● പകർച്ചപ്പനി കാലത്ത് സൗകര്യമില്ലായ്മ നൂറുകണക്കിന് രോഗികൾക്ക് ദുരിതമായിരുന്നു.
● 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉപയോഗിച്ചാണ് നിർമ്മാണം.
● ആദ്യഗഡുവായ 1.09 കോടി രൂപ അനുവദിച്ചു കഴിഞ്ഞു.
കുമ്പള: (MyKasargodVartha) പകർച്ചപ്പനിയും രോഗവ്യാപനവും കാരണം ആശുപത്രികൾ നിറഞ്ഞു കവിയുമ്പോൾ, മതിയായ സൗകര്യങ്ങളില്ലാതെ നൂറുകണക്കിന് രോഗികൾക്ക് ദുരിതമായിരുന്ന കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് ഒടുവിൽ ആശ്വാസ വാർത്തയെത്തി.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കുമ്പള സിഎച്ച്‌സിയിൽ ചികിത്സ തേടി എത്തുന്ന നൂറുകണക്കിന് രോഗികൾ ഏറെ പ്രയാസപ്പെട്ടിരുന്നു. തീരദേശ മേഖലയിലുള്ള ഈ സർക്കാർ ആശുപത്രിയിൽ ദിവസേന അഞ്ഞൂറോളം രോഗികളാണ് ചികിത്സ തേടി എത്തിയിരുന്നത്.
ചോർന്നൊലിച്ചിരുന്ന ഓടുമേഞ്ഞ കെട്ടിടം ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രി അധികൃതർ ഒഴിവാക്കിയതോടെയാണ് അടിസ്ഥാന സൗകര്യമില്ലാതെ രോഗികളും ആശുപത്രി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയത്. ഇതിന് പരിഹാരമെന്നോണം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫിൽ നിന്ന് ആശ്വാസവാർത്തയെത്തി.
സർക്കാറിൻ്റെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഉപയോഗിച്ച് കുമ്പള ഗവൺമെൻ്റ് ആശുപത്രിക്ക് 4.36 കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതായി എംഎൽഎ അറിയിച്ചു.
ഇതിൻ്റെ ആദ്യഗഡുവായ 1.09 കോടി രൂപ അനുവദിച്ചു കിട്ടിയതായും ടെൻഡർ നടപടികൾ താമസിയാതെ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുമെന്നും എ കെ എം അഷ്റഫ് കഴിഞ്ഞ ദിവസം അറിയിച്ചു.
അപകടാവസ്ഥയിലുള്ളതും ഉപയോഗശൂന്യമായതുമായ കെട്ടിടങ്ങൾ ഉടൻ പൊളിച്ചുനീക്കാൻ സർക്കാർ നേരത്തെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർനടപടികൾ ഒന്നും ഉണ്ടായിരുന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരണപ്പെട്ട സാഹചര്യത്തിലായിരുന്നു സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിൻ്റെ ഈ പ്രഖ്യാപനം ഉണ്ടായത്.
ഇതേത്തുടർന്നാണ് കുമ്പള സിഎച്ച്‌സിയിലെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് രോഗികളെയും പരിശോധനാ വിഭാഗത്തെയും ഫാർമസിയും മാറ്റി സ്ഥാപിച്ചത്. ഗുരുതരമായ ബലക്ഷയം കണ്ടെത്തിയ കെട്ടിടമായിരുന്നു കുമ്പളയിലേത്.
കുമ്പള സിഎച്ച്‌സി കെട്ടിടത്തിന് 65 വർഷത്തെ പഴക്കമുണ്ട്. ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായി ഫണ്ട് അനുവദിക്കണമെന്ന് വർഷങ്ങളായി നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നതാണ്.
കെട്ടിട നിർമ്മാണം സർക്കാറിൻ്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും കാലതാമസം നേരിടുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉണ്ടായിരുന്നു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലാണ് കുമ്പള സിഎച്ച്‌സി പ്രവർത്തിച്ചിരുന്നത്.
Article Summary: Kumbla Community Health Centre, operating in a 65-year-old dilapidated building, receives approval for a new building worth $4.36 crore under the 15th Finance Commission Grant. Manjeshwaram MLA AKM Ashraf announced the sanction of the first installment, bringing relief to hundreds of patients in the coastal area.
Keywords: Kumbla CHC building news, Kasaragod health news, AKM Ashraf MLA news, Manjeshwaram constituency news, Kerala government hospital news, Kumbla development news, 15th Finance Commission grant news, Kumbla community health center news
#KumblaCHC #Kasaragod #KeralaHealth #AKMAshraf #NewHospital #Manjeshwaram
