കാസര്‍കോട്: (MyKasaragodVartha) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് തുക സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കാനുള്ള സര്‍കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുല്‍ റഹ് മാന്‍. സഹകരണ സ്ഥാപനത്തിന്റെ മറവില്‍ കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കേണ്ട ജനങ്ങളുടെ നികുതിപ്പണം സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന വിധം ഫീസുകളും മറ്റും ഈടാക്കുന്ന സഹകരണത്തിന്റെ ലേബലില്‍ രോഗികള്‍ക്ക് ഒരു സൗജന്യവും നല്‍കാത്ത സഹകരണ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ ഉത്തരവിടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂരില നിക്ഷേപ കൊള്ളയുടെ പശ്ചാത്തലത്തില്‍ പാര്‍ടി ആധിപത്യമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് തുക ഉള്‍പെടെ ഒരു തുകയും നല്‍കരുത്. അങ്ങനെ നല്‍കുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീലേശ്വരം നഗരസഭയുടെ തനത് തുകയായ ഒരു കോടി രൂപ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് നല്‍കാവുന്നതാണെന്ന സര്‍കാര്‍ ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ തുകയില്‍ നിന്നും കൂടി കയ്യിട്ട് വരാനുള്ള സി പി എം ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ ജനപ്രതിനിധികളും ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്നും വിവാദമായ ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
Keywords: Muslim League District General Secretary A Abdur Rehman wants to cancel the government order to allocate the own funds of local self-government bodies to cooperatives, Kasaragod, News, A Abdur Rehman, Criticism, Fund, Order, Politics, Co-Operative Hospital, Kerala.