ശഫീഖ് കൈനോത്ത്
((MyKasargodVartha) മക്കളുടെ വിയോഗം മാതാപിതാക്കൾക്ക് അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വേദനാജനകമായ നഷ്ടമാണ്. പ്രകൃതി നിയമത്തിന് വിരുദ്ധമായി, മക്കൾ മുമ്പേ വിടപറഞ്ഞു പോകുന്നത് അവരുടെ മനസിനെ തകർക്കുന്ന അനുഭവമാണ്. അവരുടെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം തകിടം മറിയുന്നു. ഓരോ നിമിഷവും മകന്റെ അല്ലെങ്കിൽ മകളുടെ ഓർമ്മകളാൽ നിറയുന്നു. ഭക്ഷണം കഴിക്കാനും ഉറങ്ങാനും പോലും ഇഷ്ടമില്ലാതാകുന്നു.
വർഷങ്ങൾക്ക് മുൻപേ ഭർത്താവ് സ്വാലിഹ് ചെട്ടുംകുഴി അപ്രതീക്ഷിതമായി വിടവാങ്ങിയപ്പോൾ ചളിയങ്കോട്ടെ ആസിയയ്ക്ക് പിന്നെയുണ്ടായിരുന്ന സമാധാനവും ആശ്വാസവും രണ്ട് മക്കൾ മാത്രമായിരുന്നു. നല്ല പ്രായത്തിൽ തന്നെ ഒരുപാട് വിവാഹ ആലോചനകൾ വന്നിട്ടും തന്റെ മക്കളെ വിട്ട് വേറെയൊരു കല്യാണത്തിന് പോലും അവർ ചിന്തിച്ചിരുന്നില്ല. എന്റെ മക്കൾ ആരും ഇല്ലാത്തവർ ആയിപ്പോവുമെന്നുള്ള മാതൃവാത്സല്യം അതിന് അനുവദിച്ചില്ല.
അതുപോലെ തന്നെയായിരുന്നു പുന്നാര മകൻ സിദ്ദീഖിന് ഉമ്മയോടുള്ള സ്നേഹവും. അറിയാനാവുന്ന പ്രായം തൊട്ട് ഉപ്പയുടെ ലാളന ഇല്ലാതെ വളർന്ന സിദ്ദീഖിന് തന്റെ എല്ലാമെല്ലാം ഉമ്മയായിരുന്നു. ഉമ്മയ്ക്ക് എന്ത് ആഗ്രഹം മനസ്സിൽ ഉണ്ടോ അത് സിദ്ദീഖ് ഉടനടി നിറവേറ്റി കൊടുക്കും, അത് സിദ്ദീഖ് എവിടെ ആണെങ്കിൽ പോലും. ഒരു മിഠായി കഴിക്കണം എന്ന് തോന്നിയാൽ സിദ്ദീഖ് പിറ്റേ ദിവസം അത് നാട്ടിലെത്തിച്ചു കൊടുക്കും. ഇനി ഉമ്മയ്ക്ക് ചെറിയ ഒരു വല്ലായ്മ വന്നാൽ അന്നത്തേക്കുള്ള എല്ലാ ഭക്ഷണവും പുറത്ത് നിന്ന് സിദ്ദീഖ് എത്തിച്ചിരിക്കും.
ബൈക്ക് യാത്ര പേടിയായിരുന്ന ആസിയയ്ക്ക് സിദ്ദീഖിന്റെ സാന്നിധ്യത്തിൽ മീറ്ററുകൾ അകലെ പോവാനുണ്ടെങ്കിൽ പോലും ഉമ്മയെ നടക്കാൻ അനുവദിക്കാതെ ഒരു ഓട്ടോറിക്ഷ പിടിച്ചു കൊടുത്തിട്ടല്ലാതെ സിദ്ദീഖ് അയക്കാറില്ല.
സുഹൃദ് വലയം കൂടുതലുള്ള അനുജൻ അഫ്രീദിനെ ഉമ്മ ഇടയ്ക്ക് എന്തേലും കാര്യത്തിൽ വഴക്ക് പറയുമ്പോൾ സിദ്ദീഖ് ഉമ്മയോട് പറയുമായിരുന്നു,
'അപ്പീനെ (അഫ്രീദ്) എന്തും പറയണ്ട ഉമ്മ അവൻ ചെറുതല്ലെ, അവനിക്ക് ചെറുപ്പത്തിലേ ഞാനും ഉമ്മയും അല്ലാതെ വേറെ ആരുള്ളത് (അഫ്രീദിന്റെ ആറാം വയസിലാണ് ഉപ്പ മരണപ്പെട്ടത്), ഞാൻ അല്ലാതെ വേറെ ആര് എന്ത് കൊടുക്കാൻ'. അനുജനും സിദ്ദീഖിന് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.
ചെറിയ പ്രായത്തിൽ തന്നെ ഉമ്മയുടെ ആഗ്രഹം പോലെ സ്വന്തമായൊരു വീടും കഷ്ടപ്പെട്ടാണെങ്കിലും നിർമിക്കാൻ സിദ്ദീഖിനായി. വല്ലാത്ത സ്നേഹമായിരുന്നു മോന് ഉമ്മയോട്. ആസിയയുടെ നാവിൽ ഇന്നും കേൾക്കാം 'എന്റെ ബൗസുള്ള' മോനാണ് ഇവനെന്ന്. ആശിച്ചു മോഹിച്ചു ഉമ്മയ്ക്ക് വേണ്ടി പണിത ആ വീട്ടിൽ വെച്ച്, എടച്ചാക്കൈയിലെ ഫാത്തിമയെ നികാഹ് കഴിച്ച് ഒരു മാസം കഴിയുന്നതേയുള്ളൂ. നികാഹ് മാത്രമാണ് കഴിഞ്ഞത്, മറ്റ് ചടങ്ങുകളൊന്നും നടന്നിട്ടില്ല.
എല്ലാവരെയും വിളിച്ച് സൽകാരമൊക്കെ കൊടുത്ത് പൊന്ന് മോന്റെ മണവാട്ടിയെ, തന്റെ മരുമകളെ വീട്ടിൽ കൊണ്ട് വരുന്ന ആ ദിവസത്തിന്റെ കാത്തിരിപ്പിലായിരുന്നു ആ ഉമ്മ. പക്ഷെ, ഞായറാഴ്ച പുലർച്ചെ
കെ എസ് ടി പി റോഡിൽ കളനാട് ഓവർ ബ്രിഡ്‌ജിന് സമീപം ബുള്ളറ്റ് ബൈക്ക് മറിഞ്ഞു ആരുമറിയാതെ ജീവന് പിടഞ്ഞു ആ പൊന്നുമോൻ യാത്രയായെന്ന് ഉമ്മയ്ക്ക് എങ്ങനെ ഉൾക്കൊള്ളാനാവും? ജീവിതത്തിലേക്ക് കടന്നുവന്ന ഫാത്തിമയെയും കണ്ട് ദുബൈക്ക് പോവുമെന്ന് യാത്ര പറഞ്ഞിറങ്ങിയത് ഇതിനായിരുന്നോ? സ്നേഹം വാരിവിതറിയ ആസിയയ്ക്കും ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ട ഫാത്തിമയ്ക്കും സഹോദരൻ അഫ്രീദിനും വിങ്ങൽ മാത്രം.
Keywords: Article, Shafeeq Ahamed, Memories of siddeeque.