Join Whatsapp Group. Join now!

ആ വായന നിലച്ചു; എന്റെ മാമ അനശ്വരലോകത്തേക്ക് മറഞ്ഞു

കൈയ്യിലൊരു പുസ്തകമില്ലാതെ മാമാനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ഞാന്‍ കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ നിന്ന് കൊണ്ടുവന്ന ഒരു Kerala, Article, San Mavilae, Remembrance of Patla Mariyumma
അനുസ്മരണം/ സാന്‍ മാവിലെ

(my.kasargodvartha.com 13.02.2019) കൈയ്യിലൊരു പുസ്തകമില്ലാതെ മാമാനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ഞാന്‍ കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ നിന്ന് കൊണ്ടുവന്ന ഒരു വലിയ പുസ്തകം രാത്രി പത്തു മണിയോടടുപ്പിച്ച് കൊട്ടിലില്‍ കസേരയിലിരുന്ന് വായിക്കുന്ന കാഴ്ച മനസില്‍ മായാതെ കിടപ്പുണ്ട്.

കൈയ്യില്‍ കിട്ടുന്നതെന്തുമാകട്ടെ. വായിക്കാനുള്ള വ്യഗ്രത മാമാക്ക് കൂടുതലായിരുന്നു. കിടപ്പിലാവുന്നതിന് മുമ്പും ശേഷവും കൈയ്യിലെപ്പോഴും പരിശുദ്ധ ഖുര്‍ആനോ അതിന്റെ അറബി മലയാള പരിഭാഷയോ അല്ലെങ്കില്‍ ആപ്പാന്റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള ഗ്രന്ഥങ്ങളോ പിടിച്ച് വായിക്കുന്ന മാമയുടെ ചിത്രം പതിവായിരുന്നു.

ആപ്പ (എന്റെ പിതൃസഹോദരന്‍ സലീം പട്‌ല) എഴുതിയ പുസ്തകങ്ങളോട് മാമക്ക് വല്ലാത്ത സ്‌നേഹമായിരുന്നു. വാത്സല്യനിധിയായ ആ മകനോടുള്ള സ്‌നേഹം പോലെ തന്നെ അദ്ദേഹത്തിന്റെ മൂന്ന് പുസ്തകങ്ങളോടും മാമ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അടുപ്പം കാണിച്ചിരുന്നു. പ്രവാചകനെ കുറിച്ച് ആപ്പ ഏറ്റവും അവസാനം എഴുതിയ കനപ്പെട്ട പുസ്തകം മാമാന്റെ അരികത്ത് എന്നുമുണ്ടാകും, വായിച്ചു നിര്‍ത്തിയിടത്ത് ഒരു അടയാളം വെച്ച്.

മാമാന്റെ അടുത്ത് ഇത്തിരി നേരമിരുന്നാല്‍ ഉപ്പപ്പ മാമാനെ മലയാളം പഠിപ്പിച്ച കഥ പറഞ്ഞ് തരും. അറബി മലയാളത്തില്‍ കത്തെഴുതാന്‍ പഠിപ്പിച്ചത്, ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചത്, ഒപ്പം പട്‌ലയുടെ ചരിത്രം, മാമാന്റെ കുഞ്ഞുന്നാളുകള്‍, തറവാട്ടു കഥകള്‍, ഉപ്പപ്പന്റെ നന്മ ശേഖരങ്ങള്‍. ഞങ്ങള്‍ ഫോണിലോ ടി.വിക്ക് മുന്നിലോ കുത്തിയിരിക്കുമ്പോള്‍ ഞങ്ങളോട് പറയുക, പോയി എന്തെങ്കിലുമെടുത്ത് വായിക്കാനായിരിക്കും.

ഇക്കഴിഞ്ഞ ആഴ്ച മംഗളൂരു ആശുപത്രിയില്‍ പതിവായുള്ള ചെക്കപ്പ് കഴിഞ്ഞു വീട്ടിലെത്തിയതിന്റെ പിറ്റേന്നാള്‍ ചെറിയ ഒരസ്വസ്ഥതയുണ്ടായപ്പോള്‍ വൈകുന്നേരം കുടുംബ ഡോക്ടറായ ഫസല്‍ സാറിന്റെ വീട്ടിലേക്ക് മാമാനെ കൊണ്ടുപോയി. ഡോക്ടര്‍ മറ്റു രോഗികളെ പരിശോധിക്കും വരെ മാമ പുറത്ത് കാറിനകത്തിരുന്നു. ഉമ്മ പറയുകയാണ് - മാമ അകലെ ബോര്‍ഡ് നോക്കി ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കാന്‍ തുടങ്ങി പോല്‍ - H, O, T, E, L ആ ഫ്‌ലക്‌സ് ബോര്‍ഡില്‍ അക്ഷരങ്ങള്‍ മിന്നിമറയുന്നതോരോന്ന് പെറുക്കിപ്പെറുക്കി വായിച്ചു കൊണ്ടേയിരുന്നു. എന്തോ, മാമാക്ക് അക്ഷരങ്ങളോട് അത്രമാത്രം വല്ലാത്ത അടുപ്പമായിരുന്നു. എന്തു കണ്ടാലും വായിക്കുക എന്ന അടങ്ങാത്ത ആഗ്രഹം.

വായിക്കാനവര്‍ക്ക് പ്രത്യേകം സമയമൊന്നുമില്ല. അതിരാവിലെ മുതല്‍ പുസ്തകം തന്നെ കയ്യില്‍. പാതിരാവിലും ഞങ്ങള്‍ കാണുന്നത് മൂക്ക് കണ്ണട വെച്ച് വളരെ ഗൗരവത്തില്‍ വായിക്കുന്ന മാമായെയാണ്. ഇരുന്ന് ക്ഷീണിക്കുമ്പോള്‍, പിന്നെ ചരിഞ്ഞ് കിടന്നാകും വായന. ഉറക്കം കണ്‍പോളകളെ തഴുകി എത്തും വരെ അതു തുടരും.

കുറച്ചിടെയായി മാമാക്ക് ഓര്‍മ്മക്കുറവ് വന്ന് തുടങ്ങിയിട്ട്. അപ്പോള്‍ ആപ്പാന്റെ നിര്‍ദേശം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമെത്തി: മാമ എത്ര ആവര്‍ത്തി എന്ത് ചോദിച്ചാലും, അതവര്‍ ആദ്യമായി ചോദിക്കുന്നത് പോലെ നിങ്ങള്‍ മറുപടി നല്‍കണം. ഞങ്ങള്‍ക്കതൊരു പുതിയ അറിവായിരുന്നു. ഞങ്ങളതിന്റെ സത്ത ഉള്‍ക്കൊണ്ട് മാമാന്റ ഒരേ ചോദ്യങ്ങള്‍ക്ക് മനസ്സു നിറയെ മറുപടി പറഞ്ഞു കൊണ്ടേയിരുന്നു, മാമ ഉത്സാഹത്തോടെ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയുമിരുന്നു.

ഞാനെന്ത് കാണിച്ചാലും മാമ പറയും 'ഓനങ്ങനൊന്നും ചെയ്യേല... ഓനല്ലേ ഈട്‌ത്തെ നല്ല ചെക്കന്‍'. ആ ഒരു വെറുതെ കിട്ടുന്ന ക്രെഡിറ്റിലായിരിക്കും പിന്നെ അന്നു മുഴുവന്‍ എന്റെ ബമ്പും സന്തോഷവും. അനിയനോട് ദേഷ്യപ്പെട്ടാല്‍ എന്നെ ശകാരിക്കുകയും ഏട്ടനെന്നോട് ചൂടായാല്‍ എന്റെ പക്ഷം ചേരുകയും ചെയ്യും. ഉപ്പ ഞങ്ങളോട് തട്ടിക്കയറുമ്പോള്‍ മാമ ഒരിക്കലും ഉപ്പാന്റെ ഭാഗം നില്‍ക്കില്ല, ന്യായം ഉപ്പയുടെ പക്ഷത്താണെങ്കില്‍ പോലും. കുറച്ച് കഴിഞ്ഞ് ഞങ്ങളെ അടുത്ത് വിളിച്ചു പറയും: 'ഉപ്പയ്ക്ക് എന്റെ ദേഷ്യമാ, ആ സമയത്ത് ഒന്നെങ്ങാന്‍ ഞാന്‍ വെറുതെ നിങ്ങളുടെ ഭാഗം നിന്നതാ, ശരി ഉപ്പാന്റെ പക്ഷത്താണെങ്കിലും.' ഉമ്മാനോട് തട്ടിക്കയറുമ്പോഴും മാമ ഒരിക്കല്‍ പോലും ഉപ്പാന്റെ ഭാഗം നിന്നതായി ഞാനിത് വരെ കണ്ടിട്ടില്ല.

ഞങ്ങള്‍ ഇരുപത് പേരക്കുട്ടികളാണ് മാമാക്ക്. ഓരോരുത്തരും മത്സരിച്ച് സ്‌നേഹം പിടിച്ച് വാങ്ങും. ആ സ്‌നേഹം അനുഭവിക്കുമ്പോള്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കും സ്വയം തോന്നും - എന്നോടായിരിക്കും, അല്ല എന്നോടായിരിക്കുംമാമാക്ക് കൂടുതല്‍ സ്‌നേഹമെന്നും ലാളനയെന്നും പ്രത്യേക പരിഗണനയെന്നും.

മാമാനെ ഒന്ന് കണ്ട്, മിണ്ടി, ഞായറാഴ്ച രാവിലെ കോളേജിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടി കാത്ത് നില്‍ക്കുമ്പോഴും മനസില്‍ വ്യാകുലതകളൊന്നുമില്ലായിരുന്നു. എന്നത്തേയും പോലെ ആശുപത്രിയിലെ ചെറിയ ട്രീറ്റ്‌മെന്റും കഴിഞ്ഞ് വീട്ടിലെത്തുമെന്നും അടുത്താഴ്ച്ച വരുമ്പോള്‍ വീട്ടില്‍ മാമ ഉണ്ടാവുമെന്നും ഉറപ്പുണ്ടായിരുന്നു മനസ്സില്‍. പെട്ടെന്ന് ഉപ്പയുടെ ഫോണ്‍ കോള്‍: ഇന്ന് കോളേജില്‍ പോകണ്ട, മാമാക്ക് എന്തോ അസ്വസ്ഥത കൂടുന്നത് പോലെ തോന്നുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ മാലിക് ദീനാര്‍ ആശുപത്രിക്ക് വാ, നാളെ രാവിലെ ഇവിടന്ന് കോളേജിലേക്ക് പോകാം.

..................................

മനസ്സില്‍ ഇപ്പോഴും കനല്‍ തീര്‍ക്കുന്നു - മുഴുമിപ്പിക്കാറായ എന്റെ ആദ്യത്തെ നോവല്‍ വായിക്കാന്‍, അത് വായിച്ചഭിപ്രായം കേള്‍ക്കാന്‍, അതിന്റെ പ്രകാശനച്ചടങ്ങില്‍ തലയെടുപ്പോടെ ഇരിക്കാന്‍, എന്നെ കെട്ടിപ്പിടിച്ചതിന്റെ സന്തോഷം പങ്ക് വെക്കാന്‍, അതിന്റെ നിര്‍വൃതിയില്‍ എനിക്ക് സ്വയം മറന്നാഹ്ലാദിക്കാന്‍, എനിക്കെന്റെ മാമ ഇനി ഉണ്ടാകില്ലല്ലോ.

ഞാന്‍ കാണിക്കുന്ന കുസൃതിക്കും കുന്നായ്മയ്ക്കും എന്റെ പക്ഷം പറയാന്‍ എനിക്കിനി ആരുണ്ട്?എന്റെ ഭാഗം ചേര്‍ന്നെനിക്ക് മാത്രമായി പരിച തീര്‍ക്കാന്‍ആ സ്‌നേഹമരം അകലങ്ങളിലേക്ക് പൊയ്‌പ്പോയല്ലോ!

തിങ്കള്‍ രാവിലെ 8:55, ആ ചേതന നിലച്ച ശരീരത്തിന് ബന്ധുമിത്രാദികള്‍ വെള്ളക്കഫന്‍ പുടവ തീര്‍ത്തു. സബാച്ചാന്റെ നേതൃത്വത്തില്‍, കണ്ണീരില്‍ തീര്‍ത്ത ജനാസ നമസ്‌ക്കാരം ആ മയ്യിത്തിന് മുന്നില്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. ചുറ്റും തേങ്ങലുകള്‍ കനത്തു കനത്തു കൊണ്ടേയിരുന്നു.ആര്, ആരെ ആശ്വസിപ്പിക്കാന്‍?

അന്ത്യയാത്രയ്ക്കണിയിച്ചൊരുക്കിയ മാമാന്റെ മുഖത്ത് നിന്നും അവസാന ചുംബനത്തിനായി ഉപ്പ വെള്ളവസ്ത്രം പതുക്കെ നീക്കി. ഓരോരുത്തരുടെയും പേരെടുത്ത് വിളിച്ചുകൊണ്ടേയിരുന്നു. ഉവ്വ, ഉമ്മ ആപ്പ, കുഞ്ഞ, ആമ, ഇച്ച, പംസിത്ത, മുര്‍ശിത്ത, ശെമ്മു...ആ പുഞ്ചിരി മാറാത്ത മുഖത്തും മൂര്‍ദ്ധാവിലും കവിളിണകളിലും കണ്ണീരുകണങ്ങള്‍ കൊണ്ട് അവസാന മുത്തം നല്‍കിക്കൊണ്ടിരുന്നു...
ഇനി എന്റെ ഊഴം, ആ മുഖത്തേക്ക് ഒരു നോക്കെത്തുന്നതിന് മുമ്പ് തന്നെഒരനുവാദത്തിനു പോലും കാത്ത് നില്‍ക്കാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ത്തുള്ളികള്‍ ഇറ്റിറ്റു വീണു കഴിഞ്ഞിരുന്നു, എനിക്കെന്റെ ശിരസ് ആ കവിള്‍ത്തടത്തില്‍ നിന്ന് പിന്‍വലിക്കാന്‍ പറ്റാത്തത് പോലെ. മാമ അത് വരെ പറയാത്ത എന്തൊക്കെയോ എന്നോട് മാത്രം രഹസ്യം പറയുന്നത് പോലെ... ഇനി മോന്‍ കൂടുതല്‍ കുസൃതിയെടുക്കരുത് നിന്റെ പക്ഷം ചേരാന്‍ ഇനി ഞാനില്ല കെട്ടോ... അങ്ങനെ എന്തൊക്കെയോ...

................................

കാരുണ്യവാനും കരുണാനിധിയുമായ പടച്ച തമ്പുരാന്‍ അവന്റെ സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ എന്റെ മാമയെയും ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ മാത്രമാണെനിക്ക്, അതിനുള്ള പ്രാര്‍ത്ഥനയിലാണ് ഞങ്ങളോരോരുത്തരും. ഞാനറിയുന്നത് മുതല്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണവും അതിന്റെ വായനയും തപസ്യയാക്കി മാറ്റിയ ആ നന്മഹൃത്തിന് അര്‍ശിന്റെ തണലും, അതിലേറെ അത്യുന്നത സ്വര്‍ഗവും  ലഭിക്കുമാറാകട്ടെ.?

Also Read:
പട്‌ളയിലെ മറിയുമ്മ നിര്യാതയായി(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, San Mavilae, Remembrance of Patla Mariyumma
  < !- START disable copy paste -->

Post a Comment