Join Whatsapp Group. Join now!

സബാഷ്! മക്കളെ സബാഷ്! പട്‌ല നിങ്ങളെ ഓര്‍ത്തഭിമാനിക്കുന്നു

ഈ ചുണക്കുട്ടികളെയല്ലാതെ മറ്റാരെയാണ് ഇന്ന് അഭിനന്ദിക്കേണ്ടത്? ഇന്നലെ എല്ലാവരും ഉറങ്ങി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമായിരിക്കും, എനിക്കത് വിArticle, Gulf, Football, Sports, Congratulations United Patla FC.
അബൂ റൈഹാന്‍, മാവിലെ

(www.kasargodvartha.com 24.03.2019) ഈ ചുണക്കുട്ടികളെയല്ലാതെ മറ്റാരെയാണ് ഇന്ന് അഭിനന്ദിക്കേണ്ടത്?

ഇന്നലെ എല്ലാവരും ഉറങ്ങി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമായിരിക്കും, എനിക്കത് വിശ്വസിക്കാന്‍ പറ്റില്ലൊട്ടും.

അതെന്ത് കൊണ്ടെന്നോ? ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന പട്‌ലക്കാര്‍ ഉറങ്ങിയിട്ടില്ല, അത് തന്നെ. കളി എവിടെ നടന്നുവെന്നത് അവര്‍ക്ക് വിഷയമല്ല. കാനനച്ചോലയിലായാലും കടലേഴും കടന്നായാലും, പട്‌ലക്കാരുടെ യുനൈറ്റഡ് എഫ്‌സി ആ കളിക്കളത്തിലുണ്ടോ, രണ്ടിലൊന്നറിയാതെ പട്‌ലക്കാര്‍ ഉറങ്ങാറില്ല. കിടന്നാല്‍ തന്നെ കണ്ണിമ അടയില്ല.

ഇന്നലെ വൈകിട്ട് നാല് മണി മുതല്‍ തുടങ്ങിയ ഫുട്‌ബോള്‍ മാമാങ്കം. എവിടെയെന്നോ? യു എ ഇ യില്‍, മലയാളിയുടെ മനം കവരും പറുദീസയായ ദുബൈയില്‍ തന്നെ. കേരളക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഖിസൈസിന്റെ മണ്ണില്‍ ഒട്ടേറെ കാല്‍പ്പന്തുകളിക്ക് സാക്ഷ്യം വഹിച്ച അമിറ്റി ഫുട്‌ബോള്‍ മൈതാനത്ത്.

കാസര്‍കോട് ജില്ലയിലെ പത്ത് പ്രഗത്ഭ ടീമുകള്‍. അവയ്ക്ക് ജേഴ്‌സി അണിയാന്‍ സംസ്ഥാന -ദേശിയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരടക്കം തഴക്കവും പഴക്കവും ചെന്ന കളിക്കാര്‍. മിക്ക ടീമിലും പത്രങ്ങളില്‍ കളിക്കളത്തില്‍ വിലസിയാടിയ മുഖങ്ങള്‍.

ആ ടീമുകളുടെ ഇടയിലേക്കാണ് പട്‌ലയുടെ ചുണക്കുട്ടികള്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്നത്, ഇറങ്ങിയത്. ഭാഗ്യപരീക്ഷണമല്ല ലക്ഷ്യം. പിന്നെയോ? മറ്റുള്ളവര്‍ മനക്കോട്ട കെട്ടിയ പെരും സ്വപ്നങ്ങള്‍ എത്തിപ്പിടിച്ചെടുത്തടര്‍ത്തി മാറ്റി, സ്വപ്നതുല്യമാം രാവില്‍, കളിയാസ്വദിക്കാന്‍ മൈതാനം നിറഞ്ഞെത്തിയ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളുടെയും അന്തരാളങ്ങളില്‍ രാജകുമാരന്മാരാന്‍!

വാഹ്! പിന്നെ കണ്ടത് കളത്തില്‍ നിറയെ പട്‌ലപ്പെരുമ. പട്‌ലപ്പൊലിമ. പൂള്‍ എയില്‍ 4 കളി കിട്ടി. രണ്ടില്‍ വിജയം. രണ്ടിനെ സമനിലയില്‍ തളച്ചു കെട്ടി. അത്ര മതിയായിരുന്നു യുനൈറ്റഡ് പട്‌ലക്ക്, കൃത്യം, കിറുകൃത്യം ഹോം വര്‍ക്ക് ചെയ്ത് വന്ന ഒരു കൂട്ടം പിള്ളേര്‍. പൂള്‍ എ യില്‍ യുനൈറ്റഡ് പട്‌ല ഒന്നാമത്. രണ്ടാമനോ പിന്നെയും പിന്നില്‍.

അയ്യൂര്‍ എഫ് സിയാണ് നമ്മോട് ആദ്യം മുഖാമുഖം നിന്നത്. ആകാശത്ത് ആരവങ്ങള്‍ നിറഞ്ഞു പൊന്തി. ഒരു വേള കളി പ്രതികൂലമാകുമോന്ന് തോന്നിച്ച സന്ദര്‍ഭങ്ങള്‍. ക്യാപ്റ്റന്‍ മുക്താറിന്റെ കാലിലാണ് പന്ത്. സര്‍ഫുവിന് പാസ് ചെയ്തതേ അയ്യൂര്‍ക്കാര്‍ കണ്ടൂള്ളൂ. പിന്നെ കുലുങ്ങിയത് അയൂര്‍ ഗോള്‍ വല.

അവിടന്ന് തുടങ്ങിയതാണ് യുനൈറ്റഡ് പട്‌ലയുടെ ഗോള്‍ മഴ. രണ്ടാം എതിരാളി വളപ്പില്‍ ബുള്‍സിനെ മുക്കു കയറിട്ടത് 2-1 ന്. സഫുവിന്റെയും നൗഫലിന്റെയും ബൂട്ടില്‍ നിന്നാണ് ഈ കളിയിലെ രണ്ടു മനോഹര ഗോളുകള്‍ പിറന്നത്.തുടര്‍ന്ന് ടിഫ, സിറ്റിസണ്‍ ടീമുകളോട് കളത്തില്‍ നിറഞ്ഞു കളിക്കാനിറങ്ങിയപ്പോള്‍ സമനില ഗോളുകളില്‍ പട്‌ലയുടെ കെണി തേഞ്ഞ പയ്യന്മാര്‍ കളി ഒതുക്കിയത്, വരാനിരിക്കുന്ന സെമി, ഫൈനല്‍ മത്സരങ്ങള്‍ കാലേകൂട്ടി കണ്ട് തന്നെയായിരുന്നു,അവിടെക്കളിക്കാം, ഇവിടെ അത്ര ഊര്‍ജം കളയേണ്ടതില്ല.

സെമിയായിരുന്നു യുനൈറ്റഡ് പട്‌ലക്ക് ഫൈനല്‍. ഗ്രൗണ്ടില്‍ എതിരാളികളായ തൃക്കരിപ്പൂര്‍ ടീമംഗങ്ങള്‍ അണിനിരന്നപ്പോള്‍ കമന്ററേറ്റര്‍ ഷൈജു വിളിച്ചു പറഞ്ഞു - ഇത് ഗോകുല്‍ ടീമംഗം, ഇത് മുഹമ്മദന്‍സ്, ഐ എഫ് സി യില്‍ ഇയാളുണ്ട്, എന്നിങ്ങനെ. എതിരാളി ആരാകിലെന്ത് ജയിച്ചു വന്ന് അടുപ്പില്‍ തീ തിളപ്പിക്കാമെന്ന് പ്രതിജ്ഞ എടുത്ത് ഇറങ്ങി വന്ന പട്‌ലയുടെ ചുണക്കുട്ടികള്‍ക്ക് എന്ത് തൃക്കരിപ്പൂര്‍ എഫ്‌സി, അവര്‍ മുമ്പെവിടെ കളിച്ചാലെന്ത്?

രണ്ട് വട്ടമാണ് നാമവരുടെ ഗോള്‍ വല കുലുക്കിയത്, എതിരില്ലാത്ത രണ്ട് ഗോളുകള്‍. സംഘാടകരുടെ എഫ് ബി ലൈവ് പേജില്‍ ആ സമയം ഓണ്‍ലൈന്‍ കളി കാണാനിരുന്നിരുന്നത് 5000 ലേറെ പ്രേക്ഷകര്‍!

ഇനി ഫൈനല്‍! തൃക്കരിപ്പൂരിനെ യുനൈറ്റഡ് പട്‌ല തളച്ചു എന്ന് കേട്ടപ്പോള്‍ തന്നെ ഒറവങ്കരക്ക് ഒരു മാതിരി ആയിരിക്കണം. പക്ഷെ, കാണികള്‍ അന്നേരം മുഴുവന്‍ പട്‌ലക്കനുകൂലമായിക്കഴിഞ്ഞിരുന്നു. എവിടെയും ആരവങ്ങള്‍! ആദ്യ പകുതിയില്‍ ഒന്നുമാകുന്നില്ല. ഒറവങ്കരക്കാകെ കണ്‍ഫ്യൂഷന്‍. അല്‍പമവര്‍ക്കാശ്വാസവുമുണ്ട്.

പക്ഷെ, രണ്ടാം പകുതി പട്‌ലയുടെ സിംഹക്കുട്ടികള്‍ മൈതാനം മുഴുവന്‍ കയ്യിലെടുത്തു. ഒന്നേയ്, ഗോള്‍! അതി മനോഹരമായത്. സറഫുവിന്റെ ഉന്നം തെറ്റാത്ത ബുള്ളറ്റ്'. വീണ്ടും ഗോള്‍ വല ചലിച്ചു, റേഞ്ചേര്‍സ് ഒറവങ്കരയുടെ ഗോള്‍ വല തന്നെ. കാഴ്ചക്കാരനായി അവിടെ ഗോളി നടുവിന് കൈവെച്ചു നില്‍ക്കുന്നു. സെക്കന്റ് വണ്‍ ഗോള്‍. ഇത് സഫ് വാന്റെ വക. എല്ലാ ടീമിലും ചെറിയ ദുര്‍ബല നിമിഷങ്ങളുണ്ടാകുമല്ലോ, ആ ഗ്യാപ്പില്‍ ഒറവങ്കരക്കും ഒരു ഗോള്‍ നേടാനായി.

ഇന്ത്യന്‍ സമയം ആറോടടുത്തു ഗ്രൗണ്ടില്‍ നീണ്ട വിസില്‍ മുഴങ്ങി. ദുബൈയിലെ ആ രാവ് ഒരിന്ത്യന്‍ ഗ്രാമത്തെ നെഞ്ചോടു ചേര്‍ക്കുകയായിരുന്നു. യെസ്, ക്ലബ് ബേരിക്കന്‍സ് ആന്‍ഡ് ഫില്ലി കഫെ ഫുട്‌ബോള്‍ ലീഗ് രണ്ടാം സീസണലെ യുഎഇ - കാസര്‍കോട് ജില്ലാ ചാമ്പ്യന്‍ പട്ടം, നമ്മുടെ യുനൈറ്റഡ് പട്‌ല നെഞ്ചോട് അടുപ്പിക്കുകയായിരുന്നു.

രാവിലെ ഇങ്ങ് പട്‌ലയുടെ എല്ലാ വീടുകളിലും മൊബൈല്‍ നിറയെ ഒരാഘോഷത്തിന്റെ, ഉത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുമാറ് വിജയഭേരി മുഴങ്ങിയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു, Yes We Got it, We are Now Champions.

സബാഷ് മക്കളെ സബാഷ്! കടലിനക്കരെ നിന്നും കാറ്റിനോടൊപ്പം ഈ ത്രസിപ്പിക്കും വിജയം കൊണ്ട് വന്നതിന്!
...........

NB: രണ്ട് മാസത്തിലൊരിക്കല്‍ ഫുട്‌ബോള്‍ വാങ്ങി കളിച്ചു പൊട്ടിച്ച് ഒരു കൂസലുമില്ലാതെ അടുത്തത് ചോദിച്ച് ശല്യം ചെയ്യുന്ന എന്റെ കുസൃതിപ്പയ്യന്‍ റൈഹാനും അവന്റെ വികൃതിക്കൂട്ടുകാര്‍ക്കും ഈ ആസ്വാദനം സമര്‍പ്പിക്കുന്നു.





Keywords: Article, Gulf, Football, Sports, Congratulations United Patla FC.

Post a Comment