Join Whatsapp Group. Join now!

അത്തി-ഇത്തി-അരയാല്‍ മുതല്‍ ഓരില-മൂവില-കൂവളം വരെ; ഓസോണ്‍ ദിനത്തില്‍ മേലാങ്കോട്ട് സ്‌കൂളിന് സ്വന്തമായി ഔഷധത്തോട്ടമായി

മുന്‍ തലമുറകള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോകുന്നതുമായ അപൂര്‍വ ഔഷധങ്ങള്‍ തേടി മേലാങ്കോട്ടെ കുട്ടികള്‍ Melangod school, School, Children's, Students, Pharmaceuticals, Ozon day marked in Melangod school
കാഞ്ഞങ്ങാട്: (my.kasargodvartha.com 17.09.2018) മുന്‍ തലമുറകള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോകുന്നതുമായ അപൂര്‍വ ഔഷധങ്ങള്‍ തേടി മേലാങ്കോട്ടെ കുട്ടികള്‍ ഇനി കാടുകയറണ്ട. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളില്‍ സ്വന്തമായി വിപുലമായ ഔഷധത്തോട്ടമുണ്ടാക്കുന്നതിന് പരിസ്ഥിതി പ്രവര്‍ത്തകനായ ദിവാകരന്‍ നീലേശ്വരവുമായി പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണനുമായി കരാറിലേര്‍പ്പെട്ടതോടെയാണ് ജില്ലയില്‍ തന്നെ മികച്ച ഔഷധോദ്യാനം മേലോങ്കോട്ട് ഒരുങ്ങുന്നത്.
Melangod school, School, Children's, Students, Pharmaceuticals, Ozon day marked in Melangod school

ഓസോണ്‍ ദിനാചരണത്തിന്റെ മുപ്പതാം വാര്‍ഷികത്തെ അനുസ്മരിച്ച് മുപ്പത് ഔഷധ സസ്യങ്ങളുമായാണ് ദിവാകരന്‍ സ്‌കൂളിലെത്തിയത്. പ്രമേഹത്തിന്റെ ശത്രുവായ ഷുഗര്‍ പ്ലാന്റ് തൊട്ട് നിലവിളക്കില്‍ ഉപയോഗിക്കുന്ന അഗ്‌നിയില വരെ ഈ ശേഖരത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ അമൂല്യങ്ങളായ നൂറിലധികം ഔഷധ സസ്യങ്ങള്‍ തോട്ടത്തില്‍ വെച്ചുപിടിപ്പിക്കും. കൂടുതല്‍ പരിചരണമാവശ്യമായ ചെടികള്‍ ചട്ടിയിലും മറ്റുള്ളവ സ്‌കൂള്‍ പറമ്പിലും നടുവാനാണ് പദ്ധതി.

ദശപുഷ്പങ്ങളായ മൂക്കുറ്റി, തിരുതാളി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, ആല്‍, അരയാല്‍, ത്രിഗന്ധങ്ങളായ ചന്ദനം, അഗില്‍, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്പിള്‍, പാതിരി, കൂവളം, ഞെരിഞ്ഞില്‍, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയും ഔഷധ കുടുംബത്തിലുണ്ടാകും.

കൂടാതെ മുറി കൂട്ടി, ഗുല്‍ഗുലു, തൊഴുകണ്ണി, അശോകം, പൂവവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം എന്നിവയും തോട്ടത്തില്‍ വെച്ചുപിടിപ്പിക്കും. ഉദ്യാനം പൂര്‍ണ സജ്ജമാകുന്നതോടെ വിദ്യാലയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ശലഭോദ്യാനം രൂപപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്‌കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തില്‍ ഔഷധത്തോട്ടം നിര്‍മിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരന്‍ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഔഷധച്ചെടികളുടെ ശേഖരം ദിവാകരന്‍ നീലേശ്വരം പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, സ്‌കൂള്‍ ലീഡര്‍ എ വി അദൈ്വത് എന്നിവര്‍ക്ക് കൈമാറി.

പി ടി എ വൈസ് പ്രസിഡന്റ് ജി ജയന്‍, എച്ച് എന്‍ പ്രകാശന്‍, പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ബല്ല ബാബു, പി കുഞ്ഞിക്കണ്ണന്‍, സണ്ണി കെ മാടായി, എം അനിത എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Melangod school, School, Children's, Students, Pharmaceuticals, Ozon day marked in Melangod school 

Post a Comment