(my.kasargodvartha.com 21.11.2021) മൂസച്ച ഇത്രപെട്ടെന്ന് ഈ ലോകത്തോട് വിടപറഞ്ഞു പോകുമെന്ന് കരുതിയില്ല. വിശ്വസിക്കാൻ കഴിയുന്നില്ല.
സൗഹൃദ വലയത്തിനുടമയായ വ്യക്തിയായിരുന്നു അദ്ദേഹം. ആരോടും പരിഭവമില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി ജീവിച്ചിരുന്ന വ്യക്തിത്വം.
പഴയ കാലത്ത് മുസ്ലീം ലീഗ് പ്രവർത്തകനും നെല്ലിക്കുന്നിൽ വ്യാപാരിയുമായിരുന്നു. നിരവധി സൗഹൃദ വലയം തീർത്ത് സ്നേഹത്തിന്റെ മധുരം പകർന്നു നൽകിയ മഹാ വ്യക്തിത്വത്തിനുടമയായിരുന്നു. ഐ എൻഎൽ നെല്ലിക്കുന്ന് മേഖല വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. സേട്ടു സാഹിബിനെ നെഞ്ചോട് ചേർത്ത് വെച്ച് അദ്ദേഹത്തിന്റെ പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ടു.
ചുണ്ടിൽ ബീഡി കത്തിച്ച് വെച്ച് ചൂരൽ കസേരയിലിരുന്നു പുകച്ചുരുൾ വായുവിലൂടെ മാന്ത്രികത തീർത്തിരുന്ന മൂസച്ചാനെ ഓർക്കുമ്പോൾ ഹൃദയം തേങ്ങുന്നു. ചായ പ്രിയനായിരുന്നു. കുഞ്ഞുങ്ങളെ ഏറെ പിരിശം വെച്ചിരുന്നയാളാണ്. നെല്ലിക്കുന്ന്, കടപ്പുറം പ്രദേശത്ത് ജാതിമത ഭേദമെന്യേ ഒരുപോലെ സ്നേഹത്തിന്റെ കുളിരായി നിറഞ്ഞു നിന്നിരുന്നു. ഇന്ന് ആ കുളിർ ഓർമ്മയായി നിൽക്കുന്നു.
ജീവിതത്തിൽ കുറേ മധുര ഓർമ്മകൾ ബാക്കി വെച്ച് മൂസച്ച യാത്രയായപ്പോൾ ഓരോരുത്തരുടേയും ഹൃദയാന്തരങ്ങളിലൂടെ നൊമ്പരത്തിന്റെ തിരമാലകൾ അലയടിക്കുകയാണ്. ഭൂമിയെ പോലും വേദനിപ്പിക്കാതെ നടന്നു നീങ്ങിയ ആളാണ്. പെട്ടെന്നായിരുന്നു തളർന്നു പോയത്. ആർക്കും ഒരു ബുദ്ധിമുട്ടുകളും നൽകാതെ ആരോടും പറയാതെ അല്ലാഹുവിലേക്ക് യാത്രയായപ്പോഴും വിശ്വസിക്കുവാൻ കഴിയാതെ കണ്ണീർ മുത്തുകളോരോന്നും വീണുടയുകയായിരുന്നു.
Keywords: Kasaragod, Kerala, News, Article, Rememberance, Memories, Remembrance about N A Moosa.
No comments: