ബി എം പട്‌ള
● മശ്രിഖുൽ ഉലൂം പത്താം വാർഷികം ആഘോഷിക്കുന്നു.
● ചെറിയ തുടക്കത്തിൽ നിന്ന് വലിയ സ്ഥാപനമായി വളർന്നു.
● ഇസ്ലാമിക വിദ്യാഭ്യാസത്തിന് മികച്ച സംഭാവനകൾ.
(MyKasargodVartha) കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്തിലെ പ്രകൃതി കൊണ്ടനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന പട്‌ള എന്ന കൊച്ചുദേശത്ത് 2015ല്‍, പരേതനായ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാരുടെ കരങ്ങളാല്‍ സ്ഥാപിതമായ മശ്രിഖുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്റര്‍ ജനുവരി 8, 9,10 തിയ്യതികളിലായി അദ്ദേഹത്തിന്റെ നാമധേയത്തില്‍ തന്നെയുളള നഗരിയില്‍ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ്.
ചുരുങ്ങിയ കുട്ടികളെക്കൊണ്ട് ചെറിയൊരു വാടക മുറിയില്‍ ഖുര്‍ആന്‍ പഠനം കൊണ്ട് നട്ടു വളര്‍ത്തിയ മരം
സയ്യിദ് തറവാട്ടിലെ കാരണവര്‍ ആദരീയണീയ പരേതനായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പ്രിയ പുത്രന്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ ചാലക ശക്തിയില്‍ ഒരു വടുവൃക്ഷമായി ഹിഫ്‌സ് കോളജ്, ദര്‍സ്, പ്രീസ്‌കൂള്‍ തുടങ്ങിയ ഒട്ടനവധി സംരംഭങ്ങളുമായി ഇന്ന് പ്രയാണം തുടരുകയാണ്.
ജില്ലയിലും ജില്ലക്ക് പുറത്തും പേരും പെരുമയുമുളള ഈ സ്ഥാപനത്തിന്റെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിന്റെ വിജയഭേരി മുഴങ്ങുന്ന അനുഗ്രഹീത മുറ്റത്ത് സനദ് ദാന സമ്മേളനം നടക്കുമ്പോള്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച കാലത്തിന് മുമ്പേ നടന്ന് നീങ്ങിയ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, ബി എം അബ്ദു ഹാജി, പി മുഹമ്മദ്, എസ്എ അബ്ദുല്ല ഹാജി തുടങ്ങിയവരുള്‍പ്പെടെ ഒരുപാട് വ്യക്തിത്വങ്ങളെയും സ്മരിക്കാതിരിക്കാന്‍ വയ്യ.
വര്‍ത്തമാന കാലത്തോട് സംവദിക്കാന്‍ പ്രാപ്തരായ ഒരു തല മുറയെ വാര്‍ത്തെടുക്കുകയാണ് സ്ഥാപന മേധാവികളുടെ ലക്ഷ്യം. നന്മയും ദീനീ പ്രവര്‍ത്തനവുമാണ് ലക്ഷ്യമെങ്കില്‍ ആരും അന്യരല്ലെന്നും എല്ലാവരോടും സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത മാതൃക തീര്‍ക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന തിരിച്ചറിവുണ്ടാവുമ്പോഴാണ് ഒരു വിശ്വാസി യഥാര്‍ത്ഥ വിശ്വാസിയാവുന്നതും.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു സമുദായത്തെ മാത്രം വേട്ടയാടുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്യുകയും ഇസ്ലാമിക മൂല്യങ്ങളെ അവമതിച്ചും തെറ്റിദ്ധരിപ്പിച്ചും മതത്തെ വക്രീകരിക്കുന്നവരോട് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തോട് വിളിച്ച് പറയേണ്ട ബാധ്യത നിറവേറ്റുകയും ചെയ്യുന്ന വലിയൊരു നീണ്ട നിരയുളള പണ്ഡിതന്‍മാരെ വാര്‍ത്തെടുക്കാനും നാട്ടില്‍ സൗഹൃദത്തിന്റെ കവാടം തുറക്കാനും ഒരു ദശകം പിന്നിടുന്ന മശ്രിഖുല്‍ ഉലൂമിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. മശ്രിഖുല്‍ ഉലൂം ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
BM Patla (Writter)
Keywords: Mashriqul Uloom anniversary, Islamic education in Kerala, Kasaragod educational institutions, Quran teaching center, religious studies, community development in Kerala
#MashriqulUloom #IslamicEducation #Kerala #Kasargod #Anniversary #Quran