ഉദുമ: (my.kasargodvartha.com 25.12.2021) ഓർമകളുടെ മുറ്റത്ത് 34 വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർഥികൾ ഇന്നലകളെ വീണ്ടും കൈകോർത്ത് പിടിച്ചപ്പോൾ ഉദുമ ഗവ. ഹൈസ്കൂൾ 1987 എസ് എസ് എൽ സി ബാചിന്റെ 'ഒരുവട്ടം കൂടി' സംഗമം ഹൃദ്യമായ അനുഭവമായി.
34 വര്‍ഷങ്ങള്‍ക്കു മുമ്പ് പഠിച്ചിറങ്ങിയവര്‍ പഴയകാല ഓര്‍മകള്‍ അയവിറക്കിയും പരസ്പരം പരിചയം പുതുക്കിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും മധുരം നുകര്‍ന്നും ഗ്രൂപ് ഫോടോകളെടുത്തും മധുര സ്മരണകള്‍ നിലനിര്‍ത്തി. ചിലര്‍ പഴയ കാല അധ്യാപകര്‍ ശാസിച്ചതും അടിച്ചതും ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു നൊമ്പരമായി മാറി. കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ആശിര്‍വദിച്ചും ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിച്ചു. കാലം കവർന്നെടുത്തു എന്ന് കരുതിയ മധുരമുള്ള കലാലയ ഓർമകളെ അവർ വീണ്ടും തിരികെ പിടിച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ വീർപ്പുമുട്ടി.
'87 ബാചിലെ എല്ലാ ഡിവിഷനിലെയും പൂർവ വിദ്യാർഥികൾ ആരംഭിച്ച വാട്സ് ആപ് ഗ്രൂപിലൂടെയാണ് ഈ കലാലയ മുറ്റത്തെ ഒത്തുചേരലിന് വേദിയൊരുക്കിയത്. പൂർവ വിദ്യാർഥികളും പഴയ അധ്യാപകരും ഒത്തുചേർന്നപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായി. രാവിലെ പ്രാർഥനാ ഗീതത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. മരണപ്പെട്ട അധ്യാപകരെയും പൂർവ വിദ്യാർഥികളെയും അനുസ്മരിച്ചു.
പരിപാടി റിട. അധ്യാപകനും കാർടൂനിസ്റ്റുമായ കെ എ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഡോ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഉദുമ ഗവ. ഹയർ സെകൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ടി വി മധുസൂദനൻ പ്രസംഗിച്ചു. ഗുരുവന്ദനം പരിപാടിയിൽ പഴയ അധ്യാപകരായ എ വി ഗോപിനാഥൻ, കെ എ ഗഫൂർ, ശ്രീകൃഷ്ണ
കായർത്തായ, ടി പ്രമോദ്, കെ വി പങ്കജാക്ഷൻ, എൻ കെ മോഹൻ ദാസ് , കെ വി കരുണൻ, കെ വിശാലാക്ഷൻ, കെ പി രാഘവൻ, എൻ യശോദ, ടി ജാനകി എന്നിവരെ ആദരിച്ചു.
മുജീബ് മാങ്ങാട് സ്വാഗതവും ടി വി വേണുഗോപാൽ പള്ളം നന്ദിയും പറഞ്ഞു. പൂർവ വിദ്യാർഥി ജയൻ മാങ്ങാട് തയ്യാറാക്കിയ കെ എ ഗഫൂറിൻ്റെ ജീവചരിത്ര ഹൃസ്വചിത്രം, ജയൻ മാങ്ങാട് രചനയും സംവിധാനവും നിർവഹിച്ച 'തെയ്യാട്ടം' ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം പൂർവ വിദ്യാർഥികൾ ഓർമ പുതുക്കൽ, കലാപരിപാടികൾ എന്നിവ നടത്തി.
Keywords: Kerala, News, Kasaragod, Uduma, School, Reunion, Organized 1987 Batch Alumni Reunion.
< !- START disable copy paste -->