Join Whatsapp Group. Join now!

Memories | ഹസന്‍ ഷാ: ഏവരുടെയും ബഹുമാനവും സ്‌നേഹവും നിര്‍ലോഭം നേടിയ സാത്വികന്‍

എറണാകുളം മഹാരാജാസ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎ നേടിയ ഏറ്റവും സമർഥനായ വ്യക്തിയായിരുന്നു #ഓർമ #obituary-news #Kottikkulam-News
-അബ്ദുല്‍ അസീസ് അക്കര ഖത്വര്‍

(my.kasargodvartha.com) ഹസന്‍ ഷാ സാഹിബിന്റെ വിയോഗ വാര്‍ത്ത മനസിന് വല്ലാത്ത വേദനയാണ് സമ്മാനിച്ചത്. പരിശുദ്ധ റമദാനിലെ പതിനാലാം നോമ്പിന്റെ ആദ്യ മെസേജ് ഷാ സാഹിബിന്റെ വിയോഗ വാര്‍ത്തയായിരുന്നു. സച്ചരിതരായ അല്ലാഹുവിന്റെ പ്രിയ ദാസന്‍ ഏറ്റവും നല്ല ദിവസത്തില്‍ തന്നെ അല്ലാഹുവിലേക്ക് തിരിച്ചുപോയിയെന്ന് മനസ് മന്ത്രിച്ചു. കുലീനമായ പെരുമാറ്റവും വേഷവിധാനവും കൊണ്ട് എന്നെ ആകര്‍ഷിച്ച ഷാ സാഹിബിനെ ചെറുപുഞ്ചിരിയോടെ അല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല.
             
Article, Kerala, Kasaragod, Hasan Shah, Abdul Aziz Akkara Qatar, Memories about Hasan Shah.

ഏറെ സമ്പന്നമായ ഒരു തറവാട്ടില്‍ ജനിച്ച് എല്ലാവിധ സൗകര്യങ്ങളും അനുഭവിക്കുമ്പോഴും കൗമാരവും ബാല്യവും ഒന്നും തന്നെ ഇസ്ലാമിക നിഷ്ഠയില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കാന്‍ സാധിച്ച അസാധാരണ വ്യക്തി, കോട്ടിക്കുളത്തെ ആദ്യത്തെ ബിരുദാനന്തര ബിരുദദാരി (Post Graduate), നമ്മുടെ പരിസരത്തൊന്നും കോളേജുകള്‍ ഇല്ലാത്ത അക്കാലത്ത് എറണാകുളം മഹാരാജാസ് കോളജിലെ ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ നേടിയ ഏറ്റവും സമര്‍ത്ഥനായ വ്യക്തി, അതെല്ലാമായിരുന്നു അഹമ്മദ് ഹസന്‍ ഷാ.

എന്റെ അധ്യാപകനായിരുന്ന പ്രശസ്തനായ പ്രൊഫസര്‍ ഗീവര്‍ഗീസ് സാര്‍ (കാസര്‍കോട് കോളേജ്) മഹാരാജാസില്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. പഠനം കഴിഞ്ഞ് 25-ാം വയസില്‍ നാട്ടിലേക്ക് വരുമ്പോഴും കോട്ടിക്കുളം മുസ്ലിം ജമാഅത്തിന്റെ ആദ്യ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനുള്ള നിയോഗമായിരുന്നു അദ്ദേഹത്തിന് സൃഷ്ടാവ് കരുതിവച്ചത്. പിതാവിന്റെ രോഗാവസ്ഥ മൂലം ഗവണ്‍മെന്റ് ജോലിക്കൊന്നും പോകാതെ കൃഷിയിലേക്ക് തന്റെ ശ്രദ്ധ തിരിക്കുകയായിരുന്നു ഹസന്‍ ഷാ.

പള്ളത്ത് വളപ്പിലെ വിശാലമായ തെങ്ങിന്‍ തോപ്പുകള്‍ ഫാക്ട് വളങ്ങള്‍ ഉപയോഗിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിച്ചത് ഫാക്ട് ഏജന്റായിരുന്ന ഞങ്ങള്‍ക്ക് വലിയ ഒരു അനുഭവമായിരുന്നു. അദ്ദേഹം റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു നീങ്ങുന്നത് ഞങ്ങള്‍ എണീറ്റ് നിന്നിട്ട് അല്ലാതെ നോക്കിയിട്ടില്ല. എന്തൊരു വിനയം, എന്തൊരു ലാളിത്യം. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ഫുര്‍ഖാനില്‍ ഇബാദു റഹ്മാനെ അല്ലാഹു വിശേഷിച്ചതുപോലെ 'عباد الرحمان الذين يمشون على الأرض هونا وإذا خاطبهم الجاهلون قالو سلاما' (ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ് കാരുണ്യവാന്റെ ദാസന്മാര്‍, അറിവില്ലാത്തവര്‍ അവരെ അഭിസംബോധന ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് മറുപടി പറയുകയും ചെയ്യും). ഏറ്റവും വിനയാനിതനായി ജീവിച്ച് കാണിച്ച അനുപമ വ്യക്തിത്വമായിരുന്നു ഹസന്‍ ഷാ.

ഷാ സാഹിബിനെ ഞാന്‍ ഏറ്റവും അടുത്തറിഞ്ഞത് അദ്ദേഹത്തോടൊപ്പം നൂറുല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂളിന്റെ ധനശേഖരാര്‍ത്ഥം ഗള്‍ഫിലേക്ക് യാത്ര ചെയ്തപ്പോഴാണ്. സ്‌കൂള്‍ കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആക്കാന്‍ വേറെ ഒരാളെ കാണാനുണ്ടായിരുന്നില്ല. ഗള്‍ഫിലെ ഷാര്‍ജ, ദുബായ്, അബുദാബി കമ്മിറ്റികള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മത്സരിക്കുകയായിരുന്നു. കോട്ടിക്കുളത്തിന്റെ ചരിത്രത്തില്‍ ഒരു പൊതു പിരിവിനായി ഗള്‍ഫിലേക്കുള്ള ആദ്യത്തെ യാത്ര ഷാ സാഹിബിന്റേതായിരുന്നു.

അവിടെ ഹോട്ടല്‍ താമസസൗകര്യം ഒരുക്കാന്‍ ശ്രമിച്ച സംഘടനക്കാരോട് നിങ്ങളുടെ റൂമില്‍ മാത്രമേ ഞാന്‍ താമസിക്കുകയുള്ളൂ എന്ന് ശഠിച്ച പ്രിയങ്കരനായ ഷാ സാഹിബ്, നാട്ടുകാരെ എല്ലാം കാണാന്‍ സമയം കണ്ടെത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി എല്ലാവരെയും അമ്പരപ്പിച്ച ഒരു ധനശേഖരണം നടത്തിയാണ് അദ്ദേഹം തിരിച്ചുപോന്നത്. ആ ദിവസങ്ങളിലെല്ലാം ഞാന്‍ ഒരു നിഴലായി അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാത്രിയില്‍ തഹജ്ജുദ് നിസ്‌കാരത്തിന് എണീറ്റ് സുബ്ഹിക്ക് പള്ളിക്ക് പോയി വന്ന് ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും ചെയ്യുന്നത് ഞാന്‍ നോക്കികണ്ടു.

കമ്മിറ്റിക്കാര്‍ വരുന്നതിനു മുമ്പായി റെഡിയായി നില്‍ക്കുന്ന അദ്ദേഹം അപ്പോഴേക്കും, അന്നത്തെ പത്രം വായിച്ചിരിക്കും. കൂടെ കൊണ്ടുവന്ന കനപ്പെട്ട ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്നും കഴിയുന്നത്ര വായിച്ചിരിക്കും. നാട്ടുകാരോടൊപ്പം അവരുടെ റൂമില്‍ നിന്ന് അവര്‍ ഉണ്ടാക്കിയ ഭക്ഷണം മാത്രം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഷാ സാഹിബ്. ഗിഫ്റ്റുകളുമായി വരുന്നവരോട് സ്‌നേഹപുരസ്സരം അതിന്റെ കാശ് കൂടി സ്‌കൂളിന് സംഭാവനയായി നല്‍കണമെന്ന് ഉപദേശിക്കുമായിരുന്നു ഷാ സാഹിബ്. അഞ്ചു നേരവും ജമാഅത്തായി നിസ്‌കരിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്ന ഷാ സാഹിബ്. എന്നെ സമ്പന്ധിച്ചടത്തോളം ആ 20 ദിവസം ഒരു ഗുരുവന്ദ്യന്റെ കൂടെയുള്ള പഠനവും അനുകരണവും അനുസരണയുമായിരുന്നു.
             
Article, Kerala, Kasaragod, Hasan Shah, Abdul Aziz Akkara Qatar, Memories about Hasan Shah.

ഷാ സാഹിബിന്റെ നൂറുല്‍ഹുദാ സ്‌കൂള്‍ ടീച്ചേഴ്‌സിനോടുള്ള ഓറിയേന്റെഷന്‍ ക്ലാസുകള്‍ ഞങ്ങള്‍ക്കൊക്കെ ഒരു പഠന വിഷയമായിരുന്നു. വളരെ ഒഴുക്കുള്ള ഇംഗ്ലീഷില്‍ അധ്യാപകരീതി വിവരിച്ചു കൊടുക്കുന്നത് ഷാ സാഹിബില്‍ നിന്ന് കേള്‍ക്കുമ്പോള്‍ അധ്യാപകന്മാര്‍ ശ്രദ്ധിച്ചു കേള്‍ക്കുമായിരുന്നു. രണ്ട് തവണ ജമാഅത്ത് പ്രസിഡന്റ് ആയപ്പോള്‍ കാണിച്ച ഭരണപാടവം എന്നും ഓര്‍മിക്കപ്പെടുന്നതാണ്. ഏല്‍പ്പിക്കപ്പെട്ട എല്ലാ പദവികളും ഏറ്റവും നന്നായി പൂര്‍ത്തീകരിച്ചാണ് ഷാ സാഹിബ് മാതൃക കാണിച്ചത്.

ധന്യമായ ജീവിതം, ഏവരുടെയും ബഹുമാനവും സ്‌നേഹവും നിര്‍ലോഭം നേടിയ സാത്വികനായ വാത്സല്യ നിധിയായ വ്യക്തിത്വം, എഴുതി തീര്‍ക്കാനോ എഴുതി ഫലിപ്പിക്കാനോ സാധിക്കാത്ത അസാധാരണ പ്രതിഭ, ദീനിനെ ജീവിതത്തില്‍ ചാലിച്ചെഴുതിയ അല്ലാഹുവിന്റെ പ്രിയപ്പെട്ട ദാസന്‍, അതായിരുന്നു ഷാ സാഹിബ്. നിങ്ങളുടെ ധര്‍മ്മങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ കോട്ടിക്കുളത്തുക്കാര്‍ നന്ദിയോടെ കണ്ണുനീര്‍ വാര്‍ത്തു നില്‍ക്കുന്നു. ഒരു റോള്‍ മോഡല്‍ ആയി നിങ്ങള്‍ ഞങ്ങളെ സ്വാധീനിച്ചു കൊണ്ടേയിരിക്കും.

കോട്ടിക്കുളത്തുനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളും ഇവിടുത്തെ പള്ളികളും മദ്രസകളും പാരത്രിക ലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ നിങ്ങള്‍ക്ക് അനുകൂലമായി സാക്ഷി നില്‍ക്കും. നിങ്ങളോടൊപ്പം സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കണമെന്ന് ഹൃദയത്തില്‍ പ്രാര്‍ഥിക്കുന്നു. ഷാ സാഹിബിന്റെ മക്കളും പേരമക്കളും കോട്ടിക്കുളത്തിന് ഇനിയും ഒരുപാട് സേവനങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും മനസില്‍ സൂക്ഷിക്കുന്നു.

اللهُـمِّ اغْفِـرْ لَهُ وَارْحَمْـه ، وَعافِهِ وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبُ الأَبْيَـضُ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار.


(അല്ലാഹുവേ നീ ഈ വ്യക്തിക്ക് പൊറുത്ത് കൊടുക്കുകയും കാരുണ്യം ചൊരിയുകയും പാപമോചനം നല്‍കുകയും ഈ ആളുടെ വാസസ്ഥലത്തെ ബഹുമാനിക്കുകയും ഖബറിനെ വിശാലമാക്കി കൊടുക്കുകയും ചെയ്യേണമേ. ഇദ്ധേഹത്തെ പരിശുദ്ധ വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും കുളിപ്പിക്കുകയും വെള്ള വസ്ത്രത്തെ അലക്കി വൃത്തിയാക്കും വിധം ദോഷങ്ങളെ നീ ശുദ്ധിയാക്കുകയും ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ. സ്വത്തിനേക്കാള്‍ നല്ല സ്വത്തിനേയും കുടുംബാദികളേക്കാള്‍ നല്ല കുടുംബത്തേയും ഇണകളില്‍ വെച്ചേറ്റവും നല്ല ഇണകളേയും പ്രതിഫലം നല്‍കേണമേ, ഇദ്ദേഹത്തെ സ്വര്‍ഗ്ഗത്തില്‍ കടത്തുകയും ഖബറിലെ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യേണമേ)

Keywords: Article, Kerala, Kasaragod, Hasan Shah, Abdul Aziz Akkara Qatar, Memories about Hasan Shah.
< !- START disable copy paste -->

Post a Comment