Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 15-02-2020

സഹകരണ ജനാധിപത്യവേദി ജില്ലാതല നേതൃത്വ പഠനക്യാമ്പ് ശനിയാഴ്ച ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടക്കും. രാവിലെ 9.30ന് സംസ്ഥാന ചെയര്‍മാന്‍ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 15-02-2020
സഹകരണ ജനാധിപത്യ വേദി നേതൃത്വ പഠന ക്യാമ്പ് 15ന്

വിദ്യാനഗര്‍: (my.kasargodvartha.com 14.02.2020) സഹകരണ ജനാധിപത്യവേദി ജില്ലാതല നേതൃത്വ പഠനക്യാമ്പ് ശനിയാഴ്ച ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടക്കും. രാവിലെ 9.30ന് സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്യും. മുന്‍ എം എല്‍ എ കെ ശിവദാസന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. വത്സന്‍ പിലിക്കോട് ക്ലാസെടുക്കും.വിവിധ സഹകരണ സംഘങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും.

കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ എം ടി.പി ശില്‍പശാല 15 ന് 

മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി നിയമവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍  ഫെബ്രുവരി 15 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ഡി.എം.ഒ കോണ്‍ഫറന്‍സ് ഹാളില്‍ എം ടി പി ശില്‍പശാല നടത്തും. എം.ടി.പി. യുമായി ബന്ധപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഒരു പ്രതിനിധി പങ്കെടുക്കേണ്ടതാണെന്ന് ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും ഇനി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

'ലഹരിക്കെതിരെ കായിക ലഹരി'; തളങ്കരയില്‍ ടാര്‍ജറ്റ് ഫുട്ബോള്‍ 15 ന്

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തി 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' 90 ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ കായിക മത്സരത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് 'ലഹരിക്കെതിരെ കായിക ലഹരി' എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ഥം കാസര്‍കോട് എക്സൈസ് റെയ്ഞ്ചിന്റെയും ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 15 ന് വൈകുന്നേരം നാല് മുതല്‍ 5.30 വരെ കാസര്‍കോട് തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപത്തുളള ഗ്രൗണ്ടില്‍ ടാര്‍ജറ്റ് ഫുട്ബോള്‍ മത്സരം നടത്തും. ഫോണ്‍- 9495337130, 9400069716.

ബയോ ഫ്ളോക് രീതിയുള്ള ജില്ലയിലെ ആദ്യത്തെ മത്സ്യ കൃഷിയുടെ വിളവെടുപ്പും വിപണനവും ശനിയാഴ്ച കന്തലില്‍

കുമ്പള: ഐ എം എഫ് സൊസൈറ്റിയുടെ കീഴിലുള്ളതും ജില്ലയിലെ ആദ്യത്തെ ബയോ ഫ്ളോക് സംവിധാനത്തില്‍ വളര്‍ത്തപ്പെട്ടതുമായ  മത്സ്യങ്ങളുടെ ആദ്യത്തെ വിളവെടുപ്പും വിപണന മേളയും ശനിയാഴ്ച രാവിലെ നടക്കും. പുത്തിഗെ പഞ്ചായത്തിലെ കന്തല്‍- മണിയംപാറയിലുള്ള കുഞ്ഞടുക്കം ഫാമിലാണ് ഈ ന്യൂതന ടെക്നോളജി ഉപയോഗിച്ചുള്ള കൃഷി നടത്തിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ 9:30 ന് ഫാമില്‍ നടക്കുന്ന പരിപാടിയില്‍ ഐ എം എഫ് സംസ്ഥാന കമ്മിറ്റി അംഗം ജെസ്റ്റിന്‍ ജോസ് സ്വാഗത ഭാഷണം നടത്തും. പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ് അദ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ വി പി സതീശന്‍ ഉദ്ഘാടനം ചെയ്യും. നഫീസത്ത് അന്‍സീന, രവി ചന്ദ്രന്‍, ടി എം അലി, ഡി എച്ച് എ റഹ്മാന്‍, ഹസനുല്‍ ബന്ന കെ എസ്, ആസിഫ് കന്തല്‍, അബേല ഡിസൂസ, ഹരിനാഥ് ഷെട്ടി, അസ്ലം കുഞ്ഞെടുക്കം എന്നിവര്‍ സംബന്ധിക്കും.

നവീകരിച്ച കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയുടെയും ചുമര്‍ ചിത്രങ്ങളുടെയും ഉദ്ഘാടനം ഫെബ്രുവരി 15 ന്

നവീകരിച്ച കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയും ചുമര്‍ ചിത്രങ്ങളും ഫെബ്രുവരി 15 ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷനാകും. കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ എ.സി സൗകര്യവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈറ്റിങ് സൗകര്യവും അഞ്ഞൂറോളം ചിത്രങ്ങള്‍ ശേഖരിച്ച് വെക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുകയാണ്. വലിയ മുപ്പത് ചിത്രങ്ങള്‍ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളാണ് ഗാലറിക്കുള്ളില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ വലിപ്പം കുറവാണങ്കില്‍ നാല്‍പ്പത്തിയഞ്ച് ചിത്രങ്ങള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിക്കാവുന്നതാണ്.

മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന കര്‍ഷകര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് വിതരണം ഫെബ്രുവരി 15, 17 തീയ്യതികളില്‍

മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യത്തിന് അനുവദിച്ച മണ്ണെണ്ണ പെര്‍മിറ്റുകള്‍ ഫെബ്രുവരി 15, 17 തിയ്യതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 15 ന്  മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് അനുവദിച്ച കാര്‍ഷിക പെര്‍മിറ്റ് അതത് കൃഷി ഭവനുകളിലും മഞ്ചേശ്വരം, മംഗല്‍പാടി പഞ്ചായത്തുകളിലെ കാര്‍ഷിക പെര്‍മിറ്റ് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസിലും വിതരണം ചെയ്യും. 17 ന് കുമ്പള, പുത്തിഗെ, പൈവളികെ, എന്മകജെ പഞ്ചായത്തുകളിലെ കാര്‍ഷിക പെര്‍മിറ്റ് അതത് കൃഷി ഭവനുകളിലും  വിതരണം ചെയ്യും. പെര്‍മിറ്റ് ഉടമകള്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി നേരിട്ടെത്തി പെര്‍മിറ്റ് വില നല്‍കി പെര്‍മിറ്റുകള്‍ വാങ്ങണം.

മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ടീം ലീഡര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, ബ്രാഞ്ച് മാനേജര്‍ തസ്തിക; എംപ്ളോയബിലിറ്റി സെന്ററില്‍ അഭിമുഖം 15ന്

ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ളോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 15ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ടീം ലീഡര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. പത്താംതരം യോഗ്യയുള്ളവര്‍ക്ക് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും  പ്ലസ്ടുവില്‍ കുറയാത്ത യോഗ്തയയുള്ളവര്‍ക്ക്  ടീം ലീഡര്‍, ഓഫീസ് ഇന്‍ ചാര്‍ജ്, ബ്രാഞ്ച് മാനേജര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം. ഫോണ്‍ : 04994297470, 9207155700 .

കാസര്‍കോട് കലക്ട്രേറ്റിനു മുമ്പില്‍ പ്രതിരോധവും കൂടലും ഫെബ്രുവരി 15ന്

ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ ഫെബ്രവരി 15ന് കാസര്‍കോട് കലക്ട്രേറ്റിനു മുമ്പില്‍ പ്രതിരോധവും കൂടലും നടക്കും. രാവിലെ 10 മണിക്ക് വിദ്യാനഗറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 10 മണി മുതല്‍ 4 മണി വരെ കാസര്‍കോട് ബി.സി.റോഡില്‍ നടക്കുന്ന കുടിചേരലില്‍ പ്രമുഖ എഴുത്തുകാരും ചിത്രകാരന്മാരും പങ്കെടുക്കും.  അനിയന്ത്രിതവും അനധികൃതവുമായ ഖനനങ്ങള്‍ ജില്ലയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്ന മുന്നറിയിപ്പ് അവഗണിക്കുന്ന ഖനന, ഉദ്യോഗസ്ഥ, രാഷ്ട്രീയ മാഫിയകളെ ചെറുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണു് ജില്ലാ പരിസ്ഥിതി സമിതി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. പ്രളയാനന്തര കാലത്തെ തിരിച്ചറിയാത്ത മാഫിയകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ജില്ലാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു.

കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി 15ന്

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി ഫെബ്രുവരി 15 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പുലിക്കുന്ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേരും. സംയുക്ത ജമാഅത്തിലെ അംഗ മഹല്ലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാഅംഗങ്ങളും  യോഗത്തില്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ലയും അറിയിച്ചു.

ദേലംപാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും 15ന്

ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുരി 15 ന് രാവിലെ 10 മുതല്‍ ദേലംപാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ളാസും സംഘടിപ്പിക്കും.  എംപ്ളോയ്മെന്റ്  എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ ചെയ്യാത്ത പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി എത്തി രജിസ്ട്രേഷന്‍ നടത്തണം.

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ശനിയാഴ്ച സമാപിക്കും

ചരിത്രപ്രസിദ്ധമായ ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിന് ഭക്തജനപ്രവാഹം. ജാതിമതഭേദമന്യേ രാത്രിയും പകലിലുമായി നിരവധി ഭക്തജനങ്ങള്‍ സന്ദര്‍ശനത്തിനെത്തിക്കൊണ്ടിരുന്ന ഉറൂസ് ശനിയാഴ്ച രാത്രി സമാപിക്കും.പത്ത് ദിവസമായി നടന്ന് വരുന്ന മതപ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം വാഹനങ്ങളിലായി ദൂരദിക്കുകളില്‍ നിന്നും വന്നവരെക്കൊണ്ട് മഖാം പരിസരം നിറഞ്ഞ് കവിഞ്ഞിരുന്നു. വൈകിട്ട് അസര്‍ നിസ്‌കാരത്തിന് ശേഷം മഖാം മസ്ജിദില്‍ വെച്ച് നടക്കുന്ന മൗലിദ് പാരായണത്തിന് ചള്ളങ്കയം ജമാഅത്ത് കമ്മിറ്റി ചെയര്‍മാന്‍ അസ്സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഖത്തമുല്‍ ഖുര്‍ആന്‍, അനുസ്മരണം, ബുര്‍ദ മജിലിസ്, ആദരിക്കല്‍ ചടങ്ങ് എന്നിവ നടക്കും. സമാപന സമ്മേളനം അസ്സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി മള്ഹര്‍ ഉദ്ഘാടനം ചെയ്യും. അമ്പേരി അബ്ദുര്‍ റഹീം സഖാഫി സ്വാഗതം ആശംസിക്കും. ചള്ളങ്കയം ഖത്വീബ് അന്‍സാര്‍ സഅദി അധ്യക്ഷത വഹിക്കും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി ആശംസ നേരും. ഇബ്രാഹിം സഖാഫി കര്‍ണൂര്‍ ഉല്‍ബോധനപ്രസംഗം നടത്തും. തുടര്‍ന്ന് നടക്കുന്ന ഭക്തിനിര്‍ഭരമായ കൂട്ടപ്രാര്‍ത്ഥനയ്ക്ക് ശേഷം അന്നദാന വിതരണത്തോടെ പത്ത് ദിവസമായി നടന്ന് വരുന്ന ഉറൂസിന് സമാപനം കുറിക്കും.

എന്‍ കെ ബാലകൃഷ്ണന്‍ ജന്മശതാബ്ദി ആഘോഷം 15ന് തുടങ്ങും

നീലേശ്വരം: എന്‍ കെ ബാലകൃഷ്ണന്‍ ജന്മശതാബ്ദി ആഘോഷം 15ന് തുടങ്ങും. വൈകിട്ട് അഞ്ചു മണിക്ക് നീലേശ്വരം പാലസ് ഗ്രൗണ്ടില്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

ദിനേശ് ബീഡി സുവര്‍ണ ജൂബിലി ആഘോഷ സമാപനം 15ന്

കാഞ്ഞങ്ങാട്: ദിനേശ് ബീഡി സുവര്‍ണ ജൂബിലി ആഘോഷ സമാപനം 15ന് നാലു മണിക്ക് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ നടക്കും. 

എസ് വൈ എസ് ജില്ലാ യുവജന റാലിയും പ്രകടനവും പൊതു സമ്മേളനവും ശനിയാഴ്ച

കാസര്‍കോട് :പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു  എന്ന പ്രമേയത്തില്‍ ശനിയാഴ്ച കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിക്ക് പതാക ഉയര്‍ന്നു. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിനു ശേഷം നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പട
ടിയോടെ പതാക ജാഥയായി പ്രവര്‍ത്തകര്‍ നഗരിയിലെത്തി. സിയാറത്തിന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.  സ്‌കൗട്ട് ഭവന് മുമ്പിലുള്ള പ്രിന്‍സ് അവന്യൂവിലെ യൂത്ത് സ്‌ക്വയറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തിക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് യു പി എസ് തങ്ങള്‍,  സയ്യിദ് ജഅഫര്‍ തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് അാ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍, ഹമീദ് പരപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.  

15ന് ശനിയാഴ്ച രാവിലെ 7.30ന് നഗരിയില്‍ മഹളറത്തുല്‍ ബദ്രിയ്യ ആത്മീയ സംഗമം നടക്കും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. 9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സുന്നി വിദ്യഭ്യാസ ബോര്‍ഡ് ട്രഷറര്‍  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദുമ, എം സി ഖമറുദ്ദീന്‍ എം എല്‍ എ മഞ്ചേശ്വരം, മുനീര്‍ ബാഖവി തുരുത്തി മുഖ്യാതിഥികളാകും.

രാവിലെ 11.15ന് പൗരത്വം ഔദാര്യമല്ല വിഷയത്തില്‍ സെമിനാര്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സംസ്‌കാരം, സദാചാരം, മതം ആദര്‍ശം, വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴില്‍  എന്നീ വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ക്ക ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, റഹ്മത്തുല്ലാഹ് സഖാഫി എളമരം,  ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, നേതൃത്വം നല്‍കും. വൈകിട്ട് മൂന്നിന് പ്രസ്ഥാനിക സെഷനില്‍ എസ് വൈ എസിന്റെ വര്‍ത്തമാനം സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് അവതരിപ്പിക്കും.

3.30ന് ഗുരു സന്നിധിയില്‍  താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാരും താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരും പ്രതിനിധികള്‍ക്ക് ആത്മീയോപദേശം നല്‍കും. ജില്ലാ യുവജനറാലി ശനിയാഴ്ച 4.30ന് നഗരിയില്‍ നിന്ന് പുറപ്പെടും. പുതിയ ബസ്റ്റാന്റ് ചുറ്റി നഗരിയില്‍ സമാപിക്കും. സമാപന സമ്മേളനം  കാസര്‍കോട് നുള്ളിപ്പാടിയില്‍ തയ്യാറാക്കിയ ഇ കെ ഹസന്‍ മുസ്ലിയാര്‍ നഗറില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്തിന്റെ പ്രാര്‍ഥനയോടെ വൈകിട്ട് 5.30ന് ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, മുഹമ്മദ് റാശിദ് ബുഖാരി പ്രമേയ പ്രഭാഷണങ്ങള്‍ നടത്തും. ടീം ഒലീവ് സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫിയും ദാറുല്‍ ഖൈര്‍ ഭവന പദ്ധതി ഉദ്ഘാടനം മജീദ് കക്കാടും മഈശ സ്വയം തൊഴില്‍ പദ്ധതി ഉദ്ഘാടനം ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലവും നിര്‍വ്വഹിക്കും.

തൃക്കണ്ണാട് ക്ഷേത്രത്തിൽ അഷ്ടാവധാന പൂജ ശനിയാഴ്ച്

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആറാട്ടുൽസവത്തിന്റെ ഭാഗമായി അഷ്ടാവധാന വിശേഷാൽ പൂജ ശനിയാഴ്ച്ച രാത്രി 8ന് നടക്കും.രാവിലെ 10ന് കരിപ്പോടി തിരൂർ മുച്ചിലോട്ട് സമിതിയുടെ ഭജനയും രാത്രി 7ന് വെടിത്തറക്കാൽ ത്രയംബകേശ്വര സംഘം ഭജന പാടും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 15-02-2020

Post a Comment