Join Whatsapp Group. Join now!

പള്ളിക്കര ചെര്‍ക്കപ്പാറയില്‍ പൂര്‍ത്തിയായ ഓപ്പണ്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

ഓപ്പണ്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉദുമ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിച്ചു Open stadium at Pallikkara Cherkappara was inaugurated
പള്ളിക്കര: (www.kasargodvartha.com 28.08.2020) ജില്ലയിലെ കായിക കുതിപ്പിന് ഊര്‍ജ്ജം പകരാന്‍ പള്ളിക്കര ചെര്‍ക്കപ്പാറയില്‍ പൂര്‍ത്തിയായ ഓപ്പണ്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉദുമ കെ കുഞ്ഞിരാമന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കേരളോത്സവത്തിന്റേയും മറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് ഈ സ്റ്റേഡിയം. രണ്ട് ഏക്കര്‍ സ്ഥലത്ത് പൂര്‍ത്തിയാകുന്ന കളിക്കളത്തില്‍ കോവിഡിന് ശേഷം ആര്‍പ്പുവിളികളുയരും. 

 

ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്, കബഡി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19, 2019-20 വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഡിയം പണികഴിപ്പിച്ചത്. ഫെബ്രുവരി അവസാന വാരം പണി പൂര്‍ത്തയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ മാസത്തില്‍ നടത്താനിരിക്കെയാണ് കോവിഡ് വില്ലാനായെത്തിയത്.

ഓപ്പണ്‍ സ്റ്റേഡിയവും ഗാലറിയും പൂര്‍ത്തിയാകുന്നതോടെ കായിക കാസര്‍കോടിന്റെ മുഖം മാറും കായിക താരങ്ങളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് നടപ്പാക്കുന്ന പരിശീലന പരിപാടികളും സ്റ്റേഡിയവും ബ്ലോക്കിന്റെ സ്വപ്ന പദ്ധതികളാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി പറഞ്ഞു.

40 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും ആറ് ലക്ഷം രൂപ ജില്ലാ പഞ്ചായത്തും വകയിരുത്തി സംയുക്തമായി നിര്‍മ്മിച്ച സ്റ്റേഡിയം പള്ളിക്കര പഞ്ചായത്തിന്റ അനുമതിയോടെ ഒരുങ്ങുകയാണ്. 700 പേര്‍ക്ക്് ഒരേ സമയം മത്സരം ആസ്വദിക്കാവുന്ന തരത്തിലാണ് ഗാലറി പണികഴിപ്പിച്ചിരിക്കുന്നത്. ഇതോട് ചേര്‍ന്ന് പവലിയന്‍ കൂടി തയ്യാറാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് കാലത്ത് അധിക ബാധ്യതകള്‍ വന്നതിനാല്‍ അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഇതിനായി തുക വകയിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി അധ്യക്ഷയായി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര മുഖ്യ അതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി സോളമന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ കരുണാകരന്‍ കുന്നത്ത്, ഡിവിഷന്‍ മെമ്പര്‍ കെ ഭാനുമതി, വാര്‍്ഡ് മെമ്പര്‍ കെ രവീന്ദ്രന്‍, മുന്‍ വികസനകാര്യ സ്ഥിരം ചെയര്‍മാന്‍ (പഞ്ചായത്ത്) രാഘവന്‍ വെളുത്തോളി, ക്ലബ്ബ് ഭാരവാഹി ടി അശോകന്‍ തുടങ്ങിയവര്‍ പ‌ങ്കെടുത്തു.


Keywords: News, Kerala, Kasaragod, Pallikara, Inaugration, Open stadium at Pallikkara Cherkappara was inaugurated
 

Post a Comment