Join Whatsapp Group. Join now!

മുഹ് യുദ്ദീന്‍ മാഷ്; ഒരു ഓര്‍മ്മക്കുറിപ്പ്

മുഹ്യുദ്ദീന്‍ മാഷ് വിടവാങ്ങി. അംഗടിമുഗറിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നും ഒരു വൃക്ഷം കൂടി കൊഴിഞ്ഞു. കഴിഞ്ഞ വര്‍ഷം Kerala, Article, Moideen Angadymugar, Remembering Muhyuddin master
മൊയ്തീന്‍ അംഗഡിമുഗര്‍

(my.kasargodvartha.com 18.04.2020) മുഹ്യുദ്ദീന്‍ മാഷ് വിടവാങ്ങി. അംഗടിമുഗറിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നും ഒരു വൃക്ഷം കൂടി കൊഴിഞ്ഞു. കഴിഞ്ഞ വര്‍ഷം എച്ച് എ മുഹമ്മദ് മാഷായിരുന്നു. നന്മമാത്രം ആഗ്രഹിക്കുകയും നന്മ പ്രാവര്‍ത്തികമാക്കുകയും  ചെയ്ത നന്മമരയിരുന്നു മുഹ്യുദ്ദീന്‍ മാഷ്. ജീവിത വിശുദ്ധിയുടെയും നിര്‍മല സ്നേഹത്തിന്റെയും മഹിത മാതൃക കാട്ടി  ഗ്രാമത്തില്‍ പ്രകാശം ചൊരിഞ്ഞ സൗമ്യനായ വ്യക്തിത്വം.

പഴയകാല യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ച് വാചാലനാവുകയും സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ  സമൂഹത്തിന്റെ ശാക്തീകരണം സാധ്യമാകൂ എന്നും മാഷ് പറയാതെ പറഞ്ഞു. സ്വന്തം പെണ്‍മക്കളെയടക്കം വിദ്യാഭ്യാസം നല്‍കി ഉദ്യോഗസ്ഥതലത്തില്‍ എത്തിക്കുകയും  അക്കാദമിക് സമൂഹത്തിന്റെ ഭാഗമാക്കി മാറ്റി അദ്ദേഹം നാടിന് മാതൃകയാകുകയും ചെയ്തു.

സമൂഹവികാസത്തിന്റെ അവിഭാജ്യമായ ഘടകം വിദ്യാഭ്യാസമാണെന്നും അത് നേടാന്‍ എല്ലാ പരിശ്രമങ്ങളും ഉണ്ടാവണമെന്നും പുതുതലമുറയോട് അദ്ദേഹം നിരന്തരം ഉപദേശം നല്‍കിക്കൊണ്ടിരുന്നു. മാഷിന്റെ  കുടുംബവുമായി  വളരെ അടുപ്പം പുലര്‍ത്തിയിരുന്നതുകൊണ്ട് എന്റെ മക്കള്‍ക്കും  മൂല്യവത്തായ ആ ഉപദേശങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ട്.

അംഗടിമുഗര്‍, സൂരംബയല്‍, പട്ട്ള തുടങ്ങിയ സ്‌കൂളില്‍ ജോലി ചെയ്തശേഷം  ഉളുവാര്‍ എല്‍.പി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച മുഹ്യുദ്ദീന്‍ മാഷ് തികഞ്ഞ വായനാ പ്രേമിയായിരുന്നു. എന്‍പത്തിയെട്ടിന്റെ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കിടയിലും പ്രഭാത പത്രങ്ങളും ഉത്തരദേശം അടക്കമുള്ള സായാഹ്ന പത്രങ്ങളും വായിക്കുകയും അടുപ്പമുള്ളവരുമായി സംവദിക്കുകയും ചെയ്തു. നേരും നെറിയും കെട്ട വര്‍ത്തമാന ലോകത്തിന്റെ വിശേഷങ്ങള്‍ വായിച്ചു മാഷ് പലപ്പോഴും മൗനമായി വിങ്ങുന്നത് കണ്ടിട്ടുണ്ട്.

കെട്ട കാലത്തിന്റെ ചുമരില്‍ കനല്‍ക്കട്ടപോലെ നേരിന്റെ വചനങ്ങള്‍ എഴുതിവയ്ക്കാന്‍ സ്വന്തം ഗ്രാമത്തിലെങ്കിലും മാഷിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. അയല്‍വാസി എന്ന നിലയിലും ആ കുടുംബവുമായി വളരെ അടുപ്പമുള്ള ഒരാളെന്ന നിലയിലും മാഷിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം തന്നെയാണ്. അകത്തെവിടെയോ ഒരു കുഞ്ഞു മുറിവ്  ആത്മാര്‍ത്ഥമായി നീറുന്നു.

കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടും മാഷിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ടും വിങ്ങുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണുനീര്‍.



Keywords: Kerala, Article, Moideen Angadymugar, Remembering Muhyuddin master
  < !- START disable copy paste -->   

Post a Comment