ദുബൈ: (my.kasargodvartha.com 06.03.2021) ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമിറ്റിയുടെ എഡ്യുകേഷന്‍ & കരിയര്‍ സെല്ലിനു കീഴിലായി സി ജിയുമായി സഹകരിച്ച് കൊണ്ട് കേന്ദ്ര സംസ്ഥാന ജോലിയില്‍ പ്രവേശിക്കുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി നടപ്പിലാക്കിയ സി സര്‍കിള്‍ ട്രെയിനിംഗ് പ്രോഗ്രാമിനു തുടക്കമായി.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തികച്ചും സൗജന്യമായാണ് ട്രെയിനിംഗ് ആരംഭിച്ചിരിക്കുന്നത്. സി സര്‍കിള്‍ പ്രോഗ്രാമില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ കരിയര്‍ രംഗത്തെ മികച്ച ഫാകെല്‍റ്റികളായ ഡോ. ശരീഫ് പൊവ്വല്‍, മുജീബുല്ല കൈന്താര്‍, ശംസുദ്ദീന്‍ മാസ്റ്റര്‍, അബൂ സ്വാലിഹ് മാസ്റ്റര്‍ തുടങ്ങിയവരാണ് തൊഴിലന്വേഷകര്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള ട്രെയിനിംഗ് ലഭ്യമാക്കി കൊടുത്ത് കൊണ്ട് ഗള്‍ഫ് മേഖലയില്‍ ജോലി എടുക്കുന്നവര്‍ക്ക് പോലും കേന്ദ്ര സംസ്ഥാന സര്‍കാര്‍ ജോലികള്‍ നേടിക്കൊടുക്കാന്‍ സഹായിക്കുന്ന കെഎംസിസി സി - സര്‍കിള്‍ ട്രെയിനിംഗ് പ്രോഗ്രാമിനു നേതൃത്വം നല്‍കുന്നത്.
കെ എം സി സി സി - സര്‍ക്കിള്‍ പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി മത്സര പരീക്ഷകളില്‍ ഉന്നത മാര്‍കുകള്‍ നേടുവാന്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ദുബൈ കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന. സെക്രടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഏഡ്യൂകേഷന്‍ സെല്‍ ചെയര്‍മാന്‍ സലാം തട്ടാനിച്ചേരി എന്നിവര്‍ അറിയിച്ചു.