Join Whatsapp Group. Join now!

ഭൂമിയെ വേദനിപ്പിക്കാതെ നടന്നു നീങ്ങിയ ഹനീഫ്...

ഹനീഫ് മരണപ്പെട്ടുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കുമൊന്നു ഞാന്‍ ഞെട്ടി Haneef walked without hurting the earth ...
അനുസ്മരണം/ മുഹമ്മദലി നെല്ലിക്കുന്ന്

(my.kasargodvartha.com 24.07.2020) ഹനീഫ് മരണപ്പെട്ടുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കുമൊന്നു ഞാന്‍ ഞെട്ടി. അങ്ങനെ സംഭവിക്കരുതേ എന്നു മനസ്സു കൊണ്ട് ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു...

നല്ല ടെന്‍ഷനുണ്ട്, രണ്ടും കല്‍പ്പിച്ച്  ഞാന്‍ ഹനീഫയുടെ ജ്യേഷ്ഠനെ ഫോണില്‍ വിളിച്ചു. കുറേ സമയം മൊബൈല്‍ റിംഗ് ചെയ്തുവെന്നല്ലാതെ ഫോണെടുത്തില്ല. വീണ്ടും വേറൊരു സുഹൃത്തിന് വിളിച്ചപ്പോള്‍...
അതേ, ആ കേട്ടത്  ശരിയായിരുന്നു !
Article, Haneef walked without hurting the earth ...

ജൂലായ് പന്ത്രണ്ടിന് അല്‍ഐനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടു പോയ ഹനീഫയെക്കുറിച്ചാണ് ഞാനിന്നെഴുതുന്നത്. എന്റെ
ജീവിതത്തിലെ ഒരുപാട് സൗഹൃദ് ബന്ധങ്ങളില്‍ നിന്നും തികച്ചും  വ്യത്യസ്തനായ ഒരു വ്യക്തിയെ കുറിച്ച്.

ഹനീഫയെ ഒറ്റവാക്കില്‍ ഞാനിങ്ങനെ പറയട്ടെ, ഭൂമിയെ പോലും വേദനിപ്പിക്കാതെ ജീവിച്ച പച്ചമനുഷ്യന്‍.

സദാ പുഞ്ചിരിക്കുന്ന മുഖവുമായി  സൗഹൃദ വലയം തീര്‍ത്തവന്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുകയോ,ആരേയും കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്യാത്ത ഒരു വ്യക്തി.

എവിടെ കണ്ടാലും ഓടിവന്ന് കുശലന്വേഷണം നടത്തുന്ന ഹനീഫയുടെ മരണവാര്‍ത്ത ഇപ്പഴുമെനിക്ക് വിശ്വസിക്കാനാവുന്നില്ല. ഞാന്‍ ആ ആഘാതത്തില്‍ നിന്നും വിടുതി നേടിയിട്ടില്ല എന്നു തന്നെ പറയാം.


നാട്ടിലായാലും ഗള്‍ഫിലായാലും പരിചയമുള്ളവരെ കണ്ടുമുട്ടിയാല്‍ അവനെപ്പഴും സന്തോഷക്കടല്‍ തീര്‍ക്കും.  കുശലാന്വേഷണങ്ങള്‍ കൊണ്ട് മൂടും. ആതിഥേയന്റെ അങ്ങേയറ്റമാകും. അലിവിന്റെ അനല്‍പനാകും. സത്യം, ആള്‍ക്കൂട്ടത്തില്‍ ഹനീഫ് നില്‍ക്കുമ്പോള്‍ പ്രകാശിക്കുന്ന പുഞ്ചിരിയോടെ  എപ്പഴുമവന്‍ വേറിട്ട ഒരു കാഴ്ച തന്നെയായിരുന്നു.

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പഠിപ്പിച്ച കൂട്ടുകാരനായിരുന്നു ഹനീഫ്. അവന്റെ വിയോഗം ഒരു തീരാ നഷ്ടം തന്നെയാണ്.  കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലര്‍ക്കുമങ്ങിനെത്തന്നെയാണ്.

ജീവിതത്തില്‍ അവന്‍ നേടിയത് ഒന്ന് മാത്രം -  സ്‌നേഹത്തില്‍ ചാലിച്ച ഒരുപാട് നല്ല കൂട്ടുകാര്‍. അവനെ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കവനെയും തിരിച്ചറിഞ്ഞ സദ്‌സുഹൃദ്ബന്ധം.

കുടുംബം പോറ്റാന്‍  അറേബ്യന്‍ മണലാരണ്യത്തില്‍ കൊടും ചൂടും, കോച്ചുന്ന തണുപ്പും സഹിച്ചു ജീവിച്ചുകൊണ്ടിരിക്കെയാണ്,  ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിച്ചേര്‍ക്കുന്ന തിരക്കിനിടെയാണ്,  മരണമെന്ന  അതിഥി അവനേയും കൂട്ടി കടന്നു പോയ്ക്കളഞ്ഞത്.

എല്ലാം ഭൂമിയില്‍ ബാക്കി വെച്ച് ആരും കാണാത്ത ആരും കൂട്ടിനില്ലാത്ത ഒരു ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട ഹനീഫ്, നീ  തനിച്ചു പോയപ്പോള്‍ നിന്റെ പൊയ്‌പ്പോയ ഓര്‍മ്മകള്‍  പക്ഷെ, എന്നും പടിതുറന്നെത്തുകയാണ്.

അവസാനമായി നിന്റെ മുഖമൊന്ന് കാണാന്‍ കഴിയാതെ, ഒരു സലാം പോലും പറയാന്‍ പറ്റാത്തതിന്റെ വിഷമം ഇപ്പഴും മനസ്സില്‍ ആളിക്കത്തുകയാണ്.



Keywords: Article, Haneef walked without hurting the earth ...

Post a Comment