(my.kasargodvartha.com 12.11.2021) ഫോട്ടോഗ്രാഫറും ഗായകനുമായ ആശിർവാദ് സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുകയാണ്. ഫോട്ടോഗ്രാഫർ ആയില്ലായിരുന്നുവെങ്കിൽ താനൊരു നല്ല പാട്ടുകാരനാവുമായിരുന്നുവെന്ന് ചെറുപുഞ്ചിരിയോടെ ആശിർവാദ് സുകുമാരൻ പറയുമ്പോഴും താൻ ജീവിതയാത്രയിൽ താണ്ടിയ കനൽവഴികളുടെ വേദന ആ മുഖത്തു നിന്ന് നമുക്ക് വായിച്ചെടുക്കാം.
സ്‌കൂൾ ജീവിതത്തിന് ശേഷം ഉപരിപഠനം ജീവിത പ്രാരാബ്ധങ്ങൾ വഴി മുടക്കിയപ്പോൾ സുകുമാരൻ കണ്ടെത്തിയ ഉപജീവന മാർഗം പത്രവിതരണമായിരുന്നു. മലയാള മനോരമ മാവുങ്കാൽ ഏജൻ്റ് ശ്രീധരൻ നായരാണ് പത്രവിതരണ ചുമതല നൽകിയത്. മനസിൽ അപ്പോഴും ഫോട്ടോഗ്രാഫിയെ കുറിച്ച് ചില സങ്കൽപ്പങ്ങൾ കുഞ്ഞു മനസിലുണ്ടായിരുന്നു. മനോരമയിൽ വരാറുള്ള ഫോട്ടോകൾ ആകാംക്ഷയോടെ നോക്കിയിരിക്കും. മനോരമ ചീഫ് ഫോട്ടോഗ്രാഫർ ടി നാരായണൻ്റെ മിഴിവാർന്ന പടങ്ങൾ പലതും തൻ്റെ കുഞ്ഞു മനസിലെ ഫോട്ടോഗ്രാഫറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് സുകുമാരൻ ഓർക്കുന്നു.
ദൈവനിശ്ചയം പോലെ ശ്രീധരൻ നായർ സുകുമാരനിലെ താത്പര്യം കണ്ടറിഞ്ഞ് തന്നെ സ്റ്റുഡിയോയിലേക്ക് കൂട്ടികൊണ്ടു പോയി. പുതിയ കോട്ടയിലെ ആരാധന സ്റ്റുഡിയോയിൽ ഫോട്ടോവാഷിംഗിനായിരുന്നു ആദ്യം നിയോഗിച്ചത്. അവിടെ നിന്നാണ് തന്നിലെ ഫോട്ടോഗ്രാഫറുടെ ജീവിതം തുടങ്ങുന്നതെന്നും ആരാധന സ്റ്റുഡിയോയിലെ രവി കാര്യാട്ട് ആണ് തന്നിലെ ഫോട്ടോഗ്രാഫറെ മോൾഡ് ചെയ്തെടുത്തതെന്നും സുകുമാരൻ സ്മരിക്കുന്നു.പിന്നീട് ശ്രീധരൻ നായരുടേതന്നെ കോട്ടച്ചേരിയിലെ ആദർശ് സ്റ്റുഡിയോയിലേക്ക് ചേക്കേറുന്നു.
ഫോട്ടോഗ്രാഫിയുടെ മറ്റു സാങ്കേതികത്വങ്ങൾ പഠിക്കുന്നതിന് മുൻപ് തന്നെ ക്യാമറ പിടിക്കാൻ ഭാഗ്യം ലഭിച്ചത് തൻ്റെ മാത്രം ഭാഗ്യമായി സുകുമാരൻ കാണുന്നു. സ്റ്റുഡിയോ ജോലിക്കൊപ്പം തന്നെ സംഗീതത്തെയും സുകുമാരൻ കൂടെ കൊണ്ടു നടന്നു. പുതിയകോട്ടയിൽ പാലാ ഭാസ്കരൻ ഭാഗവതരുടെ കൂടെ ചേർന്ന് സംഗീതം അഭ്യസിച്ചു. പല വേദികളിലും പാടാൻ അവസരം ലഭിച്ചുവെങ്കിലും ഫോട്ടോഗ്രാഫിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആനന്ദാശ്രമവുമായി അടുത്തിടപഴകിയിരുന്ന സുകുമാരന് ആശ്രമത്തിലെ സ്ഥിരം ഭജനയാണ് സംഗീതത്തിലേക്ക് വഴികാട്ടിയായത്.
മനസിൽ ഛായഗ്രഹണ കലയെ കുറിച്ച് അടങ്ങാത്ത അഭിവാഞ്ചയുമായി നടക്കുന്ന ഫോട്ടോഗ്രാഫർ കൂടിയാണ് സുകുമാരൻ. അതു കൊണ്ടുതന്നെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ അമ്പതാം വാർഷികത്തിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം 'ഇന്ത്യ ടേൺസ് 50 ടുഡെ' എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ സുകുമാരൻ്റെ ചിത്രത്തിന് ദേശീയ അംഗീകാരം ലഭിച്ചു. മാതൃഭൂമിയുടെ സംസ്ഥാന തല മത്സരത്തിലും ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ്റെയും മികച്ച ഫോട്ടോഗ്രാഫർക്കുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തുടക്കത്തിൽ ബ്ലാക്ക് ആൻറ് വൈറ്റ് യാഷിക്ക മാറ്റ് 120 ലും പെൻ്റക്സ് എം ഇ സൂപ്പർ ക്യാമറയിലും തുടങ്ങിയ തൻ്റെ ഫോട്ടോഗ്രാഫി ജീവിതം സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം വളരുകയായിരുന്നു. ഇന്ന് രണ്ടര ലക്ഷത്തിന് മുകളിൽ വിലയുള്ള നിക്കോൺ മിറർലെസ് ഇസെഡ് സെവൻ എന്ന ക്യാമറയും, അതിന്യൂതന ലെൻസുകളുമാണ് ഉപയോഗിക്കുന്നത്. 1998 ൽ കാഞ്ഞങ്ങാട്ട് ആശിർവാദ് എന്ന പേരിൽ സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങി. ആനന്ദാശ്രമത്തിലെ സച്ചിദാനന്ദ സ്വാമിയാണ് തൻ്റെ സ്റ്റുഡിയോയ്ക്ക് നാമകരണം ചെയ്തതെന്ന് സുകുമാരൻ ഓർക്കുന്നു.
ഇക്കാലയളവിൽ പ്രഗത്ഭരും പ്രശസ്തരുമായ നിരവധി പേരുടെ ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് സുകുമാരൻ പറഞ്ഞു. താൻ ഏറ്റവും കൂടുതൽ തവണ പകർത്തിയത് പാണക്കാട് ശിഹാബ് തങ്ങളുടേതാണെന്ന് സുകുമാരൻ..ഇ എം എസ്, കെ കരുണാകരൻ, ഇ കെ നായനാർ, എം വി ആർ, യെച്ചൂരി, പ്രകാശ് കാരാട്ട്, അച്യുതാനന്ദൻ, പിണറായി, എ കെ ആൻ്റണി, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, രാഹുൽ ഗാന്ധി, ജി എം ബനത്ത് വാല, ഇബ്രാഹിം സുലൈമാൻ സേട്ട്, അഴീക്കോട്, കാനായി, യേശുദാസ് ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ, മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി, ഒ എൻ വി, ശ്രീകുമാരൻ തമ്പി, ഒക്ഷിണാ മൂർത്തി എസ് രമേശൻ നായർ, എം കെ അർജുനൻ, കെ രാഘവൻ മാഷ്, കമല സുരയ്യ, സുഗതകുമാരി എ അയ്യപ്പൻ തുടങ്ങിയവർ വിവിധ മേഖലകളിലെ പ്രഗത്ഭരുടെ ഗണത്തിൽ ചിലർ മാത്രമാണ്.
കാഞ്ഞങ്ങടിൻ്റെ ജനകീയ സാന്നിധ്യങ്ങളായിരുന്ന കെ മാധവൻ, മടിക്കൈ കമ്മാരൻ, മെട്രോ മുഹമ്മദ് ഹാജി, കാഞ്ഞങ്ങാട് രാമചന്ദ്രൻ തുടങ്ങിയവരുടെ സുകുമാരൻ പകർത്തിയ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആശിർവാദ് സ്റ്റുഡിയോ ചുവരിൽ ഇപ്പോഴുമുണ്ട്. സ്കൂൾ കലോത്സവങ്ങൾ പാലക്കാട് വരെ പോയി പകർത്തിയതും ജില്ലയിൽ നടന്ന യൂണിവേഴ്സിറ്റി കലോത്സവങ്ങളുടേയും ചിത്രങ്ങൾ പകർത്തിയ അനുഭവവും സുകുമാരൻ പങ്കുവെക്കുന്നു. ജില്ലയിലെ പ്രധാന സംഭവങ്ങൾ പകർത്താൻ എന്നും സുകുമാരനായിരുന്നു നിയോഗം.
കാസർകോട്ട് നടന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൻ്റെയും ഫെഡറേഷൻ കപ്പ് ദക്ഷിണ മേഖല വോളിബോൾ ചാമ്പ്യൻഷിപ്പ് കാഞ്ഞങ്ങാട്ട് നടന്നപ്പോഴും മിക്ക പത്രങ്ങളിലെല്ലാം സുകുമാരൻ പകർത്തിയ ചിത്രങ്ങളായിരുന്നു അച്ചടിച്ചു വന്നത്. ബന്ധങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്നു ഈ ഫോട്ടോഗ്രാഫറായ ഗായകൻ്റെ സൗഹൃദവലയം ഏറെ വലുതാണ്. ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായ ബീന സുകുവാണ് ഭാര്യ. ഐശ്വര്യ സുകുമാർ, അനുഗ്രഹ സുകുമാർ എന്നിവർ മക്കളാണ്.
Keywords: Kerala, Article, Camera, Photos, Photographer, Kasaragod, Kanhangad, About photographer Ashirwad Sukumaran.