വെള്ളരിക്കുണ്ട്: (my.kasargodvartha.com 09.11.2020) രണ്ടര ഏക്കര്‍ നെല്‍ പാടത്തു വിളഞ്ഞ നൂറ് മേനി കൊയ്യാന്‍ പാടശേഖര സമിതിക്കൊപ്പം കാക്കിയണിഞ്ഞ സര്‍ക്കിള്‍ ഇന്‍സെപ്കറ്ററും. വെസ്റ്റ് എളേരി കൃഷി ഭവന്‍ പരിധിയിലെ പുങ്ങംചാല്‍ കളരി ക്ഷേത്ര നെല്‍പാടത്തു വിളഞ്ഞ നൂറ് മേനി നെല്‍ക്കതിര്‍ കൊയ്യാനാണ് പാടശേഖര സമിതിക്കൊപ്പം വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍ പാടത്ത് ഇറങ്ങിയത്.
വെസ്റ്റ് എളേരി കൃഷി ഓഫീസര്‍ വി വി രാജീവന്‍, കളരി ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ കൊയ്യാന്‍ എത്തിയ അമ്മമാര്‍ എന്നിവര്‍ക്കൊപ്പം യാതൊരു മടിയുമില്ലാതെ വെള്ളരിക്കുണ്ട് സി ഐ പ്രേം സദന്‍ അതിവേഗം ഒരു നെല്‍കറ്റ കൊയ്‌തെടുത്തു.
തിരഞ്ഞെടുപ്പ് ചട്ട മുള്ളതിനാല്‍ ജനപ്രതിനിധികള്‍ മാറി നിന്ന പുങ്ങംചാല്‍ പാടത്തെ കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യാന്‍ പാട ശേഖര സമിതിയുടെ ക്ഷണം സ്വീകരിച്ചാണ് വെള്ളരിക്കുണ്ട് സി ഐ എത്തിയത്.
കൊയ്ത്തിനു മുന്‍പായി നടന്ന പൗരാണികമായ ചടങ്ങുകള്‍ക്ക് ശേഷം കൊയ്ത്തു കത്തി കയ്യിലെടുത്ത ഈ പോലീസ് ഓഫീസര്‍ ആദ്യം നൂറ് മേനി വിളഞ്ഞ പാടവും നെല്‍ കതിരും തൊട്ട് വന്ദിച്ചു.
എല്ലാവരുടെയും അനുവാദത്തോടെ താന്‍ കൊയ്യാന്‍ പോവുകയാണെന്നും നല്ല വിളവ് ലഭിക്കട്ടെ എന്നും പറഞ്ഞു കൊയ്യാന്‍തുടങ്ങി. തങ്ങളുടെ നാട്ടിലെ നിയപാലകരില്‍ പ്രധാനിയായ പോലീസ് ഓഫീസര്‍ പാടത്തിറങ്ങി നെല്‍കറ്റ കൊയ്യുന്നത് കാണാന്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആളുകള്‍ നോക്കി കണ്ടു. പോലീസിലാണ് ജോലിയെങ്കിലും താന്‍ ഒരു കൃഷി സ്‌നേഹിയാണ് എന്നും നെല്‍കൃഷി തന്റെ ഒരു സ്വപ്നവും അപൂര്‍വ്വമായി കിട്ടിയ ഒരു ഭാഗ്യമായിട്ടാണ് കൊയ്യാന്‍ ലഭിച്ച അവസരം കാണുന്നത് എന്നും പറഞ്ഞു കൊണ്ട് പുങ്ങംചാല്‍ പാടശേഖര സമിതിക്ക് ആശംസ അര്‍പ്പിച്ചുമാണ് സി ഐ മടങ്ങിയത്.
കാഞ്ഞങ്ങാട് കോട്ടച്ചേരി സ്വദേശിയായ കെ പ്രേം സദന്‍ കുറച്ചു കാലം മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
പുങ്ങംചാല്‍ കളരി ക്ഷേത്രത്തിന്റെ അധീനതയിലുള്ള രണ്ടര ഏക്കര്‍ പാടത്ത് ജ്യോതി, ഉമ എന്നിവയാണ് വിളഞ്ഞത്. വെസ്റ്റ് എളേരി കൃഷി ഭവന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പ്രദേശമാണ് ഇവിടം.
Keywords: Vellarikund, Kasaragod, News, Kerala, Police to harvest two and a half acres of paddy