(my.kasargodvartha.com 29.11.2021) ഒരാളുടെ വിയോഗാനന്തരം അവരുടെ ഓർമ്മകൾ മായാതെ പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നത് അദ്ദേഹം അടയാളപ്പെടുത്തി പോയ കർമ്മ ഫലങ്ങളുടെ കാരണമാണ്. നന്മക്കൊപ്പം യാത്ര ചെയ്ത് ഒടുവിൽ കണ്ണടക്കുന്ന വ്യക്തിയെ ഓർക്കാനും അയവിറക്കാനും ആയിരം നാവുകളുണ്ടാവുന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്നത്.
എത്രയോ പേർ നമുക്കിടയിൽ മരണപ്പെടുന്നുണ്ട്. ഖബറടക്കം കഴിഞ്ഞാൽ പിന്നെ അവരുടെ ഓർമ്മകൾ
താൻ ജീവിച്ച വീടിന്റെ അകത്തു മാത്രമായി ചുരുങ്ങുന്നു. പക്ഷെ ഒരു നാട് മുഴുവൻ നിരന്തരം ആ വ്യക്തിത്വത്തിന്റെ നല്ല നിറങ്ങളെ നിരന്തരം ഓർത്തെടുത്തു പറഞ്ഞു കൊണ്ടേയിരിക്കണമെങ്കിൽ
ആ മണ്ണിന്റെ സർവ്വ സ്പന്ദനങ്ങളിലും തന്റെ കയ്യൊപ്പുണ്ടായിരിക്കണം. അസാധ്യമായത് ഒന്നുമില്ലെന്ന് ആ ജനതയെ ബോധ്യപ്പെടുത്താൻ മാത്രം ജീവിത യാത്രയിൽ അദ്ദേഹം അടയാളപ്പെടുത്തിയിരിക്കണം. തന്റെ നിമിത്തങ്ങളാൽ നാട് പ്രകാശിച്ചിരിക്കണം. അദ്ദേഹം യാത്ര പോവുകയാണെങ്കിലും ഈ ജനതക്കും വരുന്ന തലമുറക്കും ചിലതെങ്കിലും സമ്മാനിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന ചാരിതാർഥ്യത്തിന്റെ കാരണമാണ്
ആ മണ്ണും വിണ്ണും വിതുമ്പി പോവുന്നത്. മക്കൾക്കും ഭാര്യക്കുമൊപ്പം നാട് മുഴുവൻ കരയുന്നതും.
വലിയ വലിയ ആളുകളെയൊക്കെ നമ്മൾ കേൾക്കാറുണ്ട്, വിദ്യാഭ്യാസ വിപ്ലവകരും, സാംസ്കാരിക നായകരുമെന്നൊക്കെ. പക്ഷെ അവർ ഉയർന്നത് അതിനു മാത്രം വളക്കൂറുള്ള മണ്ണിൽ നിന്നായിരിക്കും.
പക്ഷെ പൊസോളിഗെ ഹാജി എന്ന മനുഷ്യൻ ജീവിച്ചത് തനി ഗ്രാമ പ്രദേശത്താണ്. എന്താണ് അറിവ് എന്ന് ചിന്തിക്കാൻ പോലുമറിയാത്ത നാട്ടിലാണ്. കാളയെ പാടത്തിലിറക്കി നെല്ലെടുക്കാൻ മാത്രം പഠിച്ചിരുന്ന ജനതക്ക് നടുവിലാണ്. അടക്ക പെറുക്കി തോട്ടത്തിൽ ജീവിതം ഹോമിച്ചിരുന്ന മനുഷ്യർക്കിടയിലാണ്.
അവിടെ ഒരു എൽ പി സ്കൂൾ സ്ഥാപിക്കുക എന്നത് മറ്റിടങ്ങളിൽ യൂണിവേഴ്സിറ്റികൾ സ്ഥാപിക്കുന്നതിന് തുല്യമായിരുന്നു. അതത്ഭുതമല്ലെങ്കിൽ പിന്നെന്തിനെയാണ് അത്ഭുതമായി കാണാനാവുക. ഭൂത കാല ജീവിതത്തിലേക്ക് തിരഞ്ഞു നോക്കുമ്പോൾ ഓർമ്മ വരുന്ന ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്.
മുഖത്ത് ഒരു രോമം പോലും ഇല്ലാത്ത കൗമാര കാലത്ത് എംടിസി കഴിഞ്ഞിറങ്ങിയപ്പോൾ ആദ്യമായി ഞാൻ അധ്യാപകന്റെ വേഷം ധരിച്ചത് ഹാജിക്കയുടെ മുന്നിലാണ്. ബെളിഞ്ച ഹദ്ദാദ് ജുമാ മസ്ജിദിനു കീഴിലുള്ള മദ്രസയിൽ. കുട്ടിയെങ്ങനെയാ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് കൗതുകത്തോടെ ആദ്യം ചോദിച്ച അതെ ഹാജിക്ക തന്നെയാണ് പിന്നെ മറ്റുള്ളവരോട് ട്രൈനിങ്ങിനെ കുറിച്ചൊക്കെ വാചാലനായത്. അതൊരു സൈക്കോളജിക്കൽ പുഞ്ചിരിയായിരുന്നു.
രണ്ട് വർഷം ബെളിഞ്ചയിൽ ജോലി ചെയ്ത ഓർമ്മകളിൽ അധികവും അയവിറക്കാനുണ്ടാവുക ഹാജിക്കയെ കുറിച്ചായിരിക്കും. അദ്ദേഹത്തിന്റെ മൂന്ന് മക്കൾ അന്ന് മദ്രസയിൽ പഠിച്ചിരുന്നു. അഞ്ചു വഖ്ത് നിസ്കാരങ്ങൾക്കും ജമാഅത്തിനെത്താൻ ഹാജിക്ക ഏറെ ശ്രദ്ധിച്ചിരുന്നു. തെറ്റ് കണ്ടാൽ മുഖം നോക്കി പറയാനും നന്മ കണ്ടാൽ പ്രശംസിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. ദേഷ്യം വന്നാലും പുഞ്ചിരിക്കാൻ കഴിയുന്ന മനുഷ്യനെ കണ്ടത് ഹാജിക്കയിലൂടെയാണ്.
കലാ ചിന്തയുള്ള എല്ലാവരോടും അദ്ദേഹത്തിന് വല്ലാത്തൊരു ഇഷ്ടമായിരുന്നു. പലപ്പോഴും ഒരു മകനെ പോലെ അത് അദ്ദേഹം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഏത് പരിപാടിയാണെങ്കിലും സദസ്സിന്റെ മുൻ നിരയിലിരുന്ന് വേദിയിൽ നിന്ന് കേൾക്കാൻ മാത്രം ആഗ്രഹിച്ചിരുന്ന ഹാജാർച്ച ആരെങ്കിലും നിർബന്ധിച്ചാൽ മാത്രമേ വേദിയിലേക്ക് പോകുമായിരുന്നുള്ളു. താൻ എന്താണോ സ്വപ്നം കണ്ടത് അതിന്റെ സാക്ഷാത്കാരമാണ് തന്റെ മക്കളെന്നു ജീവിത കർമ്മത്തിലൂടെ തെളിയിച്ച വ്യക്തി പ്രഭാവത്തെ എങ്ങനെയാണ് വീണ്ടും വീണ്ടും അനുസ്മരിക്കാതിരിക്കുക.
സംസ്ഥാന സർഗലയം ബെളിഞ്ചയിൽ നടക്കുന്ന സമയം. ജനറൽ കൺവീനറായിരുന്ന മകൻ റശീദിന് അസുഖമായി. പിന്നെ ആ മകന്റെ റോൾ ഏറ്റെടുത്ത് യുവാവിനെ പോലെ ഓടി നടന്നിരുന്ന പൊസോളിഗെയെ ആ നാടിൻറെ പേരിനൊപ്പം എങ്ങനെ ചേർത്തു വെക്കാതിരിക്കും. പകച്ചു പോവേണ്ടിയിരുന്ന നേരങ്ങളിലൊക്കെ ആത്മ ധൈര്യത്തിന്റെ ആൾ രൂപമായി മാറിയ പൊസോളിഗെ ഹാജി സത്യത്തിൽ മലയോര മണ്ണിനെ വിസ്മയിപ്പിച്ചു കടന്നു പോയ അത്ഭുതമായിരുന്നു.
ഗ്രാമാതുരത്വം തുളുമ്പി നിന്ന ഇട വഴികളിലൂടെ നടന്നു പോയി ഒടുവിൽ തന്റെ ആയുസ്സ് കൊണ്ട് നാടിനു പ്രഭ പരത്തിയ കാലത്തിന്റെ കൈപ്പുകളെ തികട്ടി മാറ്റി സൂര്യൻ എന്റെ മണ്ണിലും ഉദിക്കുമെന്നു കർമ്മം കൊണ്ട് തെളിയിച്ച പൊസോളിഗെ അബ്ദുല്ല ഹാജിയെന്ന വിസ്മയം ഇനി ശാന്തമായി ഉറങ്ങട്ടെ. താൻ ദാനമായി നൽകിയ പള്ളിക്കാട്ടിലെ ആറടി മണ്ണിൽ. സ്വർഗ്ഗത്തിലെ മെത്ത വിരിച്ചു നാഥൻ അനുഗ്രഹിക്കട്ടെ.
Keywords: News, Kerala, Article, Top-Headlines, Kasaragod, National, Memories of Posoliga Abdullah Haji.
< !- START disable copy paste -->