Join Whatsapp Group. Join now!

Government Notifications | ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും ഫര്‍ണിചറുകള്‍ക്കും ക്വടേഷന്‍ ക്ഷണിച്ചു; പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 17 മുതല്‍; സര്‍കാര്‍ അറിയിപ്പുകൾ അറിയാം

കാസര്‍കോട്: (my.kasargodvartha.com) വിവിധ സർകാർ അറിയിപ്പുകൾ അറിയാം.

'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതി പുത്തിഗെ പഞ്ചായതില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള നടത്തി

'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതിയുടെ ഭാഗമായി പുത്തിഗെ പഞ്ചായതില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള നടത്തി. പുത്തിഗെ പഞ്ചായത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആല്‍വ മേള ഉദ്ഘാടനം ചെയ്തു. സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള അറുപതോളം പേര്‍ പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങില്‍ കെഎഫ്‌സി മുഖേന അനുവദിച്ച വ്യവസായ ലോണുകളുടെ അനുമതി പത്രത്തിന്റെ വിതരണം നടന്നു. കെഎഫ്‌സിയുടെ ലോണ്‍ അനുമതി പത്രം കൊകോ ക്രാഫ്റ്റ്, എക്സല്‍ ഫുഡ്സ് യൂനിറ്റുകള്‍ക്ക് കൈമാറി. ഈ എസ് എസ് സ്‌കീം മുഖേന അനുവദിച്ച സബ്സിഡി തുക ഫസല്‍ ഹോളോ ബ്രിക്സിന് കൈമാറി.

ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ രേഖ മുഖ്യാതിഥിയായി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ ഉണ്ണികൃഷ്ണന്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക് എച് അമര്‍നാഥ് സ്വാഗതവും പുത്തിഗെ വ്യവസായ വകുപ്പ് ഇന്റേണ്‍ എന്‍ വി വൈഷ്ണവ് നന്ദിയും പറഞ്ഞു. പുതുതായി തുടുങ്ങുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഉറപ്പ് നല്‍കി.


പത്താംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറായി 330 പേര്‍, പരീക്ഷ ആഗസ്റ്റ് 17 മുതല്‍

സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമ്പോള്‍ ജില്ലയില്‍ പരീക്ഷയെഴുതുന്നത് 330 പഠിതാക്കള്‍. മലയാളത്തില്‍ 225പേരും കന്നഡയില്‍ 105 പേരും പരീക്ഷയെഴുതും. 132 പുരുഷന്മാരും, 198 സ്ത്രീകളും, 27 പട്ടികജാതിക്കാരും, 25 പട്ടികവര്‍ഗ്ഗക്കാരും, 6 ഐഇടി വിഭാഗവുമാണ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്. തൃക്കരിപ്പൂര്‍ സ്വദേശിനി 66കാരി പടിഞ്ഞാറേ വീട് പത്മാവതിയാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാവ്. 19 കാരായ ബോവിക്കാനത്തെ ഖദീജത് റഫ്കാന, തൃക്കരിപ്പൂര്‍ സ്വദേശി സഹിമ, കാസര്‍കോട്ടെ ഉമറുല്‍ ഫാറൂഖ്, മുള്ളേരിയിലെ പ്രാജ്യല്‍ എന്നിവരാണ് പ്രായം കുറഞ്ഞ പഠിതാക്കള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി അവധി ദിവസങ്ങളില്‍ പഠിച്ചു കൊണ്ടിരുന്ന പഠിതാക്കള്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ ആറുമാസം ഓണ്‍ലൈന്‍ ക്ലാസും പിന്നീട് ആറ് മാസം ഓഫ്‌ലൈന്‍ ക്ലാസുമാണ് നടത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍മാരും, സാക്ഷരതാ സമിതി അംഗങ്ങളും, പ്രേരക്മാരും തുല്യതാ ക്ലാസുകള്‍ നിരന്തരം നിരീക്ഷിച്ചു. കാസര്‍കോട് ഡയറ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസെടുത്തത്. ബേഡഡുക്ക പഞ്ചായതിലെ 20 കുടുംബശ്രീ ഭാരവാഹികളും ഇത്തവണ ഒന്നിച്ച് പത്താം തുല്യത പരീക്ഷ എഴുതുന്നുണ്ട്.

ആഗസ്റ്റ് 17 മുതല്‍ 30 വരെ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലായാണ് പരീക്ഷ. ജിഎച്എസ് കുറ്റിക്കോല്‍, ബിഎആര്‍ എച്എസ്എസ് ബോവിക്കാനം, ജിഎച്എസ്എസ് പൈവെളിക നഗര്‍, ജിഎച്എസ്എസ് കാസര്‍കോട്, ബിഇഎം എച്എസ്എസ് കാസര്‍കോട്, ജിഎച്എസ്എസ് പരപ്പ, ജിവിഎച്എസ്എസ് മുള്ളേരിയ, ജിഎച്എസ്എസ് ഹൊസ്ദുര്‍ഗ് ജിവിഎച്എസ്എസ് തൃക്കരിപ്പൂര്‍ എന്നിവയാണ് കേന്ദ്രങ്ങള്‍.

ആഗസ്റ്റ് 17 ബുധന്‍ രാവിലെ 9.40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മലയാളം/ കന്നട, 19ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12 വരെ ഹിന്ദി, 22ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇന്‍ഗ്ലീഷ്, 23ന് രാവിലെ 9:40 മുതല്‍ 11.30 വരെ രസതന്ത്രം, 24ന് രാവിലെ 9:40 മുതല്‍ 11.30 വരെ ഊര്‍ജ തന്ത്രം, 25ന് രാവിലെ 9:40 മുതല്‍ 11.30 വരെ ജീവശാസ്ത്രം, 26ന് രാവിലെ 9:40 മുതല്‍ 11.30 വരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 29ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഗണിതശാസ്ത്രം, 30ന് രാവിലെ 9:40 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് പരീക്ഷയുടെ സമയക്രമം. എല്ലാ വിഷയങ്ങള്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കൂടിയുണ്ട്.


കൂടിയാലോചന യോഗം 11ന്

കേരള-കര്‍ണാടക സര്‍കാരുകളുടെ സഹകരണത്തോടെ കാസര്‍കോട് ജില്ലാ പഞ്ചായത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കയ്യാര്‍ കിഞ്ഞണ്ണറൈ സ്മാരക ഗവേഷണ കേന്ദ്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗം ആഗസ്റ്റ് 11ന് വ്യാഴാഴ്ച വൈകിട്ട് നാലിന് ജില്ലാ പഞ്ചായത് ഹാളില്‍ ചേരും.


ക്വടേഷന്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ നീലേശ്വരം ബ്ലോകില്‍ ആരംഭിക്കുന്ന ക്രഷിലേക്ക് ആവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള ഫര്‍ണിചറുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വനിത ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക: 04994 293060.
  
Kasaragod, Kerala, News, SSLC, Government Notifications - 06 August 2022.

Keywords: Kasaragod, Kerala, News, SSLC, Government Notifications - 06 August 2022.

Post a Comment