Join Whatsapp Group. Join now!

ഭെല്‍ ഇ എം എല്‍: സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: യൂത്ത് ലീഗ്

ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ എം എല്‍ കമ്പനിയുമായി News, Kerala, Government, LDF, Labour,
കാസര്‍കോട്:(my.kasargodvartha.com 23/10/2017) ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇ എം എല്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഭെല്‍ അധികൃതരും സര്‍ക്കാരും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

2011 മാര്‍ച്ച് 28 ന് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തുച്ചമായ വിലകണക്കാക്കി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന് കൈമാറിയ സംസ്ഥാന പൊതുമേഖസ്ഥാപനമായ കെല്ലിന്റെ ഏറ്റവും വലിയ വ്യവസായ യൂണിറ്റായിരുന്നു കാസര്‍കോട് കെല്‍ യൂണിറ്റ്.


കൈമാറ്റം തങ്ങളുടെ ഭരണ നേട്ടമായി ആഘോഷിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളി യൂണിയനുകളുമായോ, ജനപ്രതിനിധികളുമായോ യാതൊരുവിധ ചര്‍ച്ചകളും നടത്താതെ, തൊഴിലാളി താല്‍പര്യങ്ങളും, സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളും സംരക്ഷിക്കാതേയുമാണ് സ്ഥാപനം ഭെല്ലിന് കൈമാറിയത്. സ്ഥാപനം കയ്യൊഴിയുന്നതായി അറിയിച്ച് 2016 ആഗസ്റ്റ് മാസത്തില്‍ കേന്ദ്രം കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

കേരള സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലെങ്കില്‍ സ്വകാര്യ മേഖലക്ക് സ്ഥാപനം കൈമാറുമെന്നറിയിച്ച് നാല് കത്തുകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും നടപടികളെടുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി സംഘടനകളുടെ ശക്തമായ പ്രക്ഷോഭത്തിന്റെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും, ജനപ്രതിനിധികളുടെയും ഇടപെടലുകളുടെയും ഭാഗമായി 2017 ജൂണ്‍ പന്ത്രണ്ടിന് സ്ഥാപനം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും കൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയോ, യൂണിയനുകളുമായോ, ഭെല്‍ അധികൃതരുമായോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. പ്രവര്‍ത്തന മൂലധനമില്ലാതെ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനത്തിന് സാമ്പത്തിക സഹായം നല്‍കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

സ്ഥാപനത്തെയും, ജീവനക്കാരെയും സംരക്ഷിക്കുവാനും, വാഗ്ദാനങ്ങള്‍ പാലിക്കുവാനും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനാസ്ഥ തുടരുന്ന പക്ഷം ജില്ലയിലെ തൊഴിലില്ലാത്ത യുവാക്കളുടെ ഏകപ്രതീക്ഷയായ വ്യവസായ സ്ഥാപനം സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടി.ഡി കബീര്‍, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, ഹാരിസ് തൊട്ടി, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Government, LDF, Labour, Youth league on BHEL Electrical Machines Ltd

Post a Comment