ചർളടുക്ക: (my.kasargodvartha.com 08.06.2021) മധൂർ-പട്‌ള-കൊല്ലങ്കാന-ചർളടുക്ക റോഡിന്റെ ദുരിതങ്ങൾക്ക് അടിയന്തിരയിടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ചെർളടുക്ക യുനിറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം അയച്ചു. റോഡിന്റെ മാന്യ- ചർളടുക്ക വരെയുള്ള ഭാഗം പൂർണമായും ടാറിംഗ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.
ഇത് ചൂണ്ടിക്കാട്ടിയാണ് ആധുനിക രീതിയിലുള്ള റോഡിനായി മന്ത്രിക്ക് നിവേദനം നൽകിയത്. വീതിയുള്ള റോഡ് വേണമെന്ന ജനങ്ങളുടെ വർഷങ്ങളുടെ ആവശ്യവും മുറവിളിയും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനുള്ള ആദ്യ പ്രവർത്തനമെന്ന നിലയിലാണ് ഇ-മെയിൽ വഴി നിവേദനം അയച്ചത്. തുടർ പ്രവർത്തനത്തിന്റെ ഭാഗമായി സർകാർ തലത്തിൽ ഇടപെട്ട് കൊണ്ട് യോഗ്യമായ റോഡ് ഉറപ്പ് വരുത്താൻ നേതൃത്വം നൽകുമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറഞ്ഞു.
നിവേദനത്തിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി മുൻപാകെ ഡി വൈ എഫ് ഐ ചർളടുക്ക യൂനിറ്റ് സമർപിക്കുന്ന നിവേദനം
വിഷയം: മധൂർ-പട്‌ള-കൊല്ലങ്കാന-ചർളടുക്ക റോഡ് നവീകരണത്തെ സംബന്ധിച്ച്
സർ,
കാസർകോട് പി ഡബ്ല്യു ഡി സെക്ഷന് കീഴിൽ ഉള്ളതാണ് മേൽപറഞ്ഞ റോഡ് ബദിയടുക്ക, നെല്ലിക്കട്ട, ചർളടുക്ക പ്രദേശങ്ങളിൽ ഉള്ളവർ വടക്കേ മലബാറിലെ പ്രശസ്തമായ മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ പോകാൻ ഉപയോഗിക്കുന്ന റോഡാണിത്. കാസർകോട് നഗരത്തിലേക്ക് അന്തർസംസ്ഥാന പാതയിലെ തിരക്കിൽ നിന്ന് ഒഴിവായി യാത്ര ചെയ്യാൻ പറ്റുന്ന റോഡുകൂടിയാണ്. ഈ റോഡിന്റെ മാന്യ മുതൽ ചർളടുക്ക വരെയുള്ള ഭാഗം യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ തകർന്നിരിക്കുകയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് അറ്റകുറ്റപണി നടത്തിയെങ്കിലും പണിയിലെ കൃത്രിമത്വം കാരണം റോഡ് തകർന്നു. അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് ഉണ്ടായിട്ടുള്ളതുമാണ്. വിദ്യാലയങ്ങളും ദേവാലയങ്ങളും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേക്കുമായി ദിനംപ്രതി ആയിര കണക്കിന് ആളുകളും നൂറുകണക്കിന് വാഹനങ്ങളും കടന്നു പോകുന്ന ഈ റോഡിലെ യാത്ര വളരെ ക്ലേശകരമാണ്. നിലവിൽ നവീകരണം നടന്നുകൊണ്ടിരിക്കുന്ന ചർക്കള-കല്ലടുക്ക റോഡിൽ ചർളടുക്കയിൽ ഈ റോഡ് കൂടിച്ചേരുന്നതിനാൽ ഉക്കിനടക്കയിൽ സ്ഥിതി ചെയ്യുന്ന കാസർകോട് മെഡികൽ കോളജിലേക്കടക്കം പോകാൻ വളരെ സഹായകരമാണ്. ആയതിനാൽ ഭാവിയിലെ ആവശ്യങ്ങളും വാഹനപ്പെരുപ്പവും കൂടി പരിഗണിച്ച് അടിയന്തിരമായി ഈ റോഡ് വീതി കൂടി പുനർ നിർമിക്കണമെന്ന് അഭ്യർഥിക്കുകയാണ്.
Keywords: Kasaragod, Kerala, News, DYFI sends petition to minister seeking immediate action on Madhur-Patla-Kollankana-Charladukka road.