Join Whatsapp Group. Join now!

ദേശീയപാത ഭൂമി ഏറ്റെടുക്കല്‍: വിശദമായ റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

ദേശീയപാത വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വില നിര്‍ണയത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പി കരുണാകരന്‍ എം പി കാസര്‍കോട് ജില്ല വികസനസമിതി Kerala, News, NH Development: MP asks report.
കാസര്‍കോട്: (my.kasargodvartha.com 25.11.2017) ദേശീയപാത വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വില നിര്‍ണയത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പി കരുണാകരന്‍ എം പി കാസര്‍കോട് ജില്ല വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാതയ്ക്ക് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് ന്യായമായ വില കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ചിലയിടങ്ങളില്‍ വില നിര്‍ണയിക്കുമ്പോള്‍ വളരെ കുറവു വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്നും എം പി പറഞ്ഞു.


2013 മുതല്‍ 2017 വരെ വിവിധ വര്‍ഷങ്ങളില്‍ ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളനാശം നേരിട്ട കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നഷ്ടപരിഹാരം ലഭ്യമാക്കാത്തതു സംബന്ധിച്ച് വിശദ റിപോര്‍ട്ട് നല്‍കണമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജില്ലയില്‍ 2.63 കോടി രൂപയാണ് ഈയിനത്തില്‍ കുടിശികയുള്ളത്. കൃഷി വകുപ്പ് കൃത്യമായ കണക്ക് ലഭ്യമാക്കാത്തതിനാല്‍ ജില്ലാകലക്ടര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഓരോ വര്‍ഷവും ലാപ്സാവുകയാണ്. അനാസ്ഥ മൂലം പാവപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നഷ്ടമാവുകയാണെന്നും എം എല്‍ എ പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസറോട് ആവശ്യപ്പെട്ടു.

മറ്റു ജില്ലകളില്‍ നടപ്പാക്കിയ സ്വകാര്യാശുപത്രി നഴ്സുമാരുടെ മൂന്നു ഷിഫ്റ്റ് സമ്പ്രദായം കാസര്‍കോട് ജില്ലയിലും നടപ്പാക്കേണ്ടതാണെന്ന്് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയാണ് വിഷയം അവതരിപ്പിച്ചത്. സ്വകാര്യാശുപത്രി നഴ്സുമാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും നഴ്സ് സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പരവനടുക്കം മാതൃകാസഹവാസ വിദ്യാലയത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപക വിഭാഗത്തില്‍ സ്ഥിരനിയമനം നേടിയവരുടേയും കരാര്‍ നിയമനവും സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ലഭ്യമാക്കാന്‍ യോഗം ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിവുകള്‍ കൃത്യമായി പി എസ് സിക്ക് റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചു.

മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളില്‍ റേഷന്‍ കാര്‍ഡുകളില്‍ കന്നട ഭാഷയില്‍ അച്ചടിക്കാത്തത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിനും റേഷന്‍കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനും നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. റേഷന്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള സംവിധാനം താലൂക്ക് തലത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും ഈ അവസരത്തില്‍ കാര്‍ഡുകളിലെ അപാകതകള്‍ പരിഹരിച്ച് നല്‍കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എം പിയും എം എല്‍ എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറും ആണ് വിഷയം ഉന്നയിച്ചത്. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിക്കാന്‍ പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കണം. റാണിപുരം വിനോദ സഞ്ചാരകേന്ദ്രത്തിലെ പ്രശ്നങ്ങള്‍ പി കരുണാകരന്‍ എം പിയാണ് യോഗത്തില്‍ അവതരിപ്പിച്ചത്. തോട്ടുകര പാലത്തിന്റെ പ്രവര്‍ത്തി റീ ടെണ്ടര്‍ചെയ്തതായി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ റോഡുകള്‍ അറ്റകുറ്റപണി നടത്താന്‍ 27 പ്രവര്‍ത്തികള്‍ക്ക് 1041 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ടെണ്ടര്‍ പൂര്‍ത്തിയായ 47 പ്രവര്‍ത്തികള്‍ ആരംഭഘട്ടത്തിലാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എം രാജഗോപാലന്‍ എം എല്‍ എയാണ് വിഷയം അവതരിപ്പിച്ചത്.

മഞ്ചേശ്വരം മണ്ഡലത്തിലെ എം എല്‍ എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണമെന്ന് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ യുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. കുറ്റിക്കോല്‍, സീതാംഗോളി വൈദ്യുതി സബ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് പട്ടണത്തിലെ ഭൂഗര്‍ഭ കേബിള്‍ ചാര്‍ജ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ റോഡുകളില്‍ പാര്‍ശ്വങ്ങളില്‍ സ്വകാര്യകമ്പനികള്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാനഗര്‍- സീതാംഗോളി- ചൗക്കി പാതയില്‍ ബൈപാസിന് സൗകര്യമൊരുക്കാന്‍ 150 മീറ്റര്‍ മതില്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍ പറഞ്ഞു. ചിറ്റാരിക്കല്‍- പാലാവയല്‍ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാത്തത് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് യോഗത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, NH Development: MP asks report.

Post a Comment