(my.kasargodvartha.com) അടുത്തിടെ വിടവാങ്ങിയ നെല്ലിക്കുന്ന് പള്ളത്തെ മുഹമ്മദ് സാബിറിന്റെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാരും, സുഹൃത്തുക്കളും തേങ്ങുകയാണ്. പെട്ടെന്നുള്ള മരണവാര്‍ത്ത കേള്‍ക്കാന്‍ ഇടവരുത്തരുതേ എന്ന പ്രാര്‍ത്ഥകളിലായിരുന്നു നെല്ലിക്കുന്ന് പ്രദേശവും പ്രവാസ ലോകവും. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സാബിര്‍ തീവ്രപരിചരണത്തിലായിരുന്നപ്പോള്‍ നാടും, നാട്ടുകാരും പള്ളികളിലും മറ്റും പ്രാര്‍ത്ഥനകളിലായിരുന്നു. എങ്ങും, ഒന്നും സംഭവിക്കരുതേ എന്ന മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍. പക്ഷെ, ഒടുവില്‍ ആ മഹാമനസ്‌കന്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ഒരു നാട് മുഴുവനും ഹൃദയം പൊട്ടി കണ്ണീര്‍ പൊഴിക്കകയായിരുന്നു. സൗമ്യനായ, സ്‌നേഹത്തിന്റെ കടലായിരുന്നു സാബിര്‍.
കാരുണ്യത്തിന്റെ പടുവൃക്ഷമായിരുന്ന സാബിര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. കേരളക്കരയിലും അയല്‍നാടുകളില്‍ പോലും അദ്ദേഹത്തിന്റെ കൈത്താങ്ങ് പ്രകീര്‍ത്തിക്കപ്പെടുകയാണ്. പാവപ്പെട്ടവരുടെ അത്താണിയും താങ്ങും തണലുമായിരുന്ന സാബിറിന് വേണ്ടി മുടങ്ങാതെ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്ന മനസ്സുകള്‍ അവസാനം വിങ്ങിപ്പൊട്ടുകയും കണ്ണീര്‍ വാര്‍ക്കുകയുമായിരുന്നു. പ്രവാസ ലോകത്ത് പോലും അറിയപ്പെടുന്ന സ്‌നേഹത്തിന്റെ നിറകുടവും വ്യക്തിയുമായിരുന്നു സാബിര്‍. കഴിഞ്ഞ വര്‍ഷം പിതാവ് പള്ളിയാന്‍ അബ്ദുല്‍ ഹമീദ് മരണപ്പെട്ടു. നാല് വര്‍ഷം മുമ്പ് മകന്‍ സജാദും മരണപ്പെട്ടു എന്നിട്ടും സാബിര്‍ തളരാതെ ഹൃദയത്തിന് ക്ഷമ നല്‍കി നിന്നു.
തങ്ങളുടെ പ്രിയസുഹൃത്ത് സാബിറിന്റെ മയ്യത്ത് അവസാനമായി ഒരു നോക്ക് കാണാനും ആ മയ്യത്തിന് ഒരു സലാം പറയാനും വന്‍ ജനാവലി തന്നെ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. അനിയന്ത്രിത ജനസാഗരത്തില്‍ സാബിറിനോടുള്ള സ്‌നേഹവും ബഹുമാനവും ആദരവുമാണ് പ്രകടമായത്. കരുണയുള്ള കരമായിരുന്നു സാബിറിന്റേത്. അണയാത്ത കണ്ണുനീരിന് ശമനമായിരുന്നു അദ്ദേഹം. അത്രയ്ക്കും ആഴ്ന്നിറങ്ങിയിരിക്കുകയാണ് ഏവരുടേയും മനസ്സില്‍.
നന്മകളാല്‍ ധന്യമാക്കപ്പെട്ട മനസ്സും, കരവുമാണ് മഹാ മനസ്‌ക്കനായ സാബിറിന്റേത്. പാവപ്പെട്ടവരെ കണ്ടറിഞ്ഞു സഹായിക്കുന്നയാള്‍. കാരുണ്യത്തിന്റെ വന്‍ മരമായി പന്തലിച്ചു നില്‍ക്കുകയായിരുന്നു. ആരെക്കണ്ടാലും പുഞ്ചിരി മാത്രം സമ്മാനിക്കുന്ന വ്യക്തിയായിരുന്നു. സൗമ്യമായ സംസാരവും ഇടപഴകലുമാണ് ഒരുപാട് സൗഹൃദങ്ങളെ നാട്ടിലും ഗള്‍ഫ് നാടുകളിലും സ്വന്തമാക്കിയത്. മൃതദേഹം ഖബര്‍സ്ഥാനിലേക്ക് കൊണ്ടു പോകുമ്പോള്‍ വന്‍ ജനാവലിയായിരുന്നു. 'ലാഇലാഹ ഇല്ലള്ളാഹ്' എന്ന ദിക്‌റുകളാല്‍ ധന്യമായിരുന്നു ആ വിലാപ യാത്ര. സാബിര്‍ എന്ന നന്മ മരത്തിനെ ആര്‍ക്കും ഓര്‍ക്കാതെയിരിക്കുവാന്‍ കഴിയില്ല. കാരണം ഓരോരുത്തരുടെയും മനസ്സില്‍ ആ നിഷ്‌കളങ്കമായ മുഖം കൊത്തിവെച്ചിരിക്കുകയാണ്. ഓര്‍മ്മകളിലെങ്ങും മായാതെ പുഞ്ചിരി തൂകി ഏവരുടെയും മനസുകളില്‍ സാബിര്‍ ജീവിക്കും.
Keywords: Kasaragod, Kerala, Article, Sabir Nellikkunn, Memories about Sabir Nellikkunn.
< !- START disable copy paste -->