● സമഗ്ര വികസന ആവശ്യങ്ങളടങ്ങിയ നിവേദനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം മന്ത്രിക്ക് നേരിട്ട് കൈമാറി
● അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാ ഉന്നതികളാക്കി ഇവയെ മാറ്റുകയെന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം
വെള്ളരിക്കുണ്ട്: (MyKasargodVartha) ബളാൽ പഞ്ചായത്തിലെ ഉന്നതികളുടെ ഉന്നമനത്തിനായി പ്രത്യേക പാക്കേജുകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഇത് സംബന്ധിച്ച വിശദമായ നിവേദനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം മന്ത്രിക്ക് നേരിട്ട് കൈമാറി. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന പഞ്ചായത്താണ് ബളാൽ.
ലക്ഷ്യമിടുന്നത് സമഗ്ര വികസനം
പഞ്ചായത്തിലെ 17 വാർഡുകളിലായി 93 ഉന്നതികളിൽ 7,000 പേരാണ് ഉള്ളത്. കുന്നിൻചെരുവുകളിലും മലഞ്ചെരുവുകളിലും കഴിയുന്ന ഇവരുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് പഞ്ചായത്തിൻ്റെ ലക്ഷ്യം.
ഉന്നതികളിലേക്ക് റോഡ്, കുടിവെള്ള സൗകര്യം, വീട്, കമ്യൂണിറ്റി സെൻ്ററുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സർവീസുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിനൊപ്പം ഇവരുടെ തനത് നാടൻ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും കായികക്ഷമത പരിപോഷിപ്പിക്കാനും വേണ്ടിയുള്ള പദ്ധതികളാണ് പഞ്ചായത്ത് പ്രത്യേക പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
മാതൃകാ ഉന്നതികളാക്കി മാറ്റും
പദ്ധതി വരുന്ന മുറയ്ക്ക് ഓരോ വാർഡ് മെമ്പറുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ വികസനം നടപ്പാക്കും. കൂടാതെ ഉദ്യോഗസ്ഥതലത്തിലുള്ളവരും ഇതിന് നേതൃത്വം നൽകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഉന്നതികൾ എന്ന ബഹുമതി സ്വന്തമാക്കുകയെന്ന ലക്ഷ്യവും ഭരണസമിതി ഇതിലൂടെ മുന്നോട്ടുവെക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങൾ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചപ്പോൾ അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതായി വൈസ് പ്രസിഡൻ്റ് രാജു കട്ടക്കയം പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Balal Panchayat in Kasaragod sought a special package from the minister to develop its 93 SC/ST 'Unnathis' into model settlements within five years.
#KasargodVartha #BalalPanchayat #KasaragodNews #UnnathiDevelopment #KeralaNews #TribalWelfare #RajuKattakkayam #AparnaNews

