● വരാനിരിക്കുന്ന നാലുവരിപ്പാതയും റെയിൽവേ വികസനവും പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.
● മൊഗ്രാൽ തീരദേശത്തെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർക്ക് ഒരു പനിയോ മറ്റോ വന്നാൽ കുമ്പള സിഎച്ച്‌സിയെയാണ് ആശ്രയിക്കുന്നത്.
● കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്.
മൊഗ്രാൽ: (MyKasargodVartha) കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ കൊപ്പളം ജുമാ മസ്ജിദിന് സമീപം സിറാജുൽ ഉലൂം മദ്രസ പരിസരത്ത് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്ന ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ (ജനകീയ ആരോഗ്യ കേന്ദ്രം) സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് വാർഡ് മെമ്പർ കൗലത്ത് ബീബി ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ഈ ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കായുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്.
അടച്ചിട്ട റെയിൽപാതയും ദേശീയപാത വികസനവും കാരണം കുമ്പളയിലെ സർക്കാർ ആശുപത്രിയിൽ എത്താൻ തീരപ്രദേശത്തെ വയോജനങ്ങൾക്കും കുട്ടികൾക്കും ഏറെ പ്രയാസമുണ്ട്. വരാനിരിക്കുന്ന നാലുവരിപ്പാതയും റെയിൽവേ വികസനവും പ്രദേശവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. റെയിൽവേ-ദേശീയപാത വികസനം തീരപ്രദേശത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്ന് നേരത്തെ ജനപ്രതിനിധികളെ അറിയിച്ചിരുന്നു.
മൊഗ്രാൽ തീരദേശത്തെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർക്ക് ഒരു പനിയോ മറ്റോ വന്നാൽ കുമ്പള സിഎച്ച്‌സിയെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്ന് കുമ്പളയിൽ എത്തണമെങ്കിൽ ഓട്ടോറിക്ഷയിൽ വലിയ വാടക കൊടുത്ത് പോകേണ്ട അവസ്ഥയാണ്. ഇത് സാധാരണക്കാരായ തീരദേശവാസികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതിനാൽ, കൊപ്പളം ആരോഗ്യ കേന്ദ്രത്തിൽ ദിവസവും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കൗലത്ത് ബീബി പഞ്ചായത്ത് മുഖേന ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നേരത്തെ വാർഡ് മെമ്പർ അദാലത്തിലും നിവേദനം നൽകിയിരുന്നു. കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിട്ടുണ്ട്.
Keywords: Kerala Health News, Mangalore News, Public Health Request News, Healthcare News, Local News in Mogral, Welfare in Kerala, Doctor Appointment Request, Community Health in Mangalore
#Mogral, #HealthCare, #PublicHealth, #Mangalore, #DoctorRequest, #CommunityHealth