്കായിരുന്നു റസാഖിച്ച. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എന്റെ മനസില്‍ കൊളുത്തിയ കെ ജി റസാഖ് എന്ന സ്‌നേഹവിളക്ക് ഒരിക്കല്‍ പോലും അണഞ്ഞുപോയിട്ടില്ല. എന്തെഴുതിയാലും എന്നെ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് പതിവ് കാര്യമായിരുന്നു. അപ്പോഴെല്ലാം എന്റെ ചോദ്യം ഒരു ബിസ്‌നസുകാരനായ നിങ്ങള്‍ക്ക് എങ്ങിനെയാണ് ഇങ്ങനെയെക്കെ എഴുതാന്‍ പറ്റുന്നത് എന്നായിരുന്നു. മറുപടി അദ്ദേഹത്തിന്റെ ജന്മസിദ്ധമായ പുഞ്ചിരി മാത്രമായിരിക്കും. ഞാന്‍ കടയില്‍ എത്തിയാല്‍ ഉടന്‍ എഴുന്നേറ്റ് എന്നെയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ പോയി ചായ കുടിക്കാത്ത നാളുകള്‍ റമദാന്‍ മാസം മാത്രമാണ്. ആരോടും പകയോ വിദ്വേഷമോ ഇല്ലാത്ത ശുദ്ധമനസിന്റെ ഉടമയായിരുന്നു കെ ജി റസാഖ് (ച്ച).

കെ ജി റസാഖ് (ച്ച) ഒരു പ്രൊഫഷണല്‍ എഴുത്തുകാരനായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലങ്കില്‍ ആവേശം പകരുന്ന സുദിനങ്ങള്‍ വരവാകുമ്പോള്‍ സ്വന്തം ചിന്തകള്‍ക്ക് അക്ഷരരൂപം നല്‍കാന്‍ മനസ്സ് വെമ്പുമ്പോള്‍ ഒരുപാട് അദ്ദേഹം എഴുതിയിട്ടുണ്ട്. മനസ്സാക്ഷി പണയപ്പെടുത്തി ആര്‍ക്കെങ്കിലും വക്കാലത്ത് പിടിക്കാനോ ഓശാന പാടാനോ ഉള്ള പ്രകൃതക്കാരനായിരുന്നില്ല കെ ജി റസാഖ് (ച്ച). മതത്തിന്റെ മൗലീകവൃത്തത്തില്‍ ഒതുങ്ങിക്കഴിയുമ്പോഴും വിശാലമായ മാനുഷികതയുടെ പൊരുള്‍തേടിക്കൊണ്ടുള്ളതായിരുന്നു കെ ജി റസാഖിച്ചയുടെ രചനകള്‍. സങ്കുചിത വീക്ഷണങ്ങളും സ്വാര്‍ത്ഥ താല്‍പര്യങ്ങളും എല്ലാ വേലിക്കെട്ടുകളും തകര്‍ത്ത് അഴിഞ്ഞാടുമ്പോള്‍ അതിനെതിരെയുള്ള പടവാളായിരുന്നു കെ ജി റസാഖിച്ചയുടെ സൃഷ്ടികള്‍.

എഴുത്തില്‍ നിന്നും കിട്ടുന്ന ആത്മസംതൃപ്തിയും വായനക്കാരില്‍ നിന്നും ലഭിച്ച പ്രചോദനവും, പ്രോത്സാഹനവും കെ ജി റസാഖിച്ചയെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു. ഇത്തരം പ്രോത്സാഹനം അവസാനം ചെന്നെത്തിയത് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ഒരു പുസ്തകം രചിക്കണമെന്നും അത് റീഡബ്ലറ്റി ഉള്ളതായിരിക്കണമെന്നതും റസാഖിച്ചയുടെ ചിന്തയില്‍ വിരിഞ്ഞു. അതിന് കാരണം അന്ത്യപ്രവാചകനെ കുറിച്ചുള്ള പല പുസ്തകങ്ങളും കെ ജി വായിച്ച് പത്ത് പേജാകുമ്പോള്‍ തന്നെ മടുപ്പ് അനുഭവപ്പെട്ടത് കൊണ്ടായിരുന്നു. അവിടെ നിന്നുമാണ് ഒമ്പത് വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെ കെ ജി എഴുതിയ 'എന്റെ പ്രവാചകന്‍' കാഞ്ഞങ്ങാട്ടെ തുളുനാട് പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്നത്. പുസ്തകം പുറത്തിറങ്ങിയതോടെ പെട്ടെന്ന് വിറ്റ് തീരുകയും ചെയ്തു. അതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ കോഴിക്കോട്ടെ മിഡില്‍ ഹില്‍ പബ്ലിക്കേഷന്‍ ഏറ്റെടുക്കുകയും അന്നത്തെ കേന്ദ്രമന്ത്രി ഇ അഹ് മദ് കോഴിക്കോട് നളന്ദ ഓഡിറ്റേറിയത്തില്‍ വെച്ച് നടന്ന പുസ്തക പ്രകാശന കര്‍മ്മത്തിലേക്ക് കെ ജി റസാഖിച്ച എന്നെയും ക്ഷണിച്ചിരുന്നു.

കൂടാതെ സംസം ഒരത്ഭുത പ്രതിഭാസം, പ്രപഞ്ചമെന്ന പ്രഹേളിക, കവിത സമഹാരമായ മാമ്പഴക്കൂട്ടം പോലുള്ള കൃതികളും റസാഖിച്ചയുടെ തായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആകസ്മിക മരണം നാടിന്റെ വെളിച്ചത്തെ തന്നെ ഇല്ലാതാക്കുന്നതാണ്.

Keywords: Article, KG Razak no more
 

Post a Comment