(my.kasargodvartha.com) സൗമ്യനാണ്, എന്നാല്‍ രാജയോഗമാണ്. സൗമ്യതയും സത്യസന്ധതയും എന്നത് പ്രവാചകന്റെ സ്വഭാവവും. പറഞ്ഞു വരുന്നത്, ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് വിട പറഞ്ഞ കര്‍ണാടക സുള്ള്യ അറന്തോട് ജനിച്ച് ചെര്‍ക്കള ബേര്‍ക്ക സ്വദേശിയായി ജീവിച്ച നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ വേണ്ടപ്പെട്ട അറന്തോട് മൊയ്തീന്‍ കുഞ്ഞി ഹാജിയെ കുറിച്ചാണ്. ഏഴടി പൊക്കവും ഉയര്‍ന്ന ശബ്ദഗാംഭീര്യവുമായി ജനനത്തിലും ജീവിതത്തിലും എല്ലാ നിലക്കും ഹാജി രാജാവ് തന്നെ ആയിരുന്നു. രാജഭരണം ഉണ്ടായിരുന്നെങ്കില്‍ ശരിക്കും ഒരു രാജാവേണ്ട ആളായിരുന്നു എന്ന് പലരും പറയുമായിരുന്നു.
സാമ്പത്തിക പരമായും കുടുംബ ബന്ധങ്ങളും മഹിമയും കൊണ്ടും രാജപ്രൗഡിയോടെ ജീവിച്ച ഹാജി ആരോടും കയര്‍ക്കുകയോ പരുക്കന്‍ മട്ടില്‍ സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. ഇരുത്തവും നടത്തവും സംസാര ശൈലിയും ശബ്ദവും കൊണ്ടെല്ലാം വളരെ ഏറെ പക്വതയോടെ മാത്രം കൈകാര്യം ചെയ്ത അദ്ദേഹത്തിന്റെ ഇടപെടലും നീക്കങ്ങളും രാജ്യമോ കിരീടമോ വെക്കാത്ത എന്നാല്‍ അറിയുന്നവര്‍ക്കും കാണുന്നവര്‍ക്കും മുന്നില്‍ രാജപ്രൗഢിയോടെ ജീവിച്ച മഹാന്‍ എന്ന പ്രശസ്തിയുണ്ടാക്കി.
കഴിഞ്ഞ 10 വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിച്ച അദ്ദേഹം പൂര്‍ണസമയവും പ്രാര്‍ത്ഥനയിലായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും ഇടപെടലും കൊണ്ടുണ്ടാക്കിയ പ്രത്യേക ഐഡന്റിറ്റിക്ക് ഉദാഹരണമാണ് ജീവിതത്തില്‍ ഭാര്യയും മക്കളും മരുമക്കളും കുടുംബക്കാരും നല്‍കി വന്ന വലിയ പിന്തുണ. സൃഷ്ടാവിലേക്ക് മടങ്ങാന്‍ അദ്ദേഹം പൂര്‍ണ ധൈര്യത്തോടെയും സന്തോഷത്തോടെയും എല്ലാം കൊണ്ടും കാത്തിരിക്കുകയായിരുന്നു. ഏത് നിമിഷവും പോവേണ്ടി വരും എന്നറിഞ്ഞിട്ടും ഒട്ടും പതറാതെ യശസ് ഉയര്‍ത്തി നടന്നിരുന്നു മൊയ്തീന്‍ കുഞ്ഞി ഹാജി.
ഒരായുസ് മുഴുവന്‍ നന്മ മാത്രം വിതറിയ ആ വലിയ മനുഷ്യന്റെ വിയോഗം പൊതുസമൂഹത്തിനും കുടുംബത്തിനും ബന്ധു മിത്രാതികള്‍ക്കും തീരാ നഷ്ടമാണ്. മര വ്യാപാരിയുടെ മകന്‍ മര വ്യാപാരം നടത്തി കെട്ടിപ്പെടുത്ത ജീവിതം ആനയോളം വരുന്ന പ്രതാപം നില നിര്‍ത്തിയാണ് അദ്ദേഹം വിട പറഞ്ഞു പോയത്. ആ ഓര്‍മകള്‍ എന്നും മായാതെ നാട് സ്മരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Keywords: Obituary-News, Memroies, Article, Cherkala-News, Nasar Cherkalam, Aranthod Moideen Kunhi Haji, Memories of Aranthod Moideen Kunhi Haji.