Join Whatsapp Group. Join now!

Complaint | മൊഗ്രാൽ സ്കൂളിലെ ഫണ്ട് തട്ടിപ്പ് അന്വേഷണം ഇഴയുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകി

മൊഗ്രാൽ സ്കൂളിലെ 34 ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പ് അന്വേഷണം ഇഴയുന്നു; നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
● മുൻ പ്രിൻസിപ്പാൾ ഇൻചാർജ് അനിലിനെതിരെ വകുപ്പുതല നടപടി വൈകുന്നു.
● നാട്ടുകാരും രക്ഷിതാക്കളും മുഖ്യമന്ത്രിയെ കണ്ട് ദേശീയവേദി ഭാരവാഹികൾ വഴി പ്രതിഷേധം അറിയിച്ചു.
● സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്റർ അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ തടസ്സപ്പെട്ടു.

കാസർകോട്: (MyKasargodVartha) കാസർകോട് ജില്ലയിലെ മൊഗ്രാൽ ജിവിഎച്ച്എസ്എസിലെ വികസന ഫണ്ടിൽനിന്ന് 34 ലക്ഷത്തോളം രൂപ സാമ്പത്തിക ക്രമക്കേടിലൂടെ മുൻ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻചാർജ് അനിൽ കെ (പിഇഎൻ-810481) തട്ടിയെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും ടിയാനെതിരെ വകുപ്പുതലത്തിൽ യാതൊരു നടപടിയും നാളിതുവരെ സ്വീകരിക്കാത്തതിൽ സ്കൂൾ അധികൃതർക്കും, നാട്ടുകാർക്കും, രക്ഷിതാക്കൾക്കുമുള്ള പ്രതിഷേധം മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി അറിയിച്ചു.

സ്കൂളിലെ ക്ലാസ് റൂം നിർമ്മാണത്തിനും, തൊഴിൽ കോഴ്സ് അടക്കമുള്ള വികസന പദ്ധതികൾക്കുമായി അനുവദിച്ച ലക്ഷങ്ങളാണ് അപഹരിച്ചത്. ഈ അധ്യാപകനെതിരെ നടപടി വൈകുന്നതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്.

ക്രമക്കേട് ബോധ്യപ്പെട്ട ഉടൻതന്നെ ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎ കമ്മിറ്റിയും സന്നദ്ധ സംഘടനകളും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്കും വിജിലൻസിനും പരാതി നൽകിയിരുന്നതാണ്. എന്നാൽ നാളിതുവരെ യാതൊരു നടപടിയോ അന്വേഷണ പുരോഗതിയോ ഉണ്ടായിട്ടില്ല.

Mogral School Fund Scam Investigation Stalls; Complaint Filed with Chief Minister

സാമ്പത്തിക തിരിമറിയെത്തുടർന്ന് നാട്ടുകാർ പ്രതീക്ഷയോടെ കണ്ടിരുന്ന സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനവും, സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും മുടങ്ങിക്കിടക്കുകയാണ്. 

മാത്രമല്ല, എംഎൽഎ ഫണ്ടിൽ നിന്നടക്കം അനുവദിച്ച നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകളും ഇത് കാരണം ഉപയോഗിക്കാനാവാതെ അവതാളത്തിലായി. സ്കൂളിന് മറ്റു ഫണ്ടുകൾ ലഭിക്കുന്നതിനും ഇത് തടസ്സമായി നിൽക്കുന്നുണ്ട്.

ഫണ്ട് തിരികെ ലഭ്യമാക്കി സ്കിൽ ഡെവലപ്‌മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനം പുനരാരംഭിക്കാനും, സാമ്പത്തിക തിരിമറി നടത്തിയ അധ്യാപകനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് ദേശീയവേദി പ്രസിഡണ്ട് ടികെ അൻവർ, ജനറൽ സെക്രട്ടറി എം എ മൂസ എന്നിവർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

പരാതിയുടെ പകർപ്പ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഹയർസെക്കൻഡറി വിഭാഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ (തിരുവനന്തപുരം), ഹയർസെക്കൻഡറി വിദ്യാഭ്യാസം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ (കണ്ണൂർ) എന്നിവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. ഈ വാർത്ത മറ്റ് ആളുകളിലേക്ക് എത്താനായി ഷെയർ ചെയ്യുക.

Article Summary: Locals and school authorities have complained to the Chief Minister about the stalled investigation into the alleged embezzlement of approximately 34 lakh from the Mogral GVHSS development fund by the former principal-in-charge, leading to the suspension of school development work and the Skill Development Center.

Keywords: Mogral school fund fraud news, Kasaragod school scam news, GVHSS Mogral financial irregularity news, Anil K principal scam news, Mogral Desheeya Vedi complaint news, Chief Minister Kerala fund scam news, Kerala education news, Kasaragod news.

#MogralScam #FundFraud #KeralaNews #Kasaragod #SchoolCorruption #ChiefMinister




Post a Comment