Join Whatsapp Group. Join now!

മൊഗ്രാല്‍ മാപ്പിള കലാ പഠനകേന്ദ്രം അടച്ചുപൂട്ടി അഞ്ചുവര്‍ഷം; ഇശല്‍ പാരമ്പര്യം നിലനിര്‍ത്താന്‍ നടപടി വേണമെന്ന് ആവശ്യം

മൊഗ്രാലിലെ മാപ്പിള കലാ പഠനകേന്ദ്രം അടച്ചിട്ട് അഞ്ചുവര്‍ഷം. ഇശല്‍ പാരമ്പര്യം നിലനിര്‍ത്താന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു. Kerala, News, Kasaragod, Mogral, Mappilappattu, Actions demanded to retain the traditional ishal of Mogral
കാസര്‍കോട്: (my.kasargodvartha.com 02.12.2019) മൊഗ്രാലിലെ മാപ്പിള കലാ പഠനകേന്ദ്രം അടച്ചിട്ട് അഞ്ചുവര്‍ഷം. ഇശല്‍ പാരമ്പര്യം നിലനിര്‍ത്താന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.

മൊഗ്രാലിലെ മാപ്പിളപ്പാട്ട് പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010ലാണ് കേന്ദ്രം സ്ഥാപിച്ചത്. നിരവധി മാപ്പിളപ്പാട്ട് ഗായകര്‍ക്ക് ജന്മം നല്‍കിയ മൊഗ്രാലില്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലെ മാപ്പിള കലാ പഠനകേന്ദ്രത്തിന്റെ ഉപകേന്ദ്രമായാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.

മൊഗ്രാലിലെ മാപ്പിളപ്പാട്ട് കാവ്യ സംസ്‌കാരത്തിന്റെ പൈതൃകം സംരക്ഷിക്കുക, മഹത്തായ പാരമ്പര്യം പുതുതലമുറയ്ക്കു കൂടി പരിചയപ്പെടുത്തുക, മാപ്പിള കലകളെക്കുറിച്ച് പുതിയ പഠനങ്ങളും പരീക്ഷണങ്ങളും സാധ്യമാക്കുക തുടങ്ങിയവയായിരുന്നു കേന്ദ്രം ആരംഭിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത്.

ഒരുകാലത്ത് വടക്കന്‍ മലബാറില്‍ മാപ്പിളപ്പാട്ട് കവികളുടെ കേന്ദ്രമായിരുന്നു മൊഗ്രാല്‍ ഗ്രാമം. കവയത്രിമാര്‍ക്കും ഈ ഗ്രാമം ജന്മം നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കാവ്യപാരമ്പര്യത്തോട് കിടപിടിക്കുന്നതായിരുന്നു മൊഗ്രാല്‍ ഗ്രാമത്തിന്റെ സംഗീതപാരമ്പര്യം. പാരമ്പര്യ മാപ്പിളപ്പാട്ട് ശാഖയ്ക്ക് ഒട്ടേറേ കാവ്യങ്ങള്‍ സംഭാവന ചെയ്ത മുപ്പതിലധികം കവികളുടെ നാടാണ് മൊഗ്രാല്‍.

മാപ്പിളകലകളുടെ പരിപോഷണത്തിനും പൈതൃകത്തെ പൊതുജനങ്ങളിലെത്തിക്കാനും കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളുമടങ്ങുന്ന ഭരണസമിതി സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മുന്നിട്ടിറങ്ങിയിരുന്നു. സ്വതന്ത്രമായ ഫണ്ടോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ സര്‍ക്കാര്‍ സ്ഥാപനത്തിന് നേരിട്ടനുവദിച്ചിരുന്നില്ല.

മൊഗ്രാലിന്റെ ഇശല്‍ പാരമ്പര്യത്തെ പരിചയപ്പെടുത്താനും രചനാ പൈതൃകം നിലനിര്‍ത്തുവാനും അടിയന്തിര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മാപ്പിള കലാ പഠന കേന്ദ്രം സംരക്ഷിക്കണമെന്നും കളനാട് ഇസ്‌റ കാമ്പസില്‍ നടന്ന ജില്ലാ കലാലയം സാംസ്‌കാരിക വേദി ബൈത്തുല്‍ ഹിക്മ സംഗമം ആവശ്യപ്പെട്ടു.

ജില്ലാ കാബിനറ്റ് സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ എരോല്‍ ചര്‍ച്ച നിയന്ത്രിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം ടി പി ശക്കീര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് സഖാഫി കൊമ്പോട് 'മൊഗ്രാല്‍: ഇശല്‍ ഗ്രാമത്തിന്റെ ഇന്നലെകള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, നംഷാദ് മാസ്റ്റര്‍ ബേക്കൂര്‍, മജീദ് ഫാളിലി, മുര്‍ഷിദ് പുളിക്കൂര്‍, അഡ്വ. മുഈനുദ്ദീന്‍ തങ്ങള്‍, ബാദുഷ ഹാദി മൊഗ്രാല്‍, ഖലീല്‍ സഖാഫി, ഫാറൂഖ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. കമ്യൂണിസം, എന്‍ ആര്‍ സി ഭേദഗതി ബില്‍ എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

കലാലയം സമിതി ചെയര്‍മാന്‍ സുബൈര്‍ ബാഡൂര്‍ സ്വാഗതവും റഷീദ് സഅദി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Mogral, Mappilappattu, Actions demanded to retain the traditional ishal of Mogral

Post a Comment