Join Whatsapp Group. Join now!

കാസര്‍കോട് സബ് കോടതി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

കാസര്‍കോട് സബ് കോടതിയുടെ ആറു മാസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വജ്രജൂബിലി Kerala, News, Court, Platinum Jubilee, Minister E Chandrashekaran
കാസര്‍കോട്: (my.kasargodvartha.com 04.11.2017) കാസര്‍കോട് സബ് കോടതിയുടെ ആറു മാസം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോടതി സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദാമശേഷാദ്രി നായിഡു മുഖ്യാതിഥിയായിരുന്നു.


കോടതി സമുച്ചയത്തില്‍ സ്ഥാപിച്ച മഹാത്മഗാന്ധിയുടെ അര്‍ധകായ പ്രതിമ ജസ്റ്റിസ് ദാമശേഷാദ്രി നായിഡു അനാവരണം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകരായ ഐ വി ഭട്ട്, അഡൂര്‍ ഉമേശ നായിക്, എം മഹാലിംഗ ഭട്ട്, ഈശ്വരഭട്ട്, വി ശ്രീകൃഷ്ണ ഭട്ട്, പി വി കെ നായര്‍, പി കെ മുഹമ്മദ്, ഗൗര ശങ്കര്‍ റായ്, ജില്ലാ കോടതിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരായ ഇ ഹര്‍ഷവര്‍ധന, സി രാമകൃഷ്ണന്‍, പൂവപ്പ മൂല്യ, ബി സുഗന്ധി, സീനിയര്‍ ഗുമസ്തന്‍മാരായ അരവിന്ദ നായിക്, രാമയ്യ നായിക്, ഗംഗാധരന്‍ നായര്‍ എന്നിവരെ ആദരിച്ചു.

പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കാസര്‍കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എസ് മനോഹര്‍ കിണി, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, സബ് ജഡ്ജ് പി ടി പ്രകാശന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, പഞ്ചായത്ത് അംഗം സദാനന്ദന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ പി വി ജയരാജന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ എന്‍ അശോക് കുമാര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.



കുടുംബകോടതി: ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ജില്ലാ കോടതി മുന്‍വശമുള്ള സ്ഥലത്ത് കുടുംബകോടതി നിര്‍മാണം തുടങ്ങുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായും നിയമ മന്ത്രിയുമായി കൂടിയാലോചിച്ച് കുടുംബകോടതി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

നിയമതടങ്ങളില്ലെങ്കില്‍ ലൈബ്രറിക്കും പുതിയ കോടതി കെട്ടിടത്തിനും സാമ്പത്തിക സഹായം അനുവദിക്കുവാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളം നൂറു ശതമാനം സാക്ഷരത നേടിയിട്ടുണ്ടെങ്കിലും നമ്മുക്ക് നിയമസാക്ഷരത കുറവാണ്. വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് ഭരണഘടനയുടെ ആമുഖത്തെക്കുറിച്ചു ജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുവാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. ആര്‍ക്കാണ് പരമാധികാരം എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട സമയമാണിത്. ജനങ്ങള്‍ക്കാണ് പരമാധികാരം എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. കോടതി വിധികള്‍ അനുസരിക്കാന്‍ ഭരണാധികാരികള്‍ ഉള്‍പ്പെടെ എല്ലാവരും ബാധ്യസ്ഥരാണ്.

എന്നാല്‍ അനുസരിക്കുന്നതിനൊപ്പം എല്ലാവര്‍ക്കും ഈ വിധികള്‍ അംഗീകരിക്കാന്‍ കഴിയണമെന്നില്ല. എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതരത്തിലുള്ള വിധികള്‍ ഉണ്ടാകണംമന്ത്രി പറഞ്ഞു.

വജ്രജൂബിലി ആഘോഷം ആറുമാസം; കുടുംബകോടതി, കോടതി സമുച്ചയം, ലൈബ്രറി എന്നിവയ്ക്ക് സഹായ വാഗ്ദാനം

കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ മെയ് മാസം വരെ ആറുമാസം നീണ്ടു നില്‍ക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിയുമായി ചേര്‍ന്ന് നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഭരണ ഘടനയുടെ ആമുഖത്തെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട 60 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തും. നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുകയാണ് ലക്ഷ്യം. ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ എല്ലാ പഞ്ചായത്തുകളിലും പരാതി പരിഹാര അദാലത്തുകളും ഇക്കാലയളവില്‍ സംഘടിപ്പിക്കും. ഇക്കാലയളവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിനും ശ്രമിക്കും. കൂടാതെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, സാഹിത്യ മത്സരങ്ങള്‍ എന്നിവയും നടത്തും.

വജ്ര ജൂബിലി സ്മാരകമായി കോടതി കോംപ്ലക്‌സില്‍ എല്ലാവര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഒന്നരകോടി രൂപ ചെലവില്‍ അത്യാധുനിക റഫന്‍സ് ലൈബ്രറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പ്രാരംഭ ഘട്ടമായി 25 ലക്ഷം രൂപയും പുസ്തകങ്ങളും സംഭാവനയായി നല്‍കി. നിയമതടസങ്ങള്‍ ഇല്ലെങ്കില്‍ തന്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് ലൈബ്രറിക്ക് 10 ലക്ഷം രൂപ അനുവദിക്കുമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടന ചടങ്ങിനിടെ അറിയിച്ചു. ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാര്‍ഥികള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ലൈബ്രറിയാകും ഇത്. നിമയതടങ്ങള്‍ ഇല്ലെങ്കില്‍ കുടുംബകോടതി, പുതിയ കോടതി സമുച്ചയം എന്നിവയുടെ നിര്‍മ്മാണത്തിന് പത്തു ലക്ഷം രൂപവീതം അനുവദിക്കുമെന്ന് പി.ബി അബ്ദുള്‍ റസാഖഎ എംഎല്‍എയും അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Court, Platinum Jubilee, Minister E Chandrashekaran.

Post a Comment