കരിവെള്ളൂര്‍: (my.kasargodvartha.com 15.02.2021) അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ തൊഴില്‍ ശാലകളില്‍ നിന്നും ആയിരങ്ങളെ കൈപിടിച്ചു ഉയര്‍ത്തിയ കൂക്കാനം റഹ് മാന്‍ മാസ്റ്റര്‍, ആ അനുഭവങ്ങള്‍ പങ്കുവെക്കുന്ന 'അക്ഷര വിപ്ലവം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കരിവെള്ളൂര്‍ മാതൃക' പുസ്തകം പ്രകാശനം ചെയ്തു. കരിവെള്ളൂര്‍ ബസാറില്‍ പൊതു ചടങ്ങില്‍ വച്ച് വാഗ്മിയും എഴുത്തുകാരനുമായ കരിവെള്ളൂര്‍ മുരളി സംസ്ഥാന പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കെ നാരായണന് നല്‍കി പ്രകാശനം ചെയ്തു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബീഡി, നെയ്ത്തു, കാര്‍ഷിക തൊഴില്‍ ശാലകളില്‍ പണിയെടുത്തിരുന്ന ഇടക്ക് വച്ച് പഠനം നിര്‍ത്തിയ അര്‍ദ്ധ സാക്ഷരര്‍, നിരക്ഷരര്‍ എന്നിവരെ 1974 ല്‍ ആരംഭിച്ച കാന്‍ഫെഡ് അനൗപചാരിക വിദ്യാ കേന്ദ്രങ്ങള്‍ വഴി അക്ഷരത്തിന്റെ ലോകത്തേക്ക് റഹ് മാന്‍ മാസ്റ്ററും കൂട്ടരും നയിച്ചു. ഇതിലൂടെ അനേകം പേര് വിദ്യാഭ്യാസം നേടി സര്‍കാര്‍ ജോലിയിലും മറ്റും എത്തിപ്പെടാന്‍ ഇടയാക്കിയ അനുഭവ കുറിപ്പുകളാണ് പുസ്തകത്തിലൂടെ പറയുന്നത്. കോളജ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപല്‍മാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പൊലീസ് ഓഫീസര്‍മാര്‍, പത്ര പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ എക്‌സൈസ്, ബിവറേജ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ജോലി ലഭിച്ചവര്‍ തുടങ്ങിയവര്‍ അവരുടെ വിജയകഥകള്‍ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എ വി ലൈജു അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കരിവെള്ളൂര്‍, രാജന്‍ കൊടക്കാട്, ടി വി രവീന്ദ്രന്‍ പ്രസംഗിച്ചു. ഗ്രന്ഥകാരന്‍ കൂക്കാനം റഹ് മാന്‍ നന്ദി രേഖപ്പെടുത്തി.