Join Whatsapp Group. Join now!

സര്‍ക്കാര്‍ അറിയിപ്പുകള്‍ 31/10/2017

മലയാളദിന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കവിയും ഗ്രസ്ഥകാരനുമായ സുറാബിനെയും കന്നഡതുളു നടനും സംവിധായകനുമായ News, Kerala, Government Announcements, 31/10/2017
ഭാഷാവാരം: സുറാബിനെയും ഉമേശ എം സാലിയാനെയും ആദരിക്കുന്നു 

(my.kasargodvartha.com 31.10.2017)
മലയാളദിന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കവിയും ഗ്രസ്ഥകാരനുമായ സുറാബിനെയും കന്നഡതുളു നടനും സംവിധായകനുമായ ഉമേശ എം സാലിയാനെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ആദരിക്കും. രാവിലെ 11 മണിക്ക് നീലേശ്വരം ചായ്യോത്ത് ഗവ. എച്ച്എസ് എസില്‍ നടക്കുന്ന മലയാളദിനഭരണഭാഷാവാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന വേദിയില്‍ എം രാജഗോപാലന്‍ എം എല്‍ എ ഇവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ആദരവും നിര്‍വഹിക്കും.



നീലേശ്വരം സ്വദേശിയാണ് സുറാബ്. കഴിഞ്ഞ നാല്‍പ്പതുവര്‍ഷം പ്രവാസ ജീവതമായിരുന്നു. ഷാര്‍ജ ജലസേചന വകുപ്പിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആനുകാലികങ്ങളില്‍ കഥ, കവിത, നോവല്‍ എഴുതുന്നു. ഇരുപതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡ്, കഥയ്ക്ക് കമലാസുരയ്യ അവാര്‍ഡ്, നോവലിന് കൈരളി ബുക്ക്‌സ് അവാര്‍ഡ്, തിരക്കഥയ്ക്ക് ചിത്രഭൂമി സെവന്‍ ആര്‍ട്ട്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചുണ്ട്.

30 വര്‍ഷത്തോളം നടനും, സംവിധായകനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനും സംഘാടകനുമായി ജില്ലയിലെ നിറസാന്നിധ്യമാണ് ഉമേശ എം. സാലിയാന്‍. കാസര്‍കോടിന്റെ നാടക ചരിത്രത്തിലെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. അതില്‍ പ്രമുഖ നാടകങ്ങളാണ് അയവദന, ദൃഷ്ഠി, ഭസ്തി, നായിബാല, രാജ്യദാഹ, ബാഡൈദ ഹില്‍ (തുളു) തുടങ്ങിയവ. കേരള തുളു അക്കാദമിയുടെ 'തെമ്പരെ' എന്ന െ്രെതമാസികയുടെ എഡിറ്ററായിരുന്നു. നിരവധി നാടക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ സാംസ്‌ക്കാരികമായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രമുഖന്‍.

മലയാളദിന ഭരണഭാഷാ വാരാഘോഷത്തിന് ബുധനാഴ്ച തുടക്കമാകും
മലയാള ദിനാഘോഷത്തിനും ഭരണഭാഷാവാരാഘോഷത്തിനും ബുധനാഴ്ച തുടക്കമാകും. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

മലയാളദിന ഭരണ ഭാഷാവാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11 മണിക്ക് നീലേശ്വരം ചായ്യോത്ത് ഗവ. എച്ച് എസ് എസില്‍ എം രാജഗോപാലന്‍ എം എല്‍ എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കണ്ണൂര്‍ സര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ. എ എം ശ്രീധരന്‍ ഭാഷാദിന പ്രഭാഷണം നടത്തും.

കുട്ടികളുടെ തിരുവാതിരയും കലാപരിപാടികളും തുടര്‍ന്ന് നടക്കും. കവിയരങ്ങ്, പ്രഭാഷണം, സാഹിത്യമത്സരങ്ങള്‍, കടംകഥാമത്സരം, ഭാഷാഗാന മത്സരങ്ങള്‍ എന്നിയവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ക്വിസ് ക്ലബ്ബ് കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മെഗാ ക്വിസ് മത്സരവും വാരാഘോഷവേളയില്‍ നടക്കും.

ഹര്‍ജികള്‍ സംബന്ധിച്ച നിയമസഭാസമിതി സിറ്റിംഗ് നടത്തി; 30 കേസുകള്‍ പരിഗണിച്ചു
കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. രാജു എബ്രഹാം അധ്യക്ഷനായ സമിതി ജില്ലയില്‍ മൊത്തം 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 27 കേസുകള്‍ റവന്യുവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍തന്നെ 25 പരാതികള്‍ പട്ടയ സംബന്ധമായ പരാതികളായിരുന്നു. പുതിയതായി അഞ്ചു പരാതികള്‍ സ്വീകരിച്ചു.

26 വര്‍ഷം സര്‍വീസ് ഉണ്ടായിട്ടും ഹെഡ്മാസ്റ്റര്‍ക്ക് അര്‍ഹമായ ഗ്രേഡ് ലഭിച്ചില്ലെന്ന കെ വി കുഞ്ഞിരാമന്റെ പരാതിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു. 60 വര്‍ഷമായി ഉപയോഗിച്ചുവരുന്ന അഞ്ച് സെന്റ് ഭൂമി പതിച്ചു നല്‍കണമെന്ന സത്താര്‍ എന്നയാളുടെ പരാതിയില്‍ കടമുറി കഴിഞ്ഞുള്ള മൂന്നു സെന്റ് സ്ഥലം മാര്‍ക്കറ്റ് വില ഈടാക്കി പട്ടയം നല്‍കുവാന്‍ മന്ത്രിസഭയോട് സമിതി ശുപാര്‍ശ ചെയ്യും. പാട്ടത്തുക പുതുക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള മുഹമ്മദ് എന്നയാളുടെ പരാതിയില്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.

നിയമസഭ സമിതി ചെയര്‍മാന്‍ രാജു എബ്രഹാം, ആര്‍ രാമചന്ദ്രന്‍, പി ഉബൈദുല്ല എന്നിവര്‍ ഉള്‍പെട്ട സമിതിയാണ് സിറ്റിംഗ് നടത്തിയത്. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ, എ ഡി എം: എച്ച് ദിനേശന്‍, ആര്‍ ഡി ഒ: ഡോ. പി കെ ജയശ്രീ, സെക്ഷന്‍ ഓഫീസര്‍ അന്‍വര്‍ സുല്‍ത്താന്‍, ശിരസ്തദാര്‍ പരീത്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാതല പട്ടയമേള; അവലോകനയോഗം ചേര്‍ന്നു
ഡിസംബറില്‍ കാസര്‍കോട് നടക്കുന്ന ജില്ലാതല പട്ടയമേളയുടെ ഭാഗമായി കലക്ടറേറ്റില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ഭൂമി സംബന്ധിച്ച പരാതി നിലനില്‍ക്കുന്ന പഴയ കേസുകളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കുന്നതും കൈവശക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതുമായ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.

അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള കാലവിളംബം പരിഹരിക്കപ്പെടണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ഭൂമി സംബന്ധമായ പരാതികളാണ് റവന്യൂ വകുപ്പില്‍ എപ്പോഴും നിലനില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവ പരിഗണനയ്ക്ക് വിധേയമാക്കി നിരന്തര പരിശ്രമത്തിലൂടെ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഒരിക്കലും തീരാത്ത പ്രശ്‌നമായി അവശേഷിക്കും. ഇതു പിന്നെ ബാധ്യതയായി മാറുന്ന പ്രവണതയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ, എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടികളക്ടര്‍ ജയലക്ഷ്മി കെ, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം
കാറഡുക്ക ബ്ലോക്ക്തല കലാകായിക മത്സരങ്ങള്‍ നവംബര്‍ നാലിന് കുണ്ടാര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങള്‍ അന്നേ ദിവസം കുണ്ടാര്‍ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വച്ചും കലാമത്സരങ്ങള്‍ നവംബര്‍ അഞ്ചിന് അഡൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

സമാപന സമ്മേളനം വൈകിട്ട് നാലു മണിക്ക് കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന യോഗത്തില്‍ ഏഷ്യന്‍ ഗെയിംസ് ത്രോബാള്‍ വിജയികളായ യെസ്മിത എം, ദീപികറൈ, ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് മെഡല്‍ നേടിയ ശാരദ എന്നിവരെ ആദരിക്കും.

ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണം ഉദ്ഘാടനം
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന നിര്‍മാണ പ്രവൃത്തി നവംബര്‍ ഒന്നിന് ആരംഭിക്കും. ഐ എ വൈ ഭവന നിര്‍മാണ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടും വീട് പണി പൂര്‍ത്തിയാകാത്ത വീടുകളുടെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ പ്രവൃത്തി ആരംഭിക്കുന്ന പതിമൂന്ന് വീടുകള്‍ക്ക് ഒന്നാം ഘട്ടം അധികസഹായം വിതരണം ചെയ്യും. കാറഡുക്ക കടയംകോട് വീട്ടില്‍ കമലയുടെ വീട് നിര്‍മാണ പ്രവൃത്തി ആരംഭിച്ച് ബ്ലോക്ക്തല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ നിര്‍വഹിക്കും.

സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം
സ്വയം തൊഴില്‍, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് കാഞ്ഞങ്ങാട് നഗരസഭ നിവാസികള്‍ക്ക് അവസരം. കുടുംബശ്രീ മിഷന്‍ എന്‍ യു എല്‍ എം പദ്ധതിയിലൂടെയാണ് മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായ അമ്പതിനായിരത്തില്‍ 6താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് അവസരം നല്‍കുന്നത്. സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് വായ്പ പലിശയിന്മേല്‍ സബ്‌സിഡി നല്‍കുന്ന രീതിയിലായിരിക്കും സാമ്പത്തിക സഹായം നല്‍കുന്നത്. ബാങ്കുകള്‍ മുഖേനയാണ് സംരംഭകര്‍ക്കായി വായ്പകള്‍ ലഭ്യമാക്കുക.

വ്യക്തിഗത വായ്പകള്‍ക്ക് രണ്ടു ലക്ഷവും അഞ്ചു പേരില്‍ കുറയാത്ത കൂട്ടു സംരംഭങ്ങള്‍ക്ക് 10 ലക്ഷവുമാണ് പരമാവധി വായ്പാ തുക. കൂട്ടു സംരംഭങ്ങള്‍ സ്ത്രീകള്‍ തനിയെയോ പുരുഷന്മാര്‍ തനിയെയോ ഇരുകൂട്ടരും ചേര്‍ന്നുള്ളതോ ആവാം. പക്ഷെ, ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെയാളുകള്‍ ഒരേ സംരംഭത്തില്‍ ഉള്‍പെടുക സാധ്യമല്ല. ഇത്തരം വായ്പകള്‍ക്ക് യാതൊരുവിധ ഈടും നല്‍കേണ്ട ആവശ്യമില്ല, വായ്പാ തുക ഉപയോഗിച്ചു സൃഷ്ടിക്കപ്പെടുന്ന ആസ്തികള്‍ ബാങ്കില്‍ പണയപ്പെടുത്തുക മാത്രം ചെയ്താല്‍ മതിയാകും.

വിശദമായ ബിസിനസ് പ്ലാന്‍, ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയല്‍ രേഖകള്‍ കൊട്ടേഷന്‍, എന്നിവയുടെ പകര്‍പുകള്‍ നിര്‍ദിഷ്ട അപേക്ഷാ ഫോമിനൊപ്പം നഗരസഭയില്‍ സമര്‍പ്പിക്കേണ്ടതാണ്. ബാങ്ക് വായ്പയുടെ ഏഴു ശതമാനത്തിനു മുകളിലുള്ള പലിശ നിരക്ക്, കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു മൂന്നു ശതമാനം അധിക പലിശ എന്നിവ സബ്‌സിഡിയായി ലഭിക്കും. തുടര്‍ന്ന്, കൃത്യമായി വരവ് ചെലവ്കണക്കുകള്‍ സൂക്ഷിക്കുന്ന സംരംഭങ്ങള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. അപേക്ഷകര്‍ പദ്ധതി മുഖേന സംഘടിപ്പിക്കുന്ന നാല് ദിവസത്തെ തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തില്‍ പങ്കെടുക്കണം. താല്‍പ്പര്യമുള്ളവര്‍ ഈ മാസം മൂന്നിന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് കണ്ണന്‍ നായര്‍ പാര്‍ക്കില്‍ വിശദീകരണ യോഗത്തില്‍ സംബന്ധിക്കണം.

കാസര്‍കോട് കോടതി ഡയമണ്ട് ജൂബിലി ആഘോഷം 4 ന്
കാസര്‍കോട് സബ് കോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷപരിപാടി നവംബര്‍ നാലിന് വിദ്യാനഗറിലെ കോടതി കോംപ്ലക്‌സില്‍ നടക്കും. വൈകുന്നേരം 3.30 ന് റവന്യൂ വകുപ്പുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദമശേഷാദ്രി നായിഡു മുഖ്യാതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികളും നിയമജ്ഞരും പരിപാടിയില്‍ സന്നിഹിതരായിരിക്കും.

എക്‌സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം
എക്‌സൈസ് വകുപ്പിന്റെ ബന്തടുക്ക റേഞ്ച് ഓഫീസ് കെട്ടിടോദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് കുറ്റിക്കോലില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിന് ടീം ജേഴ്‌സി അത്‌ലറ്റിക്‌സ് ഗെയിംസ് ഇനങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം ഏഴിനകം സെക്രട്ടറി, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, പി ഒ വിദ്യാനഗര്‍, കാസര്‍കോട് എന്നവിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256722.

ജില്ലാപദ്ധതി തയ്യാറാക്കല്‍; അഭിപ്രായ നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പദ്ധതി തയ്യാറാക്കുന്നു. ജില്ലയുടെ അടുത്ത 15 വര്‍ഷത്തെ വികസന സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള അഭിപ്രായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജില്ലാ ആസൂത്രണസമിതി അവസരമൊരുക്കുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍, സര്‍വീസ്, തൊഴിലാളി സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാര്‍ക്കും അവരുടേതായ അഭിപ്രായ നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാം. അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് ഈ മാസം 10 നകം ഇമെയില്‍ വഴിയോ (dpoksgd@gmail.com) നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. വിലാസം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍, വിദ്യാനഗര്‍ പി ഒ 671123.

നവംബര്‍14 ശിശുദിന പ്രസംഗ മത്സരം
നവംബര്‍ 14ന്റെ ശിശുദിനാഘോങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി യു പി, ഹൈസ്‌കൂള്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം, കന്നട ഭാഷകളില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. മത്സര വിജയികളെ നവംബര്‍ 14ന് കാഞ്ഞങ്ങാട് നടക്കുന്ന ശിശുദിന റാലി നയിക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി, കുട്ടികളുടെ പ്രസിഡന്റ്, കുട്ടികളുടെ സ്പീക്കര്‍ എന്നിവരായി തെരഞ്ഞെടുക്കുന്നു. കൂടാതെ സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിക്കും.

ഈ മാസംനാലിന് രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സരാര്‍ത്ഥികള്‍ രാവിലെ 9.30നകം സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവുമായി മത്സരവേദിയില്‍ എത്തിച്ചേരണം. ബന്ധപ്പെടേണ്ട നമ്പര്‍: 9447649957, 9447652335.

കൂടിക്കാഴ്ച എട്ടിന്
നീലേശ്വരത്തെ എസ് എന്‍ ടി ടി ഐ യില്‍ സയന്‍സ് വിഭാഗത്തിലെ ഒഴിവിലേക്ക് കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 11 ന് സിവില്‍സ്‌റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. സയന്‍സ് വിഷയങ്ങളില്‍ ബി എഡുളളവര്‍ക്ക് അപേക്ഷിക്കാം. എം എഡ് അഭിലഷണീയം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കാഷ്യൂഫെസ്റ്റ്
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ സഫലം വനിതാ കശുവണ്ടി സംസ്‌കരണ സമിതിയുടെ ഉല്‍പ്പന്നമായ പറങ്കി നട്‌സിന്റെ പ്രദര്‍ശനവും വില്‍പ്പനയും പായസമേളയും നവംബര്‍ രണ്ടു മുതല്‍ നാലു വരെ കലക്ടറേറ്റ് കേ#ാണ്‍ഫറന്‍സ് ഹാളിന് സമീപം നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മൂന്നിന് രാവിലെ 11 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ കുടുംബശ്രീ സംരംഭകരെ ആദരിക്കും.

ഭരണ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുള്ള (വായനശാല ബസ്‌സ്‌റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ വെച്ച് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുള്ള ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണ സമിതിയംഗങ്ങള്‍ക്ക് രണ്ടുദിവസത്തെ പരിശീലനം സംഘടിപ്പിക്കും.

നവംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ രണ്ടിന് രാവിലെ 10 മണിക്കകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579.

ഗസ്റ്റ് ഇന്‍സ്ട്രക്ട്രര്‍ ഒഴിവ്
കയ്യൂര്‍ ഗവ. മോഡല്‍ ഐ ടി ഐയില്‍ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ നവംബര്‍ രണ്ടിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04672 230980.

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ് (ബി ടെക്) ബിരുദധാരികളില്‍ നിന്ന് പ്രവര്‍ത്തി പരിചയവും കമ്പ്യൂട്ടര്‍ പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം എട്ടിന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04998 275800.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Government Announcements, 31/10/2017.

Post a Comment