● സി.എം. വിനയചന്ദ്രൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു.
● കാൻഫെഡ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
● കവയിത്രി എ.വി. സജീഷയുടെ 'ശലഭ നിദ്ര' എന്ന സമാഹാരം പുറത്തിറങ്ങി.
● സ്ത്രീസമൂഹത്തിന്റെ വിഷമസന്ധികളെക്കുറിച്ചാണ് കവിതകൾ പ്രധാനമായും പറയുന്നത്.
കരിവെള്ളൂർ: (MyKasargodVartha) കാൻഫെഡ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കരിവെള്ളൂർ ഏവൺ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് വളർന്നുവരുന്ന കവയിത്രി എ.വി. സജീഷയുടെ ‘ശലഭ നിദ്ര’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സി.എം. വിനയചന്ദ്രൻ മാസ്റ്ററാണ് പുസ്തകം പ്രകാശനം ചെയ്തത്. കൂക്കാനം റഹ്മാൻ പുസ്തകം ഏറ്റുവാങ്ങി.
കരിവെള്ളൂർ തപാൽ ഓഫീസിലെ ജീവനക്കാരിയായ സജീഷയുടെ നിരവധി കവിതകൾ ഇതിനോടകം വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീസമൂഹം പൊതുവെ അനുഭവിക്കുന്ന വിഷമസന്ധികളെക്കുറിച്ചാണ് സജീഷയുടെ മിക്ക കവിതകളും സംസാരിക്കുന്നത്. ‘കനലും കാതലുമുള്ള കവിതകളാണ് സജിഷയുടേത്,’ എന്ന് സി.എം. വിനയചന്ദ്രൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
‘അമ്പുമായൊരു വേടനില്ല വേദനിക്കാനൊരു വാത്മീകിയില്ല ചതഞ്ഞരഞ്ഞ പാതി ജീവനെ നോക്കി മാനിഷാദ ആരു ചൊല്ലും’
ഇങ്ങനെയുള്ള വരികളിലൂടെ ലോകത്ത് കാണുന്ന കാലുഷ്യങ്ങളും നോവുകളും സജീഷ തന്റെ കവിതകൾക്ക് വിഷയീഭവിപ്പിച്ചിട്ടുണ്ട്. ധീരവും മുഴക്കമുള്ളതുമായ ഭാഷയിലാണ് സജീഷ കവിത കുറിച്ചിട്ടിരിക്കുന്നത്. ഇവ മൂർച്ചയേറിയ ചിന്തകളായും ചോദ്യങ്ങളായും വായനക്കാരനെ അസ്വസ്ഥനാക്കും. ‘പറക്കുമെന്നു തോന്നുമ്പോൾ ചിറകരിഞ്ഞ് വിഴ്ത്തുക’ എന്ന വരികളിലൂടെ മുന്നോട്ട് കുതിക്കാൻ അനുവദിക്കാത്ത അവസ്ഥയെക്കുറിച്ച് കവയിത്രി പരിതപിക്കുന്നു. ‘ഉച്ചയോളം ഒന്ന് തണുത്തു വിറച്ച് മൂടിപ്പുതച്ചുറങ്ങണം’ എന്ന വരികളിൽ സ്ത്രീമനസ്സിന്റെ സ്വാതന്ത്ര്യത്തിനായുള്ള അടങ്ങാത്ത ആഗ്രഹം വായിച്ചെടുക്കാൻ കഴിയും.
ഭാഷകൊണ്ടും ഭാവനകൊണ്ടും കവി നിർമ്മിച്ചെടുക്കുന്ന അനുഭവലോകത്തിന്റെ ശക്തിസൗന്ദര്യങ്ങളാണ് ‘ശലഭ നിദ്ര’ എന്ന കവിതാ സമാഹാരത്തിലെ കവിതകളെ ശ്രദ്ധേയമാക്കുന്നതെന്ന് അവതാരിക എഴുതിയ സി.എം. വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു.
Article Summary : A.V. Sajeesha's poetry collection 'Shalabha Nidra,' focusing on women's struggles and social issues, was launched in Karivellur, receiving praise for its bold language and powerful themes.
Keywords: Karivellur News, Shalabha Nidra release, A.V. Sajeesha poetry, Malayalam literature news, Kanfed Sahithyavedi, women's poetry news, Kerala literary events, new Malayalam books news
#ShalabhaNidra #MalayalamPoetry #AVSajeesha #BookLaunch #Karivellur #WomensWriting