Kerala

Gulf

Chalanam

Obituary

Video News

കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ ശ്രദ്ധേയമായ നിലപാടും തീരുമാനങ്ങളും

അസ്ലം മാവില

(my.kasargodvartha.com 04/04/2018) എന്റെ ലഹരിവിരുദ്ധ കുറിപ്പുകള്‍ ഒരു പക്ഷെ ഇതിനകം രണ്ട് ഡസനിലധികം കവിഞ്ഞിരിക്കണം. അതത് സമുദായ നേതൃത്വത്തിന് മാത്രമേ ലഹരിക്കെതിരെ എന്തെങ്കിലും ഗുണകരമായി ചെയ്യാന്‍ സാധിക്കുകയുള്ളൂ. അവര്‍ ഇടപെട്ടാലേ ആരും ശ്രദ്ധിക്കുകയുള്ളൂ, ഗൗരവത്തിലെടുക്കുകയുള്ളൂ, വല്ലതും നടക്കുകയുമുള്ളൂ.

ഇന്നത്തെ മിക്ക പത്രങ്ങളിലും കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ
ശ്രദ്ധേയമായ തീരുമാനങ്ങളും നിലപാടുകളും എല്ലവരും വായിച്ചു കാണും. കാസര്‍കോട് ജമാഅത്ത് യോഗം മാധ്യമങ്ങള്‍ക്ക് നല്‍കിയ മീഡിയ റിലീസില്‍ നിന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ:


' കാസര്‍കോട്ടും പരിസര പ്രദേശങ്ങളും ലഹരി മാഫിയകളുടെ താവളമായി മാറി. യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്. പള്ളി, മദ്രസ്സ, സ്‌കൂള്‍ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ ക്യാംപയിന്‍ നടത്താന്‍ ബന്ധപ്പെട്ട ജമാഅത്ത് കമ്മിറ്റികള്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കണം'

ഈ വിഷയത്തില്‍ ഇനി ഒരു മഹല്ലിനും പുറം തിരിഞ്ഞിരിക്കാനോ പിന്നെയാവാമെന്ന ഒഴികഴിവ് പറയാനോ ഇടമോ സാവകാശമോ നല്‍കാന്‍ പറ്റാത്തവിധമുള്ള നിരീക്ഷണങ്ങളും തീരുമാനങ്ങളുമാണ് കാസര്‍കോട് മുസ്ലിം ജമാഅത്തില്‍ നിന്നുണ്ടായിരിക്കുന്നത്. ആ മഹദ്‌സംഘത്തിന് കീഴിലുള്ളതുമില്ലാത്തതുമായ മുഴുവന്‍ മഹല്ലുകളും മൂപ്പിളത്തര്‍ക്കവും മറ്റഭിപ്രായ വ്യത്യാസങ്ങളും മറന്നു ഇക്കാര്യത്തില്‍ വളരെ അടിയന്തിരമായി സജീവമാകണം.

തീര്‍ച്ചയായും നടേ പറഞ്ഞ ബോഡിയില്‍ കാസറകോട്ടെ വിവിധ മഹല്ലുകളിലെ പ്രതിനിധികള്‍ സ്വരം കനപ്പിച്ചിരിക്കണം. ഈ സാമൂഹ്യതിന്മക്കെതിരെ അംഗങ്ങള്‍ വളരെ ശക്തമായി ശബ്ദിച്ചിരിക്കണം. സോദാഹരണം തെളിവുകള്‍ അവിടെ സംസാരിച്ചിരിക്കണം. ആ ഒരു പശ്ചാത്തലത്തില്‍, വിഷയത്തിന്റെ ഗൗരവം അര്‍ഹിക്കുന്ന രൂപത്തിലെടുത്ത് ജമാഅത്ത് ഉന്നത നേതൃത്വം ശക്തമായ തീരുമാനവുമായി മുന്നോട്ട് പോയതിനെ മനസ്സില്‍ തട്ടി അഭിനന്ദിക്കുന്നു.

ഞങ്ങളുടെ മഹല്ലിലിത്തരം കോലാഹലമില്ലെന്ന ഞഞ്ഞാമിഞ്ഞാവാദമൊന്നും ഇനി ആരും പറയാന്‍ നില്‍ക്കരുത്. അതൊക്കെ നമുക്കങ്ങ് ഉറിയിലും അട്ടത്തും തല്‍ക്കാലം വെക്കാം. അജ്ഞതയും അവജ്ഞതയും ഒരു മഹല്ലിനും ഭൂഷണമല്ല. കുഞ്ഞു പൈതങ്ങളെ വരെ വിടാത്ത വിധം ലഹരി മിഠായികള്‍ നിങ്ങളുടെ/ എന്റെ മൂക്കിന്റെ മുന്നില്‍ സീ-സാ കളിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നത് പാഴ്പറച്ചിലല്ല. ഖത്വീബുമാര്‍, മുദരിസുകള്‍, പള്ളി ഇമാമുകള്‍, സദര്‍ മുഅല്ലിമീങ്ങള്‍, പള്ളി - മദ്രസ്സാ പരിപാലന കമ്മറ്റി നേതൃത്വങ്ങള്‍ എല്ലാവരും കൂട്ടായും കൂലങ്കുശമായും ലഹരിക്കെതിരെ പ്രതിരോധവും പ്രതിവിധിയും ആലോചിക്കണം. നല്ല ജാഗ്രത പാലിച്ചേ പറ്റൂ, ഇല്ലേല്‍ കൈ വിട്ട് പോകുന്ന കേസാണ്.

പെട്ടിക്കടകള്‍, കല്‍വെര്‍ട്ടുകള്‍, ഒറ്റപ്പെട്ട വീടുകള്‍, ആള്‍പ്പാര്‍പ്പില്ലാത്ത ഒഴിഞ്ഞ കെട്ടിടങ്ങള്‍.. ഇവിടെയൊക്കെ ശ്രദ്ധ വേണം. 'ശുചീകരണ'മേഖയില്‍ പെടുത്തേണ്ട ഏരിയകളാണിതൊക്കെ.

പുറം നാട്ടില്‍ നിന്ന് വന്ന് കച്ചവടം ചെയ്യുന്നവരില്‍ എല്ലാവരും നേരെ ചൊവ്വെ ആയിക്കൊള്ളണമെന്നില്ല. തല തിരിഞ്ഞ കൊസറാകൊള്ളികള്‍ അക്കൂട്ടത്തിലുണ്ടെന്ന ഓര്‍മ്മ വേണം. ആരാന്റെ നാട്ടില്‍ കച്ചോടം, അവരെ മക്കള്‍, ഞമ്മക്കെന്ത് ചേതം ? അയ്റ്റീങ്ങള്‍ 'ഊതി'യാല്‍, ഞമ്മളെ ബാങ്ക് ബാലന്‍സ് കൂടും, കുറെ മസ്ത് പിടിച്ച സ്ഥിരം കസ്റ്റമറെയും കിട്ടും. നാള് പോകുന്തോറും ഊത്തിന്റെ വീര്യവും കൂടും, അതിനനുസരിച്ച് ഇടപാടും കൂടും. ഇത്തരം ദുഷ്ട ചിന്തയുമായി നടക്കുന്ന വിഷം പുരണ്ട ഇത്തിള്‍ക്കണ്ണികളുടെ വെളുക്കെച്ചിരിയില്‍ മയങ്ങാതെ, ഈ കുലംകുത്തികളുടെ മേല്‍ കടുപ്പിച്ചകണ്ണു പതിയുക മാത്രമല്ല, അതത് മഹല്ലുകളില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള തീരുമാനവും ഉണ്ടാകണം. ഒരുത്തനെതിരെ ആക്ഷന്‍ തുടങ്ങിയാല്‍, അയാള്‍ തന്നെ ആ പ്രതീക്ഷിച്ച പറച്ചില്‍ പറയും - 'നിങ്ങക്ക് എന്നെന്നെ കാണ്‌ന്നെ ? നിങ്ങളെ നാട്ടാറ്, സേക്കാലിയും അന്തായിയും പൊരേല് കെട്ട്‌കെട്ടാക്കീറ്റ് ബ്ക്ക്ന്നല്ലോ...'

വാടകവീടുകളില്‍ താമസിക്കുന്ന അന്യപ്രദേശത്തുകാരുടെ ഇടപെടലുകളില്‍ സ്‌പെല്ലിംഗ് മിസ്റ്റേക്ക് കണ്ടാല്‍, ഹേയ് തോന്നിയതാരിക്കുമെന്നതില്‍ നിന്നും ഒന്നന്വേഷിച്ചു നോക്കാമെന്ന ഉത്തരവാദിത്വ നിലപാടിലേക്ക് മഹല്ല് നേതൃത്വങ്ങള്‍ ഉയരണം. എല്ലാ പരദേശികളും വാടകത്താമസക്കാരും മോശം സ്വഭാവമുള്ളവരല്ല, പക്ഷെ ഈ ദുഷ്ടമുട്ടയിന്നതിനും വിരിയുന്നതിനും പേറ്റില്ലമാകുന്നത് പ്രധാനമായും ഇവിടങ്ങളിലൊക്കെ തന്നെയാണ്.

ഒന്നുറപ്പ്, തെറ്റിനെതിരെ ശബ്ദിക്കുന്ന ആണ്‍ പിള്ളേര്‍ ഉള്ള നാട്ടില്‍, ഭയഭക്തിയുള്ള സമുദായ നേതൃത്വം ഉള്ളിടത്ത്, നന്മയുള്ള പുതുതലമുറകള്‍ നിലനില്‍ക്കണമെന്ന് ഉദ്ദേശമുളള ചുറ്റുവട്ടത്ത്, പരലോക വിജയം എനിക്ക് മാത്രമല്ല എന്നെ കേള്‍ക്കുന്നവരുടെ കൂടി ലക്ഷ്യമായിരിക്കണമെന്നാഗ്രഹമുള്ള പണ്ഡിതരുള്ള മഹല്ലില്‍, ലഹരിവിരുദ്ധ മുന്നേറ്റത്തിന് നല്ല തുടക്കമുണ്ടാകും, വളരെ നന്നായി മുന്നോട്ട് പോകും, നല്ല റിസല്‍ട്ടും ലഭിക്കും.

ഓരോ മതവിഭാഗങ്ങളിലെയും നേതൃത്വവും കൂട്ടായ്മയും അവരവരുടെ ഭാഗം ഭംഗിയായി ചെയ്താല്‍, ഈ ദുരന്തം ഒരളവു വരെ നിയന്ത്രിക്കാനോ നിര്‍ത്താനോ സാധിക്കും. മറ്റുള്ള കൂട്ടായ്മകള്‍ക്കാകട്ടെ ഒരുപാട് പരിമിതികളുണ്ട് താനും. കാസര്‍കോട് മുസ്ലിം ജമാഅത്ത് എടുത്ത തിരുമാനം ഏറെ പ്രസക്തമാകുന്നതും ഇവിടെത്തന്നെയാണ്. നന്മകള്‍ !

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Religion, Drug, Kasaragod Muslim Jama-ath; Notable Decisions

KVartha San

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive