കാസര്‍കോട്: (my.kasargodvartha.com 14.10.2020) കോര്‍ കമ്മിറ്റി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി വൈകുന്നേരം 6 മണിക്ക് ശേഷം ബേക്കറികളും മറ്റും അടക്കണമെന്ന പോലീസ് നിര്‍ദ്ദേശം പുന: പരിശോധിക്കണമെന്ന് മെര്‍ച്ചന്റസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കലക്ടറുടെ നേതൃത്യത്തിലുള്ള കോറോണ കോര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പൊലീസ് അധികാരികള്‍ കഴിഞ്ഞ ദിവസം മുതല്‍ ബേക്കറികളും ഹോട്ടലുകളും, അടക്കം മിക്കവാറും എല്ലാ കടകളും വൈകുന്നേരം 6 മണിക്ക് ശേഷം അടക്കണമെന്ന നിര്‍ദ്ദേശമാണ് വ്യാപാരികള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു തീരുമാനം കോര്‍ കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ല എന്നാണ് കാസര്‍കോട് മെര്‍ച്ചന്റസ് അസോസിയേഷന്‍ മനസ്സിലാക്കുന്നത്.
കഫേകളിലും ബേക്കറികളിലും മറ്റു സമാനവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും വൈകുന്നേരം ആർ മണിക്ക് ശേഷമുള്ള ജ്യൂസ്, ചായ, കോഫി വില്‍പന ഒഴിവാക്കണമെന്നാണ് കോര്‍ കമ്മിറ്റി തീരുമാനിച്ചത്. കോര്‍ കമ്മിറ്റിയുടെ പ്രസ്തുത തീരുമാനം അംഗീകരിക്കാന്‍ വ്യാപാരികൾ തയ്യാറാണെന്നും വ്യാപാരികൾ പറയുന്നു.
കോര്‍ കമ്മിറ്റി എടുക്കാത്ത തീരുമാനങ്ങള്‍ പറഞ്ഞ് കടകള്‍ അടപ്പിക്കുന്ന പൊലീസ് നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിസണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.