Join Whatsapp Group. Join now!

സര്‍ക്കാര്‍ അറിയിപ്പുകള്‍ (09.11.2017)

ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഈ മാസം 16 ന് രാവിലെKerala, News, Goevrnment, Notifications, Project, Peoples, Labours
(my.kasargodvartha.com 09.11.2017)
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത് 16 ന്
ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഈ മാസം 16 ന് രാവിലെ 10 ന് കാസര്‍കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ്അദാലത്ത് നടത്തും. അദാലത്ത്സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ ഗസ്റ്റ് ഹൗസില്‍ ഹാജരാകണം.

മഞ്ചേശ്വരത്ത് അദാലത്ത് 30 ന്
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്കിലെ പരാതിപരിഹാര അദാലത്ത് ഈ മാസം 30 ന് താലൂക്ക് ഓഫീസ് പരിസരത്ത് നടത്തും. അദാലത്തിലേക്ക് ലൈഫ്മിഷന്‍ പദ്ധതി, ചികിത്സ ധനസഹായം, റേഷന്‍കാര്‍ഡ്, എല്‍ആര്‍എം കേസുമായി ബന്ധപ്പെട്ട പരാതി എന്നിവ ഒഴികെ ഈ മാസം 13 മുതല്‍ 22 വരെ മഞ്ചേശ്വരം താലൂക്ക് പരിധിയിലെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും പരാതി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



ജില്ലാപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
കാസര്‍കോട് ജില്ലയുടെ വികസനം ലക്ഷ്യമിട്ട് 15 വര്‍ഷത്തെ വിശദമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുളള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപദ്ധതി ഉപസമിതി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും ജോയിന്റ് കണ്‍വീനര്‍മാരുടെയും യോഗത്തിലാണ് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ ഉപസമിതികള്‍ യോഗം ചേര്‍ന്നു. സ്റ്റേക്ക്ഹോള്‍ഡര്‍മാര്‍, ഫോക്കസ് ഗ്രൂപ്പുകള്‍ എന്നിവരുമായും ചര്‍ച്ച നടത്തി. ഈ മാസം 22 ന് ശേഷം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പദ്ധതിയുടെ കരട് രൂപം ചര്‍ച്ചകള്‍ക്കായി കൈമാറുന്നതിന് യോഗം തീരുമാനിച്ചു.

ജില്ലാ പദ്ധതിക്ക് വേണ്ടി രൂപം നല്‍കിയ 19 ഉപസമിതികളുടെയും അധ്യക്ഷന്മാര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളാണ്. ബന്ധപ്പെട്ട മേഖലകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാരാണ് കണ്‍വീനര്‍മാരും ജോയിന്റ് കണ്‍വീനര്‍മാരുമായി പ്രവര്‍ത്തിക്കുന്നത്. ഉപസമിതിയില്‍ പൊതുരംഗത്ത് നിന്നുളള അംഗങ്ങളിലൊരാള്‍ വൈസ് ചെയര്‍മാനുമായാണ് ജില്ലാ പദ്ധതിക്ക് രൂപം നല്‍കുന്നത്.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ആസൂത്രണസമിതി അംഗം സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍ ജില്ലാപദ്ധതി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു. ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, ഷാനവാസ് പാദൂര്‍, പി സി സുബൈദ, പുഷ്പ അമേക്കള, ടി കെ സുമയ്യ, ഹര്‍ഷാദ് വൊര്‍ക്കാടി, ജില്ലാ പദ്ധതി ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍മാര്‍ ഉപസമിതി പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തു.

റവന്യൂമന്ത്രി ജില്ലയില്‍
റവന്യൂഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാളെയും മറ്റന്നാളും (11, 12) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ (11) രാവിലെ 11 ന് കല്ലിങ്കാലില്‍ പളളിക്കര സമൂഹവിവാഹം, ഉച്ച കഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് അതിയാമ്പൂര്‍ ചിന്മയ സ്‌കൂളില്‍ സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പ്, നാലിന് മടിക്കൈയില്‍ പൊതുപരിപാടി, ആറു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വിദ്യാധരന്‍മാസ്റ്ററെ ആദരിക്കലും 12 ന് രാവിലെ 11 ന് കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് രണ്ടിന് ആവിക്കര, വൈകീട്ട് നാലിന് പാണത്തൂര്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

മിസില്‍സ്റൂബെല്ല പ്രത്യേകയോഗം വെള്ളിയാഴ്ച 
മീസില്‍സ് റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് അവസാന ഘട്ടത്തിലെത്തി നില്‍ക്കെ ജില്ലയില്‍ ഇനിയും കുത്തിവെപ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ ആവശ്യകത എന്തെന്നത് രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച പ്രത്യേക യോഗം ചേരും.

കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തില്‍ പ്രസ് ക്ലബ് സെക്രട്ടി, എല്ലാ ബ്ലോക് പഞ്ചായത്തുകളിലെയും നെഹ്റു യുവകേന്ദ്ര കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍, ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധി, ലയണ്‍സ്, ലോട്ടറി കബ്ല് ഭാരവാഹികള്‍, മുളിയാര്‍, മംഗല്‍പാടി, കുമ്പള ബ്ലോക്കുകളിലെ മദ്രസ അധ്യാപകര്‍, ഈ മൂന്നു ബ്ലോക്കുകളിലെയും നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ അറിയിച്ചു.

2,20,523 കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുത്തു
മീസില്‍സ് റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് അവസാനിക്കുവാന്‍ ഒന്‍പത് ദിവസംശേഷിക്കെ ജില്ലയിലിതുവരെ 2,20,523 കുട്ടികള്‍ക്ക് സുരക്ഷിതമായി പ്രതിരോധ കുത്തിവെപ്പ് നല്‍കി. 69 ശതമാനം വരുമിത്. നീലേശ്വരം ബ്ലോക്കില്‍ 87 ശതമാനവും പെരിയ ബ്ലോക്കില്‍ 81 ശതമാനവും പനത്തടി ബ്ലോക്കില്‍ 97 ശതമാനവും ബേഡഡുക്ക ബ്ലോക്കില്‍ 77 ശതമാനവും മുളിയാര്‍ ബ്ലോക്കില്‍ 47 ശതമാനവും കുമ്പള ബ്ലോക്കില്‍ 50 ശതമാനവും മംഗല്‍പാടി ബ്ലോക്കില്‍ 42 ശതമാനവും കുട്ടിള്‍ക്ക് കുത്തിവെപ്പ് നല്‍കി. മീസില്‍സ്(അഞ്ചാം പനി), റുബെല്ലാ എന്നീ രോഗങ്ങള്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കണമെങ്കില്‍ എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുക്കാതിരുന്നാല്‍ ഈ രോഗങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുകയയും വാക്സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യതയുമുണ്ട്.

അഞ്ചാംപനി മൂലമുള്ള മരണം ഒഴിവാക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് റുബെല്ലാ ബാധിക്കുന്നതുമൂലം കാഴ്ചയും കേള്‍വിയുമില്ലാത്തതും ഹൃദയ സംബന്ധമായ തകരാറുള്ളതും ബുദ്ധി വളര്‍ച്ചയില്ലാത്തതുമായ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതിനും എല്ലാ കുട്ടികള്‍ക്കും അടിന്തരമായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാര്‍
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ 363 പോയിന്റുമായി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി. അത്ലറ്റിക്സ്, കലാമത്സര ഇനങ്ങളില്‍ കൂടുതല്‍ പോയിന്റ് ബേഡഡുക്ക പഞ്ചായത്തിനാണ്. 286 പോയിന്റുമായി കാറഡുക്ക ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്.

ഗെയിംസ് മത്സരങ്ങളില്‍ കാറഡുക്ക ഗ്രാമപഞ്ചായത്തിനാണ് കൂടുതല്‍ പോയിന്റ്. ക്ലബ്ബുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തി നടത്തിയ ഈ വര്‍ഷത്തെ കേരളോത്സവത്തില്‍ 128 പോയിന്റുമായി കാറഡുക്ക ഗ്രാമപഞ്ചായത്തിലെ ചേതന ആര്‍ടസ് & സ്പോര്‍ട്സ് ക്ലബ്ബ്, കുണ്ടാര്‍ ഒന്നാം സ്ഥാനവും, 5000/ രൂപയുടെ ക്യാഷ് അവാര്‍ഡിന് അര്‍ഹതയും നേടി. അഡൂര്‍ സഫ്ദര്‍ ഹാശ്മി ക്ലബ്ബ് 117 പോയിന്റോടെ രണ്ടം സ്ഥാനവും നേടി.

മറ്റ് ഗ്രാമപഞ്ചായത്തുകളുടെ പോയിന്റ് നില കുറ്റിക്കോല്‍ 150, ദേലമ്പാടി 145, ബെളളൂര്‍ 75, മുളിയാര്‍ 16, കുമ്പഡാജെ 5 എന്ന ക്രമത്തിലാണ്. അടൂര്‍ ജി.എച്ച്.എസ്.എസില്‍ നടന്ന സമാപന സമ്മേളനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

എന്‍ട്രി പാസ് വാങ്ങണം
കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് കേരളോത്സവ മത്സര ഇനങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍ അവരുടെ ഫോട്ടോ ബ്ലോക്ക്പഞ്ചായത്ത് ഓഫീസ് വഴി യുവജനക്ഷേമ ബോര്‍ഡിന്റെ കേരളോത്സവ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ടതും ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന എന്‍ട്രി പാസ്സ് കരസ്ഥമാക്കേണ്ടതുമാണ്.

ഉപ്പളയില്‍ ഈ മാസം 14 മുതല്‍ 19 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന് എന്‍ട്രി പാസ്സ് നിര്‍ബന്ധമായതിനാല്‍ ഇന്ന് (10ന്) വൈകുന്നേരം അഞ്ച് മണിക്കകം ഫോട്ടോ അപ്ലോഡ് ചെയ്യണം.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ് മലയാളം മീഡിയം എന്‍സിഎ എസ്സി, കാറ്റഗറി നം.046/2014), ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്, കാറ്റഗറി നം.199/2016) തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.

നാടകമേളയില്‍ എംടിയും ഞാനും
കേരള സംഗീത നാടക അക്കാദമി നാടകമേളയുടെ ഭാഗമായി ഈ മാസം 12 ന് ഏഴു മണിക്ക് കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തില്‍ വടകര കാഴ്ച കമ്മ്യൂണിക്കേഷന്‍സിന്റെ എംടി യും ഞാനും എന്ന നാടകം അവതരിപ്പിക്കും.

കല്ലുമ്മക്കായ കൃഷി ധനസഹായം
ജില്ലയില്‍ മത്സ്യസമൃദ്ധി2 പദ്ധതി 201617 വര്‍ഷത്തില്‍ കല്ലുമ്മക്കായ കൃഷി ചെയ്ത കര്‍ഷകര്‍ക്കുള്ള സബ്സിഡി തുക നെഫ്റ്റ് മുഖേന കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിട്ടുണ്ട്. കര്‍ഷകര്‍ സബ്സിഡി തുക ലഭിച്ചിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട ബാങ്കുകളില്‍ അന്വേഷിക്കേണ്ടതും തുക ലഭിച്ചിട്ടില്ലായെങ്കില്‍ അപ്ഡേറ്റ് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയുമായി ഈ മാസം 23 നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യക്യാമ്പുകള്‍ സംഘടിപ്പിക്കും
ഇതരസംസ്ഥാന തൊഴിലാളികളുടെ സാമൂഹിക ആരോഗ്യ പരിരക്ഷയ്ക്കു വേണ്ടി വിവിധ വകുപ്പുകളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നടപ്പിലാക്കുന്ന സുരക്ഷാപദ്ധതിയുടെ ജില്ലാതല ഏകോപനസമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഇവര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ റോപ്പിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ ആശുപത്രിവികസനസമിതികളോട് ആവശ്യപ്പെടും.

ഇതരസംസ്ഥാനതൊഴിലാളികല്‍ക്കായി നടത്തുന്ന പരിപാടികളുമായി തൊഴില്‍ ആരോഗ്യ വകുപ്പുകള്‍ക്കു പുറമെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, ജില്ലാ സാക്ഷരതാമിഷന്‍ എന്നിവരും സഹകരിക്കും.

യോഗത്തില്‍ എഡിഎം: എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി കണ്‍വീനറായി സുരക്ഷാപദ്ധതിയുടെ ഏകോപനത്തിനായി ജില്ലാതല സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുളള യോഗം ഈ മാസം 29 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.

യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് സെക്രട്ടറി കൂടിയായ സബ് ജഡ്ജ് ഫിലിപ്പ് തോമസ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ മാധവന്‍, നെഹ്റു യുവകേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍, വിവിധ സുരക്ഷാ പദ്ധതികളുടെയും വിവിധ വകുപ്പുകളുടെയും പ്രതിനിധികള്‍ സംബന്ധിച്ചു.

സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി രജിസ്ട്രേഷന്‍ 15 വരെ മാത്രം; അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തൊഴില്‍വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ ഈ മാസം 15 വരെ അവസരം. അക്ഷയകേന്ദ്രങ്ങള്‍ വഴി സൗജന്യമായാണ് രജിസ്ട്രേഷന്‍. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ചിസ്) യില്‍ അര്‍ഹരായ എല്ലാ വിഭാഗം കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി, കേരള (ചിയാക്ക്) മുഖാന്തിരമാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നത്. നിലവില്‍ സംസ്ഥാനത്ത് 36 ലക്ഷം കുടുംബങ്ങള്‍ (1.18 കോടി പേരാണ്) പദ്ധതിയില്‍ അംഗമായിരിക്കുന്നത്. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. 81415 കുടുംബങ്ങളാണ് ജില്ലയില്‍ അംഗങ്ങളായിട്ടുള്ളത്.

പദ്ധതി ആനുകൂല്യങ്ങള്‍ എന്തൊക്കെ?

ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്കാണ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. കുടുംബത്തിന് പ്രതിവര്‍ഷം 30000 രൂപയുടെ ആര്‍എസ്ബിഐ സൗജന്യ ചികില്‍സ ലഭിക്കുന്നതിന് പുറമെ 60 വയസിനുമുകളില്‍ പ്രായമുള്ള ഓരോ മുതിര്‍ന്ന വ്യക്തിക്കും 30000 രൂപയുടെ എസ് ചിസ്.

അധിക ചികില്‍സാ ആനുകൂല്യവും ലഭിക്കും. മാത്രമല്ല ചിസ് പ്ലസ് പദ്ധതിയിലൂടെ ഹൃദയം, വൃക്ക, കരള്‍, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ക്കും, കാന്‍സര്‍, അപകടം മൂലമുള്ള ട്രോമാകെയര്‍ എന്നിവയ്ക്കും 70000 രൂപയുടെ സൗജന്യ ചികില്‍സ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ പ്രമുഖ ആശുപത്രികള്‍ മുഖേനയും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ വര്‍ഷം മാത്രം 6.85 ലക്ഷം പേര്‍ക്ക് 343 കോടി രൂപയുടെ സൗജന്യ ചികില്‍സയാണ് പദ്ധതി പ്രകാരം നല്‍കിയത്.

നിലവില്‍ സംസ്ഥാനത്ത് 554 ആശുപത്രികളിലാണ് ചികില്‍സ ലഭിക്കുന്നത്. ഇതില്‍ 288 സര്‍ക്കാര്‍ ആശുപത്രികളും, 266 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടും. പദ്ധതി പ്രകാരം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലും ചികില്‍സ സൗകര്യം ലഭിക്കും. ജില്ലയില്‍ 16 ആശുപത്രികളിലാണ് ഇപ്പോള്‍ സൗജന്യ ചികില്‍സ ലഭിക്കുന്നത്.

അര്‍ഹരായ വിഭാഗങ്ങള്‍ ആരൊക്കെ?

എ.ഐ.ഐ വിഭാഗം (മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ്), മുന്‍ഗണനാ വിഭാഗം (പിങ്ക് നിറമുള്ള റേഷന്‍കാര്‍ഡ്), ഇവയില്‍ ഉള്‍പ്പെട്ട എല്ലാ കുടുംബങ്ങളും, പട്ടികജാതി പട്ടികവര്‍ഗ്ഗം എല്ലാ കുടുംബങ്ങളും പദ്ധതിയില്‍ ചേരാന്‍ അര്‍ഹരാണ്. കൂടാതെ മല്‍സ്യത്തൊഴിലാളികള്‍, തെരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍/പെന്‍ഷന്‍കാര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും ജോലി പൂര്‍ത്തിയാക്കിയവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, അങ്കണ്‍വാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, വഴിയോര കച്ചവടക്കാര്‍, ഓട്ടോ ്രൈഡവര്‍മാര്‍, അംഗപരിമിതന്‍, ആശ്രയ കുടുംബങ്ങള്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, പാറമടത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ എന്നിങ്ങനെ അറുപതോളം വിവിധ അര്‍ഹതാ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് വരുമാന പരിധിയൊന്നും ബാധകമാകാതെ തന്നെ പദ്ധതിയില്‍ ചേരാം . റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും പദ്ധതിയില്‍ ചേരാം. അതിനുള്ള അപേക്ഷാ ഫോറം അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Goevrnment, Notifications, Project, Peoples, Labours, Govt announcements.

Post a Comment