Join Whatsapp Group. Join now!

സ്വാബിർ നെല്ലിക്കുന്ന്: തന്റേതെല്ലാം മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ടതാണെന്ന് ശാഠ്യം പിടിച്ച വലിയ മനുഷ്യൻ

My memories about Sabir Nellikkunnu#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ ജലാൽ തായൽ

(my.kasargodvartha.com)
ദുബൈയിലെ പ്രശസ്തമായ ഒരു മൈതാനം. കാസറഗോഡിലെ ഒരു നാട്ടും കൂട്ടത്തിന്റെ വലിയൊരു മാമാങ്കം. പ്രദേശവാസികളെ ഉൾക്കൊള്ളിച്ചുള്ള കളിക്ക് കയ്യടികളുടെ ആരവം. സർവ്വരും എല്ലാം മറന്നു ലയിച്ചിരുന്നു. വിശിഷ്ട അതിഥികൾ മുമ്പിൽ കസേരയിൽ നിലയുറപ്പിച്ചിരുന്നു. സംഘാടകർ തലങ്ങും വിലങ്ങുമോടുന്നു. എന്റെ കണ്ണുകൾ ദൂരെ മൈതാനത്തിന്റെ മറ്റൊരു മൂലയിൽ പതിഞ്ഞു. അവിടെയായിരുന്നു കുറച്ചു മുമ്പ് സ്ത്രീകളും കുട്ടികളും കളിച്ചും ചിരിച്ചും കമ്മിറ്റി ഏർപ്പെടുത്തിയ സ്വാദിഷ്ട വിഭവങ്ങളും കഴിച്ചു ആഘോഷത്തിന്റെ ഭാഗമായത്.
  
Kasaragod, Kerala, Article, Remembrance, Memories, My memories about Sabir Nellikkunnu.

നിലവിൽ ആ സ്ഥലം വിജനമായിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് കവർ, ഗ്ലാസ്, പ്ലേറ്റ്സ് തുടങ്ങിയ അവശിഷ്ടങ്ങൾ കൊണ്ട് മലിനമായിരിക്കുന്നു. അവിടെ അതാ ഒരു വയോധികൻ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ അതൊക്കെ പെറുക്കി എടുത്ത് വലിയൊരു പ്ലാസ്റ്റിക് കവറിൽ നിക്ഷേപിക്കുന്നു. കുനിഞ്ഞു നിവരാൻ ഏറെ പ്രയാസപ്പെട്ട് അതൊക്കെ സ്വരൂപിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ പാവം തോന്നി. എന്ത് കഷ്ടപ്പാടുകളായിരിക്കും, എന്ത് മാത്രം കുടുംബ ബാധ്യതയായിരിക്കും ഈ ശാരീരിക അസ്വസ്ഥതയിലും അദ്ദേഹത്തെ ഇത്തരം ജോലി ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക. കഷ്ടമാണ്.

പെട്ടെന്ന് ഫോൺ വന്നതിനാൽ ശബ്ദ കോലാഹലങ്ങളിൽ നിന്ന് മാറി ഞാൻ മെല്ലെ മൈതാനത്തിന്റെ വിജനമായ ആ ഭാഗത്തേക്ക് നടന്നു. നിലത്ത് നോക്കി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അലസമായ എന്റെ കണ്ണുകൾ തൊട്ടടുത്തുള്ള ആ വ്യക്തിയിൽ ഉടക്കി. ഞെട്ടലോടെ വീണ്ടും നോക്കി. നര ബാധിച്ച താടിയുമായി മന്ദസ്മിതം തൂകി ദേ നിൽക്കുന്നു സാക്ഷാൽ സാബിർച്ച. എന്തായിഡാ... നിഷ്‌കളങ്കമായ ആ ചോദ്യത്തിലും എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്തിനാണ് ഇതൊക്കെ ഈ വയ്യായ്മയിലും നിങ്ങളൊറ്റക്ക് ചെയ്യുന്നതെന്ന് ചോദിച്ചപ്പോ സൗമ്യമായി സാബിർച്ച മറുപടി നൽകി. നാട്ടാരല്ലേ, എന്റെ വീട്ടാരല്ലേ, അപ്പൊ നമ്മളല്ലേ എല്ലാം വൃത്തിയാക്കേണ്ടതും.

സുഹൃത്ത് താമസിച്ചിരുന്ന അൽ തവാർ. റംസാൻ മാസങ്ങളിൽ ഇടവിട്ട് ഞാനും മറ്റു സുഹൃത്തുക്കളോടൊപ്പം തവാർ പള്ളിയിലേക്ക് പോകുമായിരുന്നു. ലക്ഷ്യം പള്ളിയിലെ നോമ്പ് തുറ. വൈവിധ്യമാർന്ന വിഭവങ്ങളുടെ നീണ്ട നിര സ്വാഭാവികം. വിരിച്ച പായയിലിരുന്ന് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ വിഭവങ്ങളുമായി മുമ്പിലേക്ക് ബംഗാളികളും ശമ്പളം പറ്റുന്ന പള്ളി സേവകരുമെത്തും. പക്ഷെ അവരിൽ നിന്നും മാറി കണ്ണുടക്കുക മറ്റൊരു വ്യക്തിയിലാണ്. ഇരിപ്പിടത്തിലേക്ക് കൃത്യതയോടെ വിഭവങ്ങൾ എത്തിക്കാൻ ഓടി ചാടി നടക്കുന്ന ഒരു തൂവെള്ള വസ്ത്രധാരി. അതെ ആ അത്ഭുത മനുഷ്യൻ. സാബിർച്ച. അത്യുഷ്ണത്തിൽ വിയർപ്പ് കണങ്ങളെ വകവെക്കാതെ ഓടുമ്പോൾ സാബിർച്ചയിൽ യുവത്വത്തിന്റെ പ്രസരിപ്പ് കാണാമായിരുന്നു. കണ്ണുകളിൽ ആത്മാർത്ഥതയുടെ തീക്ഷണത തിളങ്ങുമായിരുന്നു. എല്ലാം ഒരൊറ്റ കരുത്തിൽ, നീയ്യത്തിന്റെ ബലത്തിൽ, നാളേക്ക് വേണ്ടി. നാളേക്ക് വേണ്ടി മാത്രം.
  
Kasaragod, Kerala, Article, Remembrance, Memories, My memories about Sabir Nellikkunnu.

മുമ്പൊരിക്കൽ കുടുംബസമേതം ഖുസൈസിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ കണ്ട മാത്രയിൽ സാബിർച്ച ഭാര്യയെ വിളിച്ചു പറഞ്ഞു. ദേ ഇവൻ.. ഇവന്റെ ബീഫ് വീഡിയോ കണ്ടിട്ടുണ്ടോ ! കൊതി തോന്നിയിട്ട് ഞാനത് ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പുകഴ്ത്തലോ, വിഡിയോക്കുള്ള അംഗീകാരമോ ആയിരുന്നില്ലെന്ന് എനിക്കറിയാം. അതൊരു അടവാണ്. കളങ്കമില്ലാത്ത ആ പരിശുദ്ധ ഹൃദയം സമാഗതന്റെ ഹൃദ്യയവുമായി ഘടിപ്പിക്കാനുള്ള ശ്രമം. ചില മനസ്സുകളെ ത്രസിപ്പിക്കുന്ന ആ സ്വതസിദ്ധ പുഞ്ചിരിയിൽ കീഴ്പെടുത്തുമ്പോൾ മറ്റു ചിലരെ നല്ല വാക്കുകളാൽ ആകർഷിച്ചു ബന്ധിക്കും. അതാണ് സാബിർച്ച.

അതിഥികളെ വിളമ്പാനും ഊട്ടാനും പ്രത്യേകം ശ്രദ്ധയും താല്പര്യവും കാണിച്ചിരുന്ന സാബിർച്ചയുടെ ആതിഥ്യ മര്യാദയും മറ്റുള്ളവരോടുള്ള പെരുമാറ്റ ചിട്ടയും സ്വഭാവ രൂപീകരണം പഠിക്കുന്നവർക്ക് വലിയൊരു അദ്ധ്യായമാണ്. പ്രായഭേദമന്യേ മറ്റുള്ളവർക്ക് സന്തോഷം പകർന്ന് നൽകുന്നതിൽ താല്പര്യം കാണിച്ചിരുന്ന സാബിർച്ച പ്രായം ചെന്നവർക്ക് പ്രത്യേക പാരിതോഷികം നൽകി അവരുടെ നിഷ്‌കളങ്ക മനസ്സുകളെ അളവിലധികം ആനന്ദിപ്പിച്ചു.
  
Kasaragod, Kerala, Article, Remembrance, Memories, My memories about Sabir Nellikkunnu.

തികഞ്ഞ ദൈവ ഭക്തനായിരുന്ന സാബിർച്ച മാതൃകാപരമായ ജീവിതം തുറന്ന് കാട്ടി. നിസ്‌കാരം അതിന്റെ ആദ്യ സമയങ്ങളിൽ തന്നെ നിർവഹിക്കാൻ കണിശത കാണിക്കുകയും, തന്റെ അചഞ്ചലമായ വിശ്വാസത്തിൽ കറപുരളാതിരിക്കാൻ സൂക്ഷ്മത പാലിക്കുകയും ചെയ്തു. ദാനധർമ്മങ്ങൾ ജീവിത ചര്യയായി കൊണ്ട് നടന്ന അദ്ദേഹത്തിന്റെ കരങ്ങൾ സ്പർശിക്കാത്ത മേഖലയുണ്ടാവില്ല. ഇടത് കൈ അറിയാൻ പാടില്ലാത്തിടത്ത് മറുചെവി അറിയാതെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി കരുണയുടെ ആൾരൂപമായി മാറി.

ഒരു പുരുഷായുസ്സിൽ ചെയ്ത് തീർക്കാവുന്നതിൽ അപ്പുറം ജീവിച്ചു കാണിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയുള്ള പ്രവാസം. ശൂന്യതയിൽ നിന്നും ഇറ്റിയ വിയർപ്പു തുള്ളികളാൽ പടുത്ത സാമ്രാജ്യം. പടച്ചോൻ അനുഗ്രഹിച്ചു കനിഞ്ഞു നൽകിയ സമ്പത്ത്. ഒന്നും സ്വന്തമല്ലെന്നും, മറ്റുള്ളവർക്കും കൂടി അവകാശപ്പെട്ടതാണെന്നും ശാഠ്യം പിടിച്ച ആ മനുഷ്യന്റെ വലിപ്പം ഏത് അളവ് കോലിലാണ് തിട്ടപ്പെടുത്തുക.

ആശങ്കയോടെ ജീവിച്ച നിരാശ്രയരായ എത്രയോ കുടുംബങ്ങൾ. ഇന്നത്തെ അവരുടെ സുരക്ഷിത ഭവനങ്ങളിൽ ഉയരുന്ന പ്രാർത്ഥനകളിൽ സാബിർച്ചയുടെ നാമം അലയടിക്കുന്നുണ്ട്. മാംഗല്യ സ്വപ്നം വീണുടഞ്ഞ നിരാലംബരായ എത്രയോ ദമ്പതിമാർ. ഇന്നത്തെ അവരുടെ ദാമ്പത്യ സൗഭാഗ്യ മധുവിധുകളുടെ മലർവാടിയിൽ സാബിർച്ച എന്ന പനിനീർ പൂവിൻ ഇതളുകളിലൂടെ പരിമളം പരക്കുന്നുണ്ട്.

അത് കൊണ്ട് തന്നെയാവണം അദ്ദേഹം ആശുപത്രിയിലായത് മുതൽ ഒരു നാട് മുഴുവനും ഉറക്കമിളച്ചു കണ്ണീർ വാർത്തത്. പ്രാർത്ഥനാ നിർഭരമായ മനസ്സുമായി ഒരു ജനത മുഴുവനും തിരിച്ചു വരവിന് കാത്തിരുന്നത്. പക്ഷെ പടച്ചവന്റെ അലംഘനീയമായ വിധി മറ്റൊന്നായിരുന്നു. ഇഷ്ടക്കാരെ തനിച്ചാക്കി സാബിർച്ച പോയി. നന്മകളും ഓർമകളും ബാക്കി വെച്ച്. ഇരുളിലൂടെ അനന്തമായ ലോകത്തേക്ക്. മാലാഖമാർ അവിടെ ആ വാതിൽ തുറന്ന് വെച്ചിട്ടുണ്ടാവണം. ഭൂമിയിലെ കടമകൾ ചെയ്തു തീർത്ത് കടമ്പകൾ കടന്ന് വിജയം കൊയ്‌തവർക്കായ് തുറക്കപ്പെടുന്ന വാതിൽ. സ്വർഗ്ഗ വാതിൽ.

Keywords: Kasaragod, Kerala, Article, Remembrance, Memories, My memories about Sabir Nellikkunnu.
< !- START disable copy paste -->

Post a Comment