കാസര്‍കോട്: (my.kasargodvartha.com) മത, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം നിറഞ്ഞുനിന്നിരുന്ന അതുല്യ പ്രതിഭ ടി ഉബൈദിന്റെ കൂടെ പ്രവർത്തിച്ചവർക്കും ശിഷ്യന്മാർക്കും ആദരവൊരുക്കി ടി ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം. പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, താജ് അഹ്‌മദ്, ഡോ. വി എം പള്ളിക്കാല്‍ എന്നീ പ്രതിഭകൾക്കാണ് അവരുടെ വസതികളിൽ എത്തി ആദരവ് സമർപിച്ചത്. പ്രസിഡന്റും വ്യവസായ പ്രമുഖനുമായ യഹ്‌യ തളങ്കരയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
ടി ഉബൈദിന്റെ ഒപ്പം എന്നുമുണ്ടായിരുന്നു താജ് അഹ്‌മദിനെ തളങ്കര പള്ളിക്കാലിലെ വീട്ടില്‍ സന്ദര്‍ശിച്ച് യഹ്‌യ തളങ്കര പൊന്നാട അണിയിച്ചു. ഉബൈദിൽ നിന്ന് കവിതകളും ലേഖനങ്ങളും കേട്ടെഴുതുകയും ചൊല്ലി കേള്‍പ്പിക്കുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കാസർകോടിന്റെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് താജ് അഹ്‌മദ്.
ഉബൈദിന്റെ സാഹിത്യ ലോകത്തെ ആസ്പദമാക്കി രചനകൾ നിർവഹിച്ച പ്രൊഫ. ഇബ്രാഹിം ബേവിഞ്ച 'ഉബൈദിന്റെ കവിതാ ലോകം' എന്ന ഗ്രന്ഥത്തിലൂടെ ആ മഹാപ്രതിഭയുടെ കാവ്യ ജീവിതത്തെ വായനക്കാർക്ക് പരിചയപ്പെട്ട്ത്തി കൊടുത്തു. മലയാള സാഹിത്യ ശാഖക്ക് വിലപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ സമ്മാനിക്കുകയും രണ്ടു പതിറ്റാണ്ടിലധികം കാലം തുടര്‍ചയായി ചന്ദ്രിക വാരാന്തപ്പതിപ്പില്‍ 'പ്രസക്തി' എന്ന പേരില്‍ സമകാലീന വിഷയങ്ങള്‍ വിശകലനം ചെയ്ത് എഴുതുകയും കഥകളെ ആസ്പദമാക്കി 'മാധ്യമ' ത്തില്‍ നിരന്തരം എഴുതുകയും ചെയ്ത ഇബ്രാഹിം ബേവിഞ്ച എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയില്‍ നടത്തിയ സംഭാവനകളെ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചവര്‍ എടുത്തുകാട്ടി.
ഉബൈദിന്റെ ശിഷ്യനും കവിയുമായ ഡോ. വി എം പള്ളിക്കാലിനെ വിദ്യാനഗറിലെ മകന്റെ വീട്ടില്‍ സന്ദര്‍ശിച്ചാണ് ഷോൾ അണിയിച്ചത്. അധ്യാപകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ഉബൈദ് മാഷിന്റെ സംഭാവനകളെ അദ്ദേഹം ഓര്‍ത്തെടുത്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീർ മകനാണ്.
യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടി എ ശാഫി സ്വാഗതം പറഞ്ഞു. പി എസ് ഹമീദ്, കെ എം അബ്ദുർ റഹ്‌മാന്‍, അശ്റഫലി ചേരങ്കൈ, മുജീബ് അഹ്‌മദ്, അഡ്വ. ബി എഫ് അബ്ദുർ റഹ്‌മാന്‍, കരുണ്‍ താപ്പ, റഹീം ചൂരി, ശബാന എന്നിവര്‍ സംസാരിച്ചു. വി എം പള്ളിക്കാലിന്റെ പേരമകന്‍ മര്‍വാന്‍ ശുഐബ് ഗാനാലാപനം നടത്തി.
Keywords: Kasaragod, Kerala, News, T Ubaid Memorial Literary Arts Center held programme.
You are here
Programme | ടി ഉബൈദിന്റെ കൂടെ പ്രവർത്തിച്ചവരെയും ശിഷ്യന്മാരെയും ടി ഉബൈദ് സ്മാരക സാഹിത്യ കലാപഠന കേന്ദ്രം ഭാരവാഹികൾ സന്ദർശിച്ചു; പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, താജ് അഹ്‌മദ്, ഡോ. വി എം പള്ളിക്കാല്‍ എന്നിവർക്ക് ആദരവ്
- Thursday, June 16, 2022
- Posted by Desk Delta
- 0 Comments
Desk Delta
NEWS PUBLISHER
No comments: