Join Whatsapp Group. Join now!

ആ വലിയ മനസ്സിനുടമ മണ്‍മറഞ്ഞു

കാലത്തിനൊപ്പം ചിലര്‍ കടന്നുപോകുമ്പോഴാണ് അവരുടെ വ്യക്തിത്വവും കഴിവുമൊക്കെ നമ്മള്‍ തിരിച്ചറിയുകയുള്ളൂ. Kerala, Article, Remembrance of Mohammed Chennikkoodal
അനുസ്മരണം/ ബി എം പട്‌ള

(my.kasargodvartha.com 31.07.2019) കാലത്തിനൊപ്പം ചിലര്‍ കടന്നുപോകുമ്പോഴാണ് അവരുടെ വ്യക്തിത്വവും കഴിവുമൊക്കെ നമ്മള്‍ തിരിച്ചറിയുകയുള്ളൂ. അത്തരത്തിലുളള ഒരു  മഹാ വ്യക്തിത്വമായിരുന്നു ഈയിടെ മണ്‍മറഞ്ഞ് പോയ പട്‌ള ചെന്നിക്കൂടലിലെ സി മുഹമ്മദ് കുഞ്ഞി. ചെറുപ്പ കാലം തൊട്ടെ അദ്ദേഹത്തെ എനിക്ക് നന്നായറിയാമായിരുന്നു. അത് പിന്നീട് മക്കളുമായുളള ചങ്ങാത്തം മൂലം ആ വലിയ മനുഷ്യനെ അടുത്തറിഞ്ഞു. പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ മറ്റേത് ആവശ്യമാമായിക്കൊള്ളട്ടെ ആദ്യം പരാമര്‍ശിക്കുന്ന ഒരു പേരായിരുന്നു മമ്മദൂന്‍ച്ച.

ഏതെങ്കിലും ഒരു കാര്യം ഏല്‍പ്പിച്ചാല്‍ ഭംഗിയോടെ ഒരു പ്രതിഫലേച്ഛയും ആഗ്രഹിക്കാതെ അദ്ദേഹം പറയുന്ന ഒരു വാക്കുണ്ടായിരുന്നു.
'അതെല്ലാം ഞാന്‍ ശരിയായിക്കോളാം'. അതെ അങ്ങനെയായിരുന്നു. നമ്മള്‍ ഒന്നും അറിയേണ്ടായിരുന്നു. സംഗതി റെഡിയാക്കി അദ്ദേഹം നമുക്ക് മുന്നിലുണ്ടാവും. എല്ലാ മേഖലയിലുമുളള ജീവനക്കാരും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അസുഖ ബാധിതനായി മൂന്ന് മാസത്തോളം വീട്ടിലിരുന്ന് മുഷിഞ്ഞത് കാരണം മക്കളുടെ കൂടെ മരിക്കുന്നതിന് നാല് നാള് മുമ്പ് വരെ മധൂര്‍ പഞ്ചായത്തോഫീസിന്റെ മുമ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ രോഗം തളര്‍ത്തിയ മനസും ശരീരവുമായിരുന്നിട്ടും അവിടെക്കൂടിയ ജീവനക്കാരോട് കുശലം പറയാനും മറ്റും ഉത്സാഹം കാണിച്ചിരുന്നത്രെ.


ജനങ്ങള്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ ആരെയും അറിയിക്കാനോ ബോധ്യപ്പെടുത്താനോ അദ്ദേഹം തുനിഞ്ഞിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ലക്ഷ്യത്തിലെത്തും വരെ ഒറ്റയാന്‍ പോരാട്ടം നടത്തിയിരുന്നു. അതില്‍ എടുത്ത് പറയേണ്ടത് പട്‌ള അംഗന്‍വാടിയെക്കുറിച്ച് തന്നെയാണ്. അദ്ദേഹത്തിന്റെ ശ്രമ ഫലമാണ് പട്‌ള സ്‌കൂളിന് സമീപത്തായി ഇന്ന് കാണുന്ന അംഗണ്‍വാടി നില നില്‍ക്കുന്നത്. 1988 ലാണ് ആദ്യമായി അംഗണ്‍വാടിക്ക് വേണ്ടി അപേക്ഷ നല്‍കിയത്. പരിഗണിക്കാതിരുന്നിട്ടും ഒട്ടും പിന്‍മാറാന്‍ കൂട്ടാക്കിയില്ല. അതിന് വേണ്ടി മുട്ടാത്ത വാതിലുകളുണ്ടാവില്ല.
ആ പരക്കം പാച്ചില്‍ പാഴായില്ല. 1995 ജനുവരിയില്‍ പട്‌ളയില്‍ അംഗണ്‍വാടി അനുവദിച്ച് കിട്ടി. ആദ്യം വാടക കെട്ടിടത്തില്‍ അംഗണ്‍വാടി പ്രവര്‍ത്തനമാരംഭിച്ചു. പലപ്പോഴും വാടക നല്‍കാന്‍ പോലുമാവാതെ വല്ലാതെ വിഷമഘട്ടത്തിലായപ്പോളും സ്വന്തം കീശയില്‍ നിന്നും വാടക നല്‍കി അതിനെ നില നിര്‍ത്തി. കുരുന്നുകള്‍ക്ക് കഞ്ഞി നല്‍കാന്‍ വേണ്ടി മായിപ്പാടി അംഗണ്‍വാടിയില്‍ നിന്നും സ്വന്തം മക്കളെക്കൊണ്ട് അരി തലച്ചുമാടായി എത്തിക്കാന്‍ വരെ ആവേശം കാണിച്ചിരുന്നു.

അത് പാചകം ചെയ്യാനുളള വിറക് വീട്ടില്‍ നിന്നാണ് അവിടെയെത്തിച്ചിരുന്നത്. പിന്നീട് വാടകക്കെട്ടിടത്തില്‍ നിന്നും സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചപ്പോള്‍ ഉചിതമായ സ്ഥലം കണ്ടെത്തുകയാണെങ്കില്‍ പരിഗണിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്‌കൂളിന് സമീപം സ്ഥലം കണ്ടെത്തുകയും നിര്‍മ്മാണം തുടങ്ങാനുളള ഒരുക്കത്തിനിടെ ചില സാങ്കേതിക കാരണത്താല്‍ അത് സ്റ്റേ ആവുകയും ചെയ്തു. പല വട്ടം കോടതി പോലും കയറേണ്ടി വന്നു ആ പാവം മനുഷ്യന്. നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവസാനം അതേ സ്ഥലത്ത് അംഗണ്‍വാടി യാഥാര്‍ത്ഥ്യമായപ്പോള്‍ അതിന് മുമ്പില്‍ ആ വലിയ മനുഷ്യ സ്‌നേഹി ഒരു തൈ നട്ടിരുന്നു. ഇന്ന് അതൊരു വന്‍ വൃക്ഷമായി അംഗണ്‍വാടിയിലെ കുരുന്നുകള്‍ക്കും വഴി നടക്കാര്‍ക്കും തണലേകിക്കൊണ്ടിരിക്കുന്നു. നാട്ടിലെല്ലാവര്‍ക്കും പ്രിയങ്കരനെന്ന പോലെ സ്വന്തം ഉമ്മയോടൊപ്പം എന്നും ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു. പലപ്പോഴും മറ്റ് മക്കളുടെ വീടുകളില്‍ പോയി താമസിക്കുമ്പോഴും നേരം വെളുക്കുന്നതിന് മുമ്പെ ഉമ്മയെ കാണാന്‍ എത്തുന്ന പതിവായിരുന്നു അദ്ദേഹത്തിന്. ആ ഉമ്മ പറയാറുണ്ടത്രെ മമ്മദൂഞ്ഞി ഞമ്മക്ക് ഒന്നിച്ച  മരിക്കാ ആബെ. ആ ഉമ്മയുടെ പറച്ചില്‍ പാഴായില്ല. തിരിച്ച് വരാത്ത ലോകത്തേക്കും അവരൊന്നിച്ച് തന്നെയാണ് പോയതും. ഇന്നിപ്പോള്‍ പട്‌ള തഖ് വ മസ്ജിന്റെ ഓരത്ത് ആ ഉമ്മയും മകനും സമാധാനമായി അന്തിയുറങ്ങുന്നു.

മുഹമ്മദ് ചെന്നിക്കൂടല്‍ 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Remembrance of Mohammed Chennikkoodal
  < !- START disable copy paste -->

Post a Comment