ബന്തിയോട്: (MyKasargodVartha) പെർമുദ ധർമ്മത്തട്ക്ക മെക്കാഡം റോഡ് ‘ബാളിഗെ’യിൽ വീണ്ടും തകർന്നതിൽ പ്രദേശവാസികൾ പ്രതിഷേധത്തിൽ. വർഷങ്ങളായി ഈ റോഡിന്റെ അവസ്ഥ ദയനീയമാണ്. മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി ബി അബ്ദുൽ റസാഖിന്റെ പരിശ്രമ ഫലമായാണ് റോഡ് യാഥാർഥ്യമായത്.
കോവിഡ് കാലത്ത് ശക്തമായ മഴയിൽ മലവെള്ളം കയറി ഈ റോഡിന്റെ ഭാഗം കുറേയധികം തകർന്നിരുന്നു. പിന്നീട് റോഡ് അറ്റകുറ്റപ്പണിക്ക് വേണ്ടി മാസങ്ങളോളം അടച്ചിട്ടു. നന്നാക്കിയ റോഡിന്റെ ആ ഭാഗം ആറ് മാസത്തിനകം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അറ്റകുറ്റപണിയിൽ കൃത്രിമം നടന്നത് കൊണ്ട് ഇപ്പോൾ ഈ ഭാഗം പൂർണമായും തകർന്ന് തരിപ്പണമായി കിടക്കുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ഇതോടെ, ഇരു ചക്രവാഹനങ്ങളും മറ്റും അപകടത്തിൽ പെട്ട് നിരവധി പേർക്കാണ് സ്ഥിരമായി പരുക്കേൽക്കുന്നത്, പ്രത്യേകിച്ചും പുറമെ നിന്നുള്ള ആളുകൾ റോഡ് പരിചയമില്ലാത്തതിനാൽ ഇവിടെ അപകടത്തിൽ പെടുന്നത് പതിവ് കാഴ്ചയാണ്. അടുത്തിടെ കുഞ്ചത്തൂരിലെ അഷ്റഫ്, കൈക്കുഞ്ഞ്, ഭാര്യ എന്നിവർ ഉൾപ്പെടെ നിരവധി പേർക്ക് ഈ റോഡിലെ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാപ്പകൽ ഭേദമില്ലാതെ നിരവധി സ്കൂൾ ബസ്സുകൾ, ടൂറിസ്റ്റ് ബസ്സുകൾ, ചരക്ക് ലോറികൾ എന്നിവ ഈ റോഡ് ഉപയോഗിക്കുന്നതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്.
കാസർകോട് നിന്നും ഉപ്പളയിൽ നിന്നും ബന്തിയോട് ചേവാർ വഴിയും, കുമ്പളയിൽ നിന്നും സീതാംഗോളി പുത്തിഗെ വഴി ഇപ്പോൾ മൊത്തം പതിനാല് സ്വകാര്യ ബസ്സുകൾ ദിവസവും 39 ട്രിപ്പുകളും, കനിയാല പെറുവായി വഴി പെർളയിലേക്കും, ഉക്കിനടുക്ക മെഡിക്കൽ കോളേജിലേക്കും മൂന്ന് സ്വകാര്യബസുകളും സർവീസ് നടത്തുന്നുണ്ട്. കൂടാതെ നിരവധി സ്കൂൾ ബസ്സുകളും ടൂറിസ്റ്റ് ബസ്സുകളും ഭാരമേറിയ ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും രാപ്പകൽ ഭേദമില്ലാതെ കർണാടകയിലെ പുത്തൂർ വിട്ടൽ, മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വളരെ തിരക്കേറിയ റോഡാണിത്.
ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച പൊസഡി ഗുംപെ, കംപം വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കാൻ ദിവസവും നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന റോഡുകൂടിയാണിത്. വളരെ തിരക്കുള്ള ഈ റോഡ് ഇത്രയും ദീർഘകാലം തകർന്നടിഞ്ഞിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വലിയ ഒരു അപകടം നടന്ന് കാണാൻ കാത്ത് നിൽക്കാതെ എത്രയും പെട്ടന്ന് തകർന്ന ഈ റോഡിന്റെ ഭാഗം നന്നാക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Permuda, road damage, protest, local residents, infrastructure, Kasaragod, traffic accidents, government response, repair work, public safety
#RoadSafety #Protest #Kasaragod #Infrastructure #LocalNews #CommunityConcern