കാസർകോട്: (MyKasargodVartha) സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിച്ച് കാസർകോട് റെയിൽവേ സ്റ്റേഷനും പരിസരവും വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് അർഹിച്ച ആദരവ്. രണ്ട് വർഷത്തെ സേവനത്തിന് ശേഷം കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറിപ്പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ ലക്ഷ്മി ദേവിക്ക് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഊഷ്മളമായ യാത്രയയപ്പും ആദരവും സമർപ്പിച്ചു.
ആലപ്പുഴ സ്വദേശിനിയായ ലക്ഷ്മി ദേവി കഴിഞ്ഞ രണ്ട് വർഷക്കാലമായി കാസർകോട് റെയിൽവേ സ്റ്റേഷന്റെ ശുചിത്വ കാര്യങ്ങളിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. റെയിൽവേ സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളികളെ കൃത്യമായി ഏകോപിപ്പിച്ചതിനൊപ്പം, കാസർകോട് ജില്ലയിലെ വിവിധ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ കൂട്ടായ്മകളെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാൻ ഇവർക്ക് സാധിച്ചു.
പ്രത്യേകിച്ച് 'വാമോസ് മോണിംഗ് വർക്കൗട്ട് ടീം' അടക്കമുള്ള കൂട്ടായ്മകളെ ചേർത്തുപിടിച്ചും, 'സ്വച്ഛത ഹി സേവാ' അടക്കമുള്ള വിവിധ സർക്കാർ പരിപാടികളുമായി സംയോജിപ്പിച്ചുമാണ് ഇവർ പ്രവർത്തിച്ചത്. ഇതിലൂടെ സ്റ്റേഷന്റെ അകവും പുറവും മികച്ച രീതിയിൽ വൃത്തിയായി സൂക്ഷിക്കാൻ ചുമതലക്കാരിയായ ലക്ഷ്മി ദേവിക്ക് കഴിഞ്ഞുവെന്ന് യാത്രയയപ്പ് യോഗം വിലയിരുത്തി.
കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാടയും മൊമെന്റോയും നൽകിയാണ് ലക്ഷ്മി ദേവിയെ ആദരിച്ചത്. ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതം പറഞ്ഞു.
സബ് ഇൻസ്പെക്ടർ സനൽകുമാർ, അഡീഷണൽ സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ, അസോസിയേഷൻ പ്രതിനിധികളായ മുൻ കൗൺസിലർ ആഫിലാ ബഷീർ, ബബില അബ്ദുല്ലത്തീഫ്, ഷഫീഖ് തെരുവത്ത്, അബ്ദുൽ സത്താർ, ഷൈനി ലാബ്, റെയിൽവേ ജീവനക്കാരൻ രാജേഷ് കുമാർ, ക്ലീനിങ് സൂപ്പർവൈസർമാരായ ചിത്ര, ആശാലത, സന്ധ്യ, ഹേമലത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഈ വാർത്ത പങ്കുവെക്കുമല്ലോ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Kasaragod Railway Passengers Association honored Health Inspector Lakshmi Devi for her outstanding service in maintaining the station's cleanliness before her transfer to Kanhangad.
#KasaragodNews #RailwayStation #SwachhBharat #HealthInspector #KeralaNews #CleanlinessDrive #Kasaragod
