Join Whatsapp Group. Join now!

Memories | സത്താറിനെ ഓര്‍ക്കുമ്പോള്‍ മനസ് വിങ്ങുന്നു, കണ്ണുകള്‍ നനയുന്നു

Remembering Sathar, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അനുസ്മരണം 

-മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com) സത്താറിന്റെ മരണവാര്‍ത്ത ഏറെ വിഷമത്തോടെയാണ് കേട്ടത്. സത്താറുമായി അടുത്തവര്‍ ഒരിക്കലും പിരിയുകയില്ല. കാരണം അത്രയ്ക്കും കളങ്കമില്ലാത്ത മനസ്സിനുടമയായിരുന്നു. ജിഎച്ച്എസ്എസ് സ്‌കൂളില്‍ ഒരു ബെഞ്ചിലിരുന്ന് ഒന്നിച്ച് പഠിച്ച കൂട്ടുകാരനാണവന്‍. പിരീയഡ് സമയത്ത് അധ്യാപകര്‍ ആരും ക്ലാസില്‍ വന്നില്ലെങ്കില്‍ സത്താറിന്റെ വക പാട്ടുകളാണ് ഞങ്ങളെ ആനന്ദം കൊള്ളിച്ചിരുന്നത്. ഡസ്‌ക്കില്‍ താളം പിടിച്ചുള്ള അവന്റെ ആ പാട്ടുകള്‍ ഇന്നും മനസ്സിന്റെ മായാത്ത കോണില്‍ അവശേഷിച്ചിരിക്കുന്നു.
     
Article, Kerala, Kasaragod, Muhammadali Nellikun, Remembering, Remembering Sathar.

തമാശകള്‍ പറഞ്ഞ് ക്ലാസിലെ എല്ലാ സഹപാഠികളേയും ചിരിപ്പിക്കുമായിരുന്നു സത്താര്‍. പഠിപ്പില്‍ കുറച്ച് പിന്നോട്ടായിരുന്നുവെങ്കിലും സ്‌നേഹം വാരിക്കോരി തന്നവനാണ്. പല കഥകളും പറഞ്ഞും, പാട്ടുകള്‍ പാടിയും സത്താറും ഞങ്ങളും മൂന്നു വര്‍ഷങ്ങള്‍ ഒന്നിച്ചു പഠിച്ചു. കൂട്ടത്തില്‍ മനോജ്, ഹനീഫ്, ഹബീബ്, അരുണ്‍ തുടങ്ങി ഒരുപാട് സ്‌നേഹിതന്മാരുമുണ്ടായിരുന്നു. അങ്ങനെ എസ്എസ്എല്‍സി പരീക്ഷയെഴുതി പിരിഞ്ഞ ഞങ്ങള്‍ പല ദിക്കുകളിലായതു കൊണ്ട് ബന്ധപ്പെടാനേ കാണാനോ സാധിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു കല്യാണ പരിപാടിയില്‍ വെച്ച് സത്താറിനെ കണ്ടു മുട്ടുകയും കെട്ടിപിടിക്കുകയും വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്തു. അതിനിടയില്‍ അവനൊരു വാക്ക് പറഞ്ഞത് കേട്ടു നെഞ്ച് പിടഞ്ഞു പോയി. അന്ന് അവന്റെ കൂടെ മകനുമുണ്ടായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണെന്നും ഡയാലീസ് ചെയ്യുന്നുണ്ടെന്നും കേട്ടപ്പോള്‍ മനസ്സില്‍ വേദനയുടെ കൊടുങ്കാറ്റ് വീശുകയായിരുന്നു. എന്റെ പ്രിയസുഹൃത്തിന് എന്താണ് പറ്റിയതെന്ന് എന്റെ ഹൃദയത്തോടു തന്നെ ഞാന്‍ ചോദിച്ചു പോയി. സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ ആ തമാശയും മുഖത്തെ പുഞ്ചിരിയുമൊന്നുമുണ്ടായില്ല. നിനക്ക് എന്ത് പറ്റിയെടാ എന്ന ചോദ്യത്തിന് എല്ലാം അല്ലാഹുവിന്റെ വിധി എന്നായിരുന്നു ഉത്തരം.

ആ വാക്കുകള്‍ എന്നെ വല്ലാത്ത അസ്വസ്ഥനാക്കുകയായിരുന്നു ചെയ്തത്. സങ്കടം അടക്കി പിടിച്ച് അവിടെ നിന്നും ഞങ്ങള്‍ പിരിഞ്ഞെങ്കിലും എന്റെ യാത്രയിലുടനീളം സത്താറിന്റെ വാക്കുകളായിരുന്നു. അവസാനം അവന്‍ മരണപ്പെടുന്നതിന് ഒരുമാസം മുന്‍പ് കണ്ടുമുട്ടിയെങ്കിലും വല്ലാത്തൊരു അവസ്ഥയിലായിരുന്നു. കൈയിലൊരു പ്ലാസ്റ്റിക് സഞ്ചിയുമുണ്ടായിരുന്നു. തലശ്ശേരി പോയി വരണമെന്നും പറഞ്ഞു. അത് സത്താറിന്റെ അവസാന കണ്ടുമുട്ടലാണെന്ന് കരുതിയില്ല.
            
Article, Kerala, Kasaragod, Muhammadali Nellikun, Remembering, Remembering Sathar.

സത്താറിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. കളിയും ചിരിയും സമ്മാനിച്ചവര്‍ നമ്മെ വിട്ടുപിരിഞ്ഞ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞു പോകുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വേദനയും അവരോടുള്ള അടുപ്പവും കൂടി വരികയാണ്. സത്താറേ, നിന്റെ വിയോഗം കണ്ണുകളെ നനയ്ക്കുകയും, മനസ്സില്‍ വിങ്ങലുണ്ടാക്കുകയും ചെയ്യുന്നു. അല്ലാഹ് സ്വര്‍ഗ്ഗത്തിലൊരിടം തന്നു അനുഗ്രഹിക്കട്ടെ.

Keywords: Article, Kerala, Kasaragod, Muhammadali Nellikun, Remembering, Remembering Sathar.
< !- START disable copy paste -->

Post a Comment