● മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു ● എട്ട് മുതൽ പതിനഞ്ച് വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം
മൊഗ്രാൽ: (MyKasargodVartha) വിദഗ്ധ നീന്തൽ പരിശീലകൻ എം എസ് മുഹമ്മദ് കുഞ്ഞി മൊഗ്രാലിൻ്റെ സൗജന്യ നീന്തൽ കളരിക്ക് മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ തുടക്കമായി. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകി വരികയാണ് ദേശീയവേദി പ്രവർത്തകനായ എം എസ് മുഹമ്മദ് കുഞ്ഞി. ഈ മൂന്നര പതിറ്റാണ്ടിനിടെ കോവിഡ് കാലത്തും, കഴിഞ്ഞ വർഷം തൊഴിലിനിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായതും നീന്തൽ പരിശീലനം മുടങ്ങാൻ കാരണമായിരുന്നു.
സ്കൂൾ അവധി ദിവസങ്ങളിൽ പരിശീലനം
ഈ വർഷത്തെ നീന്തൽ പരിശീലനമാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. തുടക്കത്തിൽ തന്നെ 25 കുട്ടികൾ പരിശീലനം നേടാനെത്തി. ആൺ, പെൺ വ്യത്യാസമില്ലാതെ 8-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്.

സ്കൂൾ അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലന സമയം. വൈകുന്നേരങ്ങളിൽ മുതിർന്നവർ കുളത്തിലിറങ്ങി കുളിക്കുന്നതിനാലാണ് പരിശീലനം രാവിലെ മുതലാക്കിയതെന്ന് എം എസ് മുഹമ്മദ് കുഞ്ഞി പറയുന്നു.
അംഗീകാരവും ആദരവും
പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് കുമ്പള ഗ്രാമപഞ്ചായത്തും പരിശീലകനും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നത് കുട്ടികൾക്ക് വലിയ അനുഗ്രഹവും അംഗീകാരവുമാവുന്നുണ്ട്. മൂന്നര പതിറ്റാണ്ട് കാലമായി എം എസ് മുഹമ്മദ് കുഞ്ഞി നടത്തി വരുന്ന ഈ സാമൂഹിക പ്രവർത്തനത്തിന് ജില്ലയിലെ വിവിധ സംഘടനകൾ ആദരവ് നൽകിയിരുന്നു. ഏറ്റവും ഒടുവിലാണ് കുമ്പള ചിരഞ്ജീവി ക്ലബ്ബ് പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിച്ചത്.
സർക്കാർ അംഗീകാരം ലഭിച്ചില്ല
ഈ മാതൃകാപരമായ സാമൂഹിക സേവനത്തിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ അംഗീകാരം തേടിയെത്താത്തതിൽ എം എസ് മുഹമ്മദ് കുഞ്ഞിക്ക് പ്രയാസമുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ മൊഗ്രാൽ ദേശീയവേദി കായിക-സ്പോർട്സ് വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. ജില്ലയിൽ എത്തുന്ന പുതിയ കായിക-സ്പോർട്സ് മന്ത്രിക്ക് തുടർന്നും നിവേദനം നൽകുമെന്ന് ദേശീയവേദി ഭാരവാഹികൾ പറയുന്നുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: A free swimming camp for children started at Mogral by M S Kunhi.
#MogralNews #FreeSwimmingCamp #MSMuhammadKunhi #KumblaPanchayat #KeralaNews #LocalNews #AparnaNews