Join Whatsapp Group. Join now!

വൈ പി അന്താന്‍ച്ച (വൈ പി അബ്ദുര്‍ റഹ് മാന്‍ പാടലടുക്ക) പുഞ്ചിരി ബാക്കി വെച്ച് യാത്രയായി

അതെ! അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി വൈ പി അന്താന്‍ച്ച യാത്രയായിരിക്കുന്നു YP Abdul rahman no more
അനുസ്മരണം/ ശംസു പാടലടുക്ക

(my.kasargodvartha.com 14.08.2020) സുബഹി നിസ്‌കാരത്തിന്ന് വേണ്ടി എണീറ്റപ്പോഴാണ് മച്ചു (മശ്ഹൂദ്) ഒരു വിതുമ്പലോടെ എന്നോട് ഈ ദുഃഖ വാര്‍ത്ത പറയുന്നത്. വിശ്വാസം വരാതെ രണ്ടു മൂന്ന് ആവര്‍ത്തി  അവനോട് ചോദിക്കേണ്ടി വന്നു. അതെ! അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി വൈ പി അന്താന്‍ച്ച യാത്രയായിരിക്കുന്നു, ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് !

അപ്രതീക്ഷിതമായ ഈ മരണ വാര്‍ത്ത ഉണ്ടാക്കിയ നോവ്  താങ്ങാവുന്നതിനുമപ്പുറമാണ്! ഒരു നിമിഷം ഇന്നലെകളുടെ പടികളിറങ്ങി ഭൂത കാലത്തിലൂടെ  അല്‍പ്പം നീങ്ങി.  അദ്ദേഹം സമ്മാനിച്ച ഓര്‍മ്മകള്‍  പതിവിലും കൂടുതല്‍ തിളങ്ങുന്നതായി എനിക്ക് തോന്നി!

നാടിന്റെ നഷ്ടങ്ങള്‍ ഓരോന്നും പകരം വെക്കാനില്ലാത്ത വിടവുകളായി മാറുമ്പോഴും നാടിന്റെ തണല്‍ മരങ്ങളില്‍ ഓരോന്ന് നഷ്ടപ്പെടുമ്പോഴും അവയുണ്ടാക്കുന്ന  മൂകതയും ശൂന്യതയും മനസിന്റെ മതില്‍ കല്ലുകളില്‍ മ്ലാനതയുടെ കറുത്ത ചിത്രങ്ങള്‍ തീര്‍ക്കുകയാണ്. നര്‍മ്മത്തില്‍ ചാലിച്ച മര്‍മ്മ വാക്കുകള്‍ കൊണ്ടും  നിഷ്‌കളങ്കമായ മനസ്സ് കൊണ്ടും ഒരു വലിയ സൗഹൃദബന്ധം സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് അന്താന്ച്ച.

ഏത് മാനസികാവസ്ഥയിലാണെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടിയാല്‍ എല്ലാം മറന്നു പോവും വിധമായിരുന്നു അദ്ധേഹത്തിന്റെ സംസാര രീതി. എന്നും ഓര്‍മ്മയില്‍ തങ്ങി  നില്‍ക്കുന്ന  ഒരു വേറിട്ട  പുഞ്ചിരിയോടെ  നല്ല ശബ്ദത്തില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവരും ഊര്‍ജ്വസ്വലരായി മാറും വിധം ഒരു പരോക്ഷ പ്രചോദനമായിരുന്നു അദ്ദേഹം.

ഞാന്‍ അറിയുന്ന കാലം തൊട്ടേ ഞങ്ങളുടെ ആ വഴി പോവുമ്പോള്‍ ഒന്ന് നില്‍ക്കാതെയും സംസാരിക്കാതെയും അദ്ദേഹം പോവാറില്ല. ഉപ്പ ഉണ്ടായിരുന്ന സമയത്തു മുംബൈയില്‍ നിന്ന് വന്നാല്‍ 'മൂത്താ' എന്ന നീട്ടിയുള്ള ഒരു വിളിയുമായി വരാറുണ്ടായിരുന്നത് ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു. എവിടെ കണ്ടാലും കുടുംബ കാര്യം അടക്കം ഒരു പാട്  സംസാരിച്ചിരുന്ന അന്താന്‍ച്ചയുടെ വേര്‍പാട് നൊമ്പരത്തിന്റെ കാര്‍മേഘമായി  മാറുമ്പോള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാ മനസ്സുകളിലും അദ്ദേഹം ബാക്കി വെച്ച പുഞ്ചിരി ദുഃഖ മഴ പെയ്യിക്കാതിരിക്കില്ല.


എല്ലാവരുടെയും ഇഷ്ടപ്പെട്ട വ്യക്തി ആയതു കൊണ്ടാവാം ആ വഴിയിലൂടെ പോവുന്നവര്‍ അദ്ദേഹത്തിന്റെ  ഉമ്മറത്തേക്കൊന്ന് നോക്കുകയോ അദ്ദേഹത്തോട് സംസാരിക്കുകയോ ഒക്കെ ചെയ്തിരുന്നത്.  വീട്ടിലേക്കു അദ്ദേഹം നിര്‍ബ്ബന്ധിച്ചു ക്ഷണിക്കും.  സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യും.  അത് കൊണ്ട് തന്നെ അന്താന്‍ച്ചാന്റെ  വിയോഗം ഉണ്ടാക്കുന്ന ശൂന്യത ആ പ്രദേശത്തെ വെളിച്ചത്തിന്റെ തിളക്കം കുറയ്ക്കുമെന്നതില്‍ സംശയമില്ല.

വഴികള്‍ രണ്ടായി പിരിയുന്നേടത്തു യാത്രയാവുന്നവരെ  ഒന്ന് അവസാനമായി   കാണാന്‍ പോലും ഭാഗ്യം നഷ്ടപ്പെടുന്ന  പ്രവാസികളുടെ മാനസികാവസ്ഥ കറുത്ത കവിതകളായി അവശേഷിക്കുമ്പോള്‍ കാലം സാക്ഷിയായി എല്ലാം ഒരു നിമിത്തം പോലെ മനസ്സില്‍ ബാക്കിയാവുകയാണ്. വിധിയെ തടുക്കാനാവില്ലല്ലോ ആര്‍ക്കും! ഇന്നോ നാളെയോ  എല്ലാവരും പോവേണ്ടവരാണ്!

നമ്മെ വിട്ടു പിരിഞ്ഞ അന്താന്‍ച്ചാന്റെ ഖബര്‍ ജീവിതം അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ. കുടുംബത്തിന്ന് അള്ളാഹു ക്ഷമ നല്‍കട്ടെ. അദ്ദേഹത്തെയും  നമ്മെയും നമ്മില്‍ നിന്ന് മണ്മറഞ്ഞ എല്ലാവരെയും  അള്ളാഹു നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ. ആമീന്‍


Keywords: Kerala, Article, YP Abdul rahman, Shamsu padaladukka, YP Abdul rahman no more

Post a Comment